കൊച്ചി: കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കഴുത്തുമുറുക്കി കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു. കാക്കനാട് മനക്കക്കടവ് സ്വദേശി സജിതയ്ക്ക് (39) സെഷന്‍സ് കോടതി വിധിച്ച ശിക്ഷയാണ് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ശരിവെച്ചത്.

സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ ശിക്ഷ വിധിച്ച വിചാരണക്കോടതി ഉത്തരവില്‍ ഇടപെടാന്‍ കാരണങ്ങള്‍ ഇല്ലെന്ന് വിലയിരുത്തിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സെഷന്‍സ് കോടതി ഉത്തരവിനെതിരേ സജിത നല്‍കിയ അപ്പീല്‍ തള്ളുകയും ചെയ്തു.

അതേസമയം, കൊലപാതകവുമായി നേരിട്ടു ബന്ധിപ്പിക്കുന്ന തെളിവുകളില്ലാത്തതിനാല്‍ രണ്ടാം പ്രതിയും യുവതിയുടെ കാമുകനുമായിരുന്ന പാമ്പാടി സ്വദേശി ടിസണ്‍ കുരുവിളയെ (40) വെറുതേ വിട്ടത് ചോദ്യംചെയ്യുന്ന സര്‍ക്കാരിന്റെ

അപ്പീലും കോടതി തള്ളുകയുണ്ടായി. 2011 ഡിസംബര്‍ 23-ന് പുലര്‍ച്ചെയാണ് സജിതയുടെ ഭര്‍ത്താവ് കൊച്ചേരി പോള്‍ വര്‍ഗീസിനെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്വേഷണത്തില്‍ കഴുത്തില്‍ മുറുക്കിയും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി.

തൃക്കാക്കര പോലീസ് അന്വേഷണം നടത്തിയ കേസില്‍ സജിത ഒന്നാം പ്രതിയും ടിസണ്‍ രണ്ടാം പ്രതിയുമായിരുന്നു. ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സമഗ്രമായ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതി പ്രതിയെ ശിക്ഷിച്ചതെന്ന് ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. മരണം കൊലപാതകമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അടക്കം വ്യക്തമാക്കുന്നുണ്ട്.

സംഭവസമയത്ത് ഹര്‍ജിക്കാരി മുറിയിലുണ്ടായിരുന്നു എന്നതും നിഷേധിക്കുന്നില്ല. തുടര്‍ന്നാണ് ജീവപര്യന്തം ശിക്ഷ ശരിവെച്ചത്. എന്നാല്‍, രണ്ടാം പ്രതിയുടെ കാര്യത്തില്‍ കുറ്റകൃത്യത്തിലുള്ള പങ്ക് തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നും ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. പ്രോസിക്യൂഷനുവേണ്ടി സീനിയര്‍ ഗവ. പ്ലീഡര്‍ ടി.ആര്‍. രഞ്ജിത് ഹാജരായി.

മക്കളെ മറ്റൊരു മുറിയില്‍ ഉറക്കിക്കിടത്തിയ ശേഷം ഭര്‍ത്താവിന് ഭക്ഷണത്തില്‍ ഉറക്ക ഗുളിക നല്‍കി കൊലപ്പെടുത്താനായിരുന്നു പദ്ധതി. എന്നാല്‍ പരിധിയില്‍ കൂടുതല്‍ മരുന്ന് അകത്തു ചെല്ലാതിരുന്നതിനാല്‍ പോള്‍ വര്‍ഗീസ് മരിച്ചില്ല. ഇതു കണ്ട് കാമുകനൊപ്പം ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയാണ് ഉണ്ടായത്. കഴുത്തില്‍ തോര്‍ത്തിട്ട് മുറുക്കുകയും മുഖത്ത് തലയിണ അമര്‍ത്തുകയും മറ്റും ചെയ്താണ് മരണം ഉറപ്പു വരുത്തിയത്. തുടര്‍ന്ന് കാമുകനെ പറഞ്ഞു വിടുകയും ഭര്‍ത്താവ് തൂങ്ങി മരിച്ചെന്നു പറഞ്ഞ് ബന്ധുക്കളെ വിളിച്ചു കൂട്ടുകയുമായിരുന്നു.

ഭര്‍ത്താവിന്റെ ബന്ധുവായ യുവതിക്ക് കല്യാണം ആലോചിച്ച് പരസ്യം നല്‍കിയതിനെ തുടര്‍ന്നുണ്ടായ സൗഹൃദമാണ് സജിതയും ടിസണും തമ്മിലുള്ള പ്രണയത്തിലേയ്ക്ക് വഴിമാറിയത്. യുകെയില്‍ ജോലി ചെയ്യുകയായിരുന്ന ടിസണ്‍ തുടര്‍ച്ചയായി സജിതയുമായി ഫോണില്‍ ബന്ധപ്പെടുമായിരുന്നു. അടുപ്പം പ്രണയത്തിനു വഴിമാറിയതോടെ ടിസണ്‍ കുരുവിളയ്‌ക്കൊപ്പം ജീവിക്കണമെന്നായി സജിതയ്ക്ക്. എന്നാല്‍ മക്കളെ ഒഴിവാക്കാനും പറ്റില്ല.

തന്നോടൊപ്പം യുകെയ്ക്ക് പോരാനായിരുന്നു ടിസന്‍ സജിതയോടു പറഞ്ഞിരുന്നത്. എന്നാല്‍ മക്കളെയും കാമുകനെയും സ്വന്തമാക്കാനുള്ള ഏക വഴി ഭര്‍ത്താവിനെ കൊല്ലുകയാണ് എന്നു വിശ്വസിച്ചാണ് അവര്‍ കടുംകൈക്ക് മുതിര്‍ന്നത്. എല്ലാം കഴിഞ്ഞാല്‍ കാമുകനൊപ്പം യുകെയ്ക്ക് കടക്കാനായിരുന്നു പദ്ധതി. ടിസന്‍ നാട്ടിലുള്ളപ്പോള്‍ തന്നെ അതിനുള്ള സാഹചര്യം അവരുണ്ടാക്കി. തുടര്‍ന്നാണ് അമിത അളവില്‍ മയക്കു മരുന്നു കൊടുത്ത് ഭര്‍ത്താവിനെ ഉറക്കിക്കിടത്തിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.