മഞ്ചേരി: മങ്കട കൂട്ടില്‍ സദാചാര മര്‍ദ്ദനമേറ്റ് യുവാവ് കൊല്ലപ്പെട്ട കേസില്‍ അഞ്ച് പ്രതികള്‍്ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. മഞ്ചേരി ഒന്നാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി എം.തുഷാര്‍ ആണ് ശിക്ഷ വിധിച്ചത്. ഒന്ന് മുതല്‍ അഞ്ച് വരെ പ്രതികളായ മങ്കട കൂട്ടില്‍ സ്വദേശികളായ നായകത്ത് അബ്ദുല്‍ നാസര്‍ (40), സഹോദരന്‍ ഷറഫുദ്ദീന്‍ (33), പട്ടിക്കുത്ത് മുഹമ്മദ് സുഹൈല്‍ (34), പട്ടിക്കുത്ത് അബ്ദുല്‍ ഗഫൂര്‍ (52), പട്ടിക്കുത്ത് സക്കീര്‍ ഹുസൈന്‍ (43) എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

ആറ് മുതല്‍ എട്ട് വരെ പ്രതികളായ ചെണ്ണേക്കുന്നന്‍ ഷഫീഖ് (34), മുക്കില്‍ പീടിക പറമ്പാട്ട് മന്‍സൂര്‍ (34), അമ്പലപ്പള്ളി അബ്ദുല്‍ നാസര്‍(35) എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടിരുന്നു. കൊലപാതകം, ന്യായവിരുദ്ധമായി സംഘം ചേരല്‍, സംഘം ചേര്‍ന്ന് കലാപം നടത്തല്‍, ന്യായവിരുദ്ധമായി സംഘം ചേര്‍ന്ന് മാരകായുധങ്ങളുമായി അക്രമിക്കല്‍, വീട്ടിലേക്ക് അത്രിക്രമിച്ച് കയറല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞത്.

മൂന്നും അഞ്ചും പ്രതികളായ സുഹൈല്‍, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ക്കെതിരെ തെളിവ് നശിപ്പിക്കല്‍ വകുപ്പും തെളിഞ്ഞു. 2016 ജൂണ്‍ 28ന് പുലര്‍ച്ച മൂന്നരക്കാണ് കേസിന്നാസ്പദമായ സംഭവം. പ്രദേശത്തെ ഒരു വീട്ടിലേക്കെത്തിയ മങ്കട സ്വദേശിയായ കൂട്ടില്‍ കുന്നശ്ശേരി നസീര്‍ ഹുസൈനെ (40) അനാശാസ്യത്തിന് പോയി എന്നാരോപിച്ച് വടി, പട്ടിക വടികള്‍ എന്നിവ കൊണ്ട് സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

70 സാക്ഷികളുള്ള കേസില്‍ 39 പേരെ വിസ്തരിച്ചു. 123 രേഖകളും 22 തെളിവുകളും ഹാജരാക്കി. പെരിന്തല്‍മണ്ണ സി.ഐമാരായിരുന്ന സിദ്ധീഖ്, സാജു കെ.എബ്രഹാം എന്നിവരാണ് കേസ് അന്വേഷിച്ചത്. 2024 ഒക്ടോബര്‍ 24നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.പി.ജി മാത്യു ഹാജരായി.