- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഷെഡ്ഡില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്നയാളുടെ മൃതദേഹം തെരുവുനായ തിന്ന നിലയില്‍; ദിവസങ്ങളോളം പഴക്കമുള്ള മൃതൃദേഹത്തില്‍ ശേഷിച്ചത് അസ്ഥികൂടം മാത്രം; ശാരീരിക അവശതകളുള്ള രാധാകൃഷ്ണപിള്ള അവിവാഹിതന്; വര്‍ഷങ്ങളായി ഒറ്റയ്ക്കാണ് താമസിക്കുന്ന പിള്ളയെ നാട്ടുകാരും അന്വേഷിക്കാറില്ല
ഷെട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്നയാളുടെ മൃതദേഹം തെരുവുനായ തിന്ന നിലയില്‍
ശാസ്താംകോട്ട: ശാസ്താംകോട്ടയില്‍ അടച്ചുറപ്പില്ലാത്ത ഷെഡ്ഡില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്നയാളെ മരിച്ചനിലയില്‍ കണ്ടെത്തി. ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹത്തിന്റെ ഏറിയഭാഗവും തെരുവുനായ്ക്കള്‍ തിന്നനിലയിലായിരുന്നു. മൈനാഗപ്പള്ളി സോമവിലാസം ചന്തയ്ക്കു സമീപം അഞ്ചുവിള കിഴക്കതില്‍ രാധാകൃഷ്ണപിള്ള(55)യുടെ മൃതദേഹമാണ് വീട്ടിനുള്ളില്‍ കാണപ്പെട്ടത്.
അസ്ഥികൂടംമാത്രം ശേഷിച്ചനിലയിലായിരുന്നു. ബുധനാഴ്ച ഉച്ചയോടെ സമീപവാസി പരിസരം വൃത്തിയാക്കുന്നതിനിടെ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഴുകിയ മൃതദേഹം കണ്ടത്. സമീപത്ത് തെരുവുനായ്ക്കളും ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. വിവരമറിഞ്ഞ് ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
ഫൊറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. നടപടികള്‍ പൂര്‍ത്തിയാക്കി ശേഷിച്ച ശരീരഭാഗങ്ങള്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു.പിന്നീട് വ്യാഴാഴ്ച പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി സംസ്‌കാരം നടത്തി. ശാരീരിക അവശതകളുള്ള രാധാകൃഷ്ണപിള്ള അവിവാഹിതനാണ്. വര്‍ഷങ്ങളായി ഒറ്റയ്ക്കാണ് താമസം. ഇടയ്ക്ക് ഒന്നും രണ്ടും മാസം വീട്ടില്‍നിന്നു മാറി ആശുപത്രികളിലും മറ്റുമായി കഴിയുന്ന സ്വഭാവമുണ്ടായിരുന്നു. അതിനാല്‍ പുറത്ത് കാണാതിരുന്നാലും അന്വേഷിക്കാറില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു.
ക്ഷയരോഗത്തിന് ചികിത്സയിലായിരുന്നു രാധാകൃഷ്ണ പിള്ള. അവിവാഹിതനായ രാധാകൃഷ്ണ പിള്ള കുടുംബ വീട് സ്ഥിതി ചെയ്യുന്നതിനും ഏറെ പിറകില്‍ കാടുപിടിച്ചു കിടക്കുന്ന ഭാഗത്താണ് കഴിഞ്ഞു വന്നത്. മൂത്ത സഹോദരന്‍ മരണപ്പെട്ടതോടെ കുടുംബവീട് പൂട്ടി സഹോദര ഭാര്യ വിദേശത്ത് മക്കളുടെ അടുത്തേക്ക് പോയിരുന്നു. ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ തിരിച്ചില്‍നടത്തുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
കുടുംബക്ഷേത്രത്തില്‍ വിളക്ക് വയ്ക്കുന്നതും പൂജാകര്‍മ്മങ്ങള്‍ ചെയ്യുന്നതും ഇദ്ദേഹമായിരുന്നു.ഇതിലൂടെ ലഭിക്കുന്ന തുഛമായ വരുമാനമായിരുന്നു ഏകാശ്രയം. മരണമറിഞ്ഞ് എത്തിയവര്‍ക്ക് ചെറിയ കൂരയില്‍ ആഹാരസാധങ്ങള്‍ ഒന്നും തന്നെ കാണാന്‍ കഴിഞ്ഞില്ല.കണ്ടത് മുഷിഞ്ഞ കുറച്ച് വസ്ത്രങ്ങള്‍ മാത്രമായിരുന്നു.