മാഞ്ചെസ്റ്റര്‍: ബ്രിട്ടനെ നടുക്കി ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ ഭീകരാക്രമണം. തീവ്രവാദി അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു. ജൂത സിനഗോഗിന് മുന്നിലെ ജനക്കൂട്ടത്തിന് നേരെ കാറോടിച്ച് കയറ്റുകയായിരുന്നു. ജൂത കലണ്ടറിലെ പുണ്യദിനത്തിലാണ് ആക്രമണം. മാഞ്ചസ്റ്ററിലെ പ്രശസ്തമായ ഹീറ്റണ്‍ പാര്‍ക്ക് ഹീബ്രു കോണ്‍ഗ്രിഗേഷന്‍ സിനഗോഗിലാണ് ആക്രമണമുണ്ടായത്. സിനഗോഗിന് പുറത്ത് നിന്നിരുന്ന മൂന്ന് പേരെ അക്രമി കുത്തിപരുക്കേല്‍പ്പിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്.

പ്രതിയെ പോലീസ് വെടിവച്ചു കൊന്നു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നതായി പൊലീസ് അറിയിച്ചു. മിഡില്‍ടണ്‍ റോഡിലെ ഹീബ്രു കോണ്‍ഗ്രിഷേഷന്‍ സിനഗോഗിലാണ് ആക്രമണമുണ്ടായത്. രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. പ്രതിയെ സംഭവസ്ഥലത്തു തന്നെ പൊലീസ് വെടിവെച്ചു കൊന്നതായി അധികൃതര്‍ അറിയിച്ചു.

അക്രമി അമിതവേഗതയില്‍ ജനക്കൂട്ടത്തിലേക്ക് കാറോടിച്ച് എത്തുകയും തുടര്‍ന്ന് കാറില്‍നിന്നിറങ്ങി ആളുകളെ കുത്തുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ അക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ശ്രുശൂഷ നല്‍കി ആശുപത്രിയിലേക്ക് മാറ്റിയതായി മാഞ്ചസ്റ്റര്‍ പൊലീസ് വ്യക്തമാക്കി.




സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും വിഷയം ഗൗരവകരമായാണ് കാണുന്നതെന്നും പൊലീസ് പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഡെന്മാര്‍ക്കിലേക്കുള്ള യാത്ര മാറ്റിവെച്ചു. ബ്രിട്ടീഷ് സമയം 9.30നാണ് സംഭവം. അക്രമി ശരീരത്തില്‍ ബോംബ് കെട്ടിവെച്ചിരുന്നതായി പൊലീസ് പറഞ്ഞു. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

ആക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍, താന്‍ ഞെട്ടിപ്പോയി എന്നും യുകെയിലുടനീളമുള്ള സിനഗോഗുകളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും പറഞ്ഞു. ''ജൂത കലണ്ടറിലെ ഏറ്റവും പുണ്യദിനമായ യോം കിപ്പൂരിലാണ് ഇത് സംഭവിച്ചത് എന്നത് അതിനെ കൂടുതല്‍ ഭയാനകമാക്കുന്നു'' എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ജൂത സമൂഹത്തെ സംരക്ഷിക്കുന്നതിനായി എല്ലാവിധകാര്യങ്ങളും ചെയ്യുമെന്ന് അദ്ദേഹം പ്രതികരിച്ചു.