കൊച്ചി: വിവാഹ തട്ടിപ്പുകള്‍ പലവിധത്തില്‍ നടക്കുന്ന നാടാണ് കേരളം. വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടികളെ ചതിയില്‍ വീഴ്ത്തുന്ന സംഭവങ്ങള്‍ നിരന്തരമായി നടന്നുവരുന്നു. ഇതിനെതിരായ ജാഗ്രതാ നിര്‍ദേശങ്ങളെല്ലാം വെറുതേയാകുന്നതാണ് പതിവ് കാഴ്ച്ച. ഉന്നത ഉദ്യോഗസ്ഥനെന്ന സ്വയം നടിച്ച് കെണിയൊരുക്കുന്നതാണ് തട്ടിപ്പുകാരുടെ സ്ഥിരം ശൈലി.

ഐപിഎസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വിവാഹവാഗ്ദാനം നല്‍കി യുവതിയുടെ പണവും വാഹനവും തട്ടിയെടുത്തയാള്‍ കൊച്ചിയില്‍ പിടിയലായി. മലപ്പുറം സ്വദേശി വിപിന്‍ കാര്‍ത്തികിനെയാണ് കളമശേരി പൊലീസ് ഇടപ്പള്ളിയിലെ മാളില്‍ നിന്ന് പിടികൂടിയത്. ഇയാള്‍ സ്ഥിരം തട്ടിപ്പുകാരനാണ്. ബെംഗളൂരില്‍ കൊടുങ്ങോടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിപിന്‍ പിടിയിലായത്.

മലപ്പുറം ചേലേമ്പ്ര സ്വദേശിയായ വിപിന്‍ കാര്‍ത്തിക്കിനെതിരെ മലയാളി യുവതിയാണ് കൊടുങ്ങോടി പൊലീസില്‍ പരാതി നല്‍കിയത്. ഐപിഎസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് യുവതിയുമായി സൗഹൃദത്തിലായ വിപിന്‍ വിവാഹവാഗ്ദാനം നല്‍കി. ഇതിനിടെ യുവതിയുടെ വാഹനങ്ങളും പണവും ഇയാള്‍ സ്വന്തമാക്കി. ഇതോടെ പതിയെ തടിയെടുക്കാനാണ് വിപിന്‍ ശ്രമിച്ചത്. ഒടുവില്‍ തനിക്ക് കാന്‍സറാണെന്ന് യുവതിയെ പറഞ്ഞു വിശ്വസിച്ച് ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ ശ്രമിച്ചു. ഇതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്.

സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഒരു ഡസനിലേറെ തട്ടിപ്പ് കേസുകളില്‍ പ്രതിയാണ് കാര്‍ത്തിക് വേണുഗോപാലെന്ന വിപിന്‍ കാര്‍ത്തിക്. നിരവധി പെണ്‍കുട്ടികള്‍ വിപിന്റെ തട്ടിപ്പിനിരയായി. ഐപിഎസ് ഉദ്യോഗസ്ഥനെന്ന വ്യാജേന യുവതികളുമായി വിപിന്‍ സൗഹൃദത്തിലാകും. പിന്നീട് പ്രണയം നടിക്കും. ഒടുവില്‍ വിവാഹവാഗ്ദാനം. ഈ സമയംകൊണ്ട് വിവിധ കാരണങ്ങള്‍ പറഞ്ഞ് യുവതികളില്‍ നിന്ന് പണവും വാഹനങ്ങളും കൈക്കലാക്കും. പിന്നീട് ഒരു സുപ്രഭാതത്തില്‍ മുങ്ങും.

കേരളത്തിലാണ് ഒരു തട്ടിപ്പെങ്കില്‍ അടുത്തത് വേറെ സംസ്ഥാനത്ത്. ബെംഗളൂരുവില്‍ നിന്ന് മുങ്ങിയ പ്രതി കൊച്ചിയില്‍ പുതിയ ഇരയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു.വിപിന്റെ ഫോണും, ലാപ്‌ടോപ്പും, പണവും പൊലീസ് പിടിച്ചെടുത്തു. പുതുനഗരം,ചിറ്റൂര്‍ ,ഗുരുവായൂര്‍, നാദാപുരം,വടകര ,തലശ്ശേരി, തൃക്കാക്കര, പാലാരിവട്ടം സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ കേസുകളുണ്ട്. ബെംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലും വിപിന്‍ പ്രതിയാണ്.

പെണ്‍കുട്ടികളോട് തനിക്ക് മാരകമായ അസുഖമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചും ഇയാള്‍ പണം തട്ടാറുണ്ട്. ഇത് കൂടാതെ വ്യാജ സാലറി സര്‍ട്ടിഫിക്കറ്റുണ്ടാക്കി ബാങ്കുകളില്‍ നിന്ന് നിന്ന് ലോണെടുത്ത് മുങ്ങുകയും ചെയ്തിട്ടുണ്ട്. വിപിനെ ബെംഗളൂരു പൊലീസിന് കൈമാറി.