ജോലി വാഗ്ദാനം ചെയ്ത് ദുബായില്‍ എത്തിക്കും; ശേഷം പെണ്‍വാണിഭത്തിന് കളമൊരുക്കും; ഇരയായത് സിനിമ-സീരിയല്‍ നടിമാരടക്കം; ക്ലബ് ഉടമയായ മലയാളി അറസ്റ്റില്‍
- Share
- Tweet
- Telegram
- LinkedIniiiii
ചെന്നൈ: ദുബായില്‍ സ്ത്രീകളെ എത്തിച്ചു പെണ്‍വാണിഭം നടത്തിവന്ന മലയാളി അറസ്റ്റി. മലപ്പുറം സ്വദേശി മുസ്തഫ പുത്തന്‍കോട്ട്(56) ആണ് അറസ്റ്റിലായത്. ജോലി വാഗ്ദാനംചെയ്ത് തമിഴ് യുവതികളെയാണ് ഇയാള്‍ കൂടുതല്‍ ഇരയാക്കിയത്. തമിഴ്നാട് സ്വദേശിനിയുടെ പരാതിയില്‍ അറസ്റ്റിലായ ഇയാളെ ഗുണ്ടാനിയമം ചുമത്തി ജലിലില്‍ അടച്ചു. സിനിമ, സീരിയല്‍ നടിമാര്‍ ഉള്‍പ്പെടെ 50-ഓളംപേര്‍ ഇവരുടെ വലയില്‍ക്കുരുങ്ങിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
ദുബായില്‍ ദില്‍റുബ എന്നപേരില്‍ ക്ലബ്ബ് നടത്തുന്ന ആളാണ് മുസ്തഫ. കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് അറസ്റ്റുചെയ്ത് ചെന്നൈയിലെത്തിച്ചത്. ചെന്നൈ പോലീസ് കമ്മിഷണര്‍ എ. അരുണിന്റെ ഉത്തരവുപ്രകാരം ഇയാളെ ഗുണ്ടാനിയമംചുമത്തി തടങ്കലിലിട്ടു. ദുബായില്‍നിന്നു രക്ഷപ്പെട്ട് ചെന്നൈയിലെത്തിയ യുവതി നല്കിയ പരാതിയില്‍ തമിഴ്നാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍വാണിഭസംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്.
സംഘത്തിന്റെ ഇടനിലക്കാരായ മടിപ്പാക്കം സ്വദേശി എം. പ്രകാശ് രാജ് (24), തെങ്കാശി സ്വദേശി കെ. ജയകുമാര്‍ (40), തൊരൈപ്പാക്കം സ്വദേശി എ. ആഫിയ (24) എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. ഇവരില്‍നിന്നു കിട്ടിയ വിവരമനുസരിച്ചാണ് മുസ്തഫയ്ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ഗള്‍ഫ് രാജ്യങ്ങളില്‍ ഹോട്ടലുകളില്‍ ജോലി വാഗ്ദാനംചെയ്തും നൃത്തപരിപാടിക്ക് വന്‍തുക പ്രതിഫലം വാഗ്ദാനംചെയ്തുമാണ് ഇവര്‍ പെണ്‍കുട്ടികളെ കടത്തുന്നത്. ദുബായിലെത്തുന്നവര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ക്ലബ്ബുകളില്‍ അശ്ലീലനൃത്തം ചെയ്യുന്ന ജോലിയാണ് ലഭിക്കുക. ചിലരെ ലൈംഗികത്തൊഴിലിലേക്കു വിടും.
ആറുമാസവിസയില്‍ ആഴ്ചതോറും നാലുപേരെവീതം ഇവര്‍ ദുബായിലെത്തിച്ചിരുന്നു എന്നാണ് വിവരം. ഇവരുടെ വലയില്‍ക്കുടുങ്ങി നൃത്തപരിപാടിക്കെന്നു പറഞ്ഞ് പോയവരില്‍ സിനിമകളിലെ ജൂനിയര്‍ നടിമാരും അറിയപ്പെടുന്ന ടെലിവിഷന്‍ താരങ്ങളുമുണ്ടെന്ന് പോലീസ് പറയുന്നു. നേരത്തേ കരാറില്‍ ഒപ്പിടുന്നതിനാല്‍ ഇടയ്ക്കുവെച്ച് തിരിച്ചുപോരാന്‍ കഴിയില്ല. സംഘത്തിന്റെ മനുഷ്യക്കടത്തു സംബന്ധിച്ച് എന്‍.ഐ.എ.യും അന്വേഷണം തുടങ്ങിയതായാണ് വിവരം.