- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സാമ്പത്തിക ഇടപാട് തര്‍ക്കമോ, ബ്ലേഡ് മാഫിയ ഭീഷണിയോ? മഞ്ചേശ്വരത്ത് ജീവനൊടുക്കിയ അദ്ധ്യാപികയെ കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ എത്തിയ രണ്ടുസ്ത്രീകള്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു; ശ്വേതയുടെയും അജിത്തിന്റെയും മരണകാരണം കടബാധ്യത എന്ന പ്രാഥമിക നിഗമനത്തിലെത്തി പൊലീസ്
മഞ്ചേശ്വരത്ത് ജീവനൊടുക്കിയ അദ്ധ്യാപികയെ രണ്ടുസ്ത്രീകള്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു
കാസര്‍കോട്: മഞ്ചേശ്വരത്ത് അധ്യാപികയും ഭര്‍ത്താവും വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപികയെ രണ്ട് സ്ത്രീകള്‍ മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. സ്‌കൂട്ടറില്‍ എത്തിയവരാണ് ഇവരെ മര്‍ദിച്ചത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണോ മര്‍ദ്ദനത്തിന് കാരണമെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കടമ്പാറില്‍ താമസിക്കുന്ന പെയിന്റിംഗ് തൊഴിലാളിയായ അജിത്തും സ്വകാര്യ സ്‌കൂളിലെ അധ്യാപികയായ ശ്വേതയും വിഷം കഴിച്ച് മരിച്ചത്. കടബാധ്യതയാണ് മരണകാരണമെന്ന് പോലീസ് പ്രാഥമിക നിഗമനത്തിലെത്തിയിരുന്നു. രണ്ട് വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. അടുത്തിടെ കുടുംബപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ദമ്പതികള്‍ തമ്മില്‍ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്ന് പരിസരവാസികള്‍ പോലീസിനോട് പറഞ്ഞിരുന്നു. തിങ്കളാഴ്ച രാവിലെയും ഇവര്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടായതായും ഇതിന് പിന്നാലെയാണ് ഇരുവരും വിഷം കഴിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തിങ്കളാഴ്ച ജോലി കഴിഞ്ഞ് നേരത്തെ വീട്ടിലെത്തിയ ശ്വേതയും അജിത്തും തങ്ങളുടെ മൂന്ന് വയസ്സുള്ള മകനെയും കൂട്ടി ബന്തിയോട്ടുള്ള സഹോദരിയുടെ വീട്ടിലെത്തിയിരുന്നു. ഒരു സ്ഥലത്തേക്ക് പോകാനുണ്ടെന്നും മകനെ അതുവരെ നോക്കണമെന്നും പറഞ്ഞ് മടങ്ങിയ ശേഷം വീട്ടില്‍ തിരിച്ചെത്തിയ ഇവരെ വൈകുന്നേരത്തോടെ വീട്ടുമുറ്റത്ത് വീണു കിടക്കുന്ന നിലയിലാണ് പരിസരവാസികള്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ മഞ്ചേശ്വരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചയോടെ ഇരുവരും മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് അന്വേഷണം തുടരുകയാണ്. പുറത്തുവന്നിട്ടുള്ള ദൃശ്യങ്ങളും ഇതിലെ വ്യക്തികളും തമ്മില്‍ ദമ്പതികള്‍ക്ക് ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിക്കും.
ബ്ലേഡ് മാഫിയാ സംഘത്തിന്റെ നിരന്തരമായ ഭീഷണിയാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അടുത്തിടെ ബ്ലേഡ് മാഫിയാ സംഘാംഗങ്ങളായ സ്ത്രീകള്‍ ദമ്പതികളുടെ വീട്ടിലെത്തിയതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറകളില്‍ നിന്ന് കണ്ടെടുത്തിരുന്നു. അയല്‍വാസികളും ഇവര്‍ക്ക് ഭീഷണിയുണ്ടായിരുന്നതായി സ്ഥിരീകരിക്കുന്നു. വീട്ടിലെത്തിയവരെക്കുറിച്ചും ഫോണിലേക്ക് വന്ന കോളുകളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് മഞ്ചേശ്വരം പോലീസ് അറിയിച്ചു.