- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ആറ് കൊല്ലം കൊണ്ട് മൂന്ന് വിവാഹം; സ്ത്രീധനത്തിനായി ക്രൂരപീഡനം, ലക്ഷ്യം സ്വർണ്ണവും പണവും; കാര്യം നടന്നാൽ പിന്നെ ബന്ധത്തിൽ നിന്നും 'നൈസായിട്ട് ഊരും'; നാലാം കെട്ടിന് മോഹിച്ച സുനിലിന് കിട്ടിയത് എട്ടിന്റെ പണി; മൂന്ന് ഭാര്യമാരും കൂടി ഒരുമിച്ച് എത്തിയപ്പോൾ 'കല്യാണ കില്ലാടി' വീണു

ലളിത്‌പൂർ: സ്ത്രീകളെ വിവാഹം കഴിക്കുകയും സ്ത്രീധനത്തിനായി പീഡിപ്പിച്ച ശേഷം ഇവരെ ഉപേക്ഷിക്കുകയും ചെയ്ത യുവാവിന്റെ തട്ടിപ്പ് പുറത്ത് വന്നത് നാലാം വിവാഹത്തിന് തയ്യാറെടുക്കുന്നതിനിടെ. ആറ് വർഷത്തിനിടെ ഇയാൾ മൂന്ന് സ്ത്രീകളെ വിവാഹം കഴിച്ചിരുന്നു. വെള്ളിയാഴ്ച മൂന്ന് ഭാര്യമാരും ഒന്നിച്ച് എസ്എസ്പി ഓഫീസിലെത്തി പരാതി നൽകിയതോടെയാണ് ഞെട്ടിക്കുന്ന ഈ വഞ്ചനയുടെ കഥ പുറംലോകമറിഞ്ഞത്. സംഭവത്തിൽ ലളിത്‌പൂർ ജില്ലയിലെ ജമുറ മാഹി സ്വദേശിയായ സുനിൽ കുമാറിനെതിരെ പോലീസ് കേസെടുത്തു.
ഓരോ വിവാഹം കഴിക്കുമ്പോഴും മുൻപത്തെ വിവാഹങ്ങളെക്കുറിച്ച് ഒളിച്ചുവെച്ച് സുനിൽ കുമാർ വഞ്ചിക്കുകയായിരുന്നുവെന്ന് ബാബിന സ്റ്റേഷൻ ഹൗസ് ഓഫീസർ ജെ.പി പാൽ പറഞ്ഞു. നാലാമതൊരു വിവാഹത്തിന് കൂടി സുനിൽ കുമാർ പദ്ധതിയിടുന്നതിനിടെയാണ് പിടിയിലായത്. ഇയാൾക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. ശിവാനി അഹിർവാർ, രാഖി, ജ്യോതി എന്നിവരാണ് സുനിലിന്റെ ഭാര്യമാർ. 2019, 2021, 2023 എന്നീ വർഷങ്ങളിലായിരുന്നു ഇവരുടെ വിവാഹം.
ഇതിൽ ബാബിന സ്വദേശിയായ ശിവാനി ഗർഭിണിയായിരിക്കെ സുനിൽ തന്നെ മർദിക്കുകയും വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തതായി ആരോപിച്ചു. നിലവിൽ ഒരു വയസ്സുള്ള മകളുമായി മാതാപിതാക്കളുടെ കൂടെ താമസിക്കുന്ന തങ്ങളെ സുനിൽ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ശിവാനി പറഞ്ഞു. വിവാഹശേഷം സ്ത്രീധനമായി സ്വർണ്ണാഭരണങ്ങളും പണവും തട്ടിയെടുക്കുക എന്നതായിരുന്നു സുനിലിന്റെ പ്രധാന ലക്ഷ്യം.
ഏതാനും മാസങ്ങൾ കഴിയുമ്പോൾ വിവാഹമോചനം ആവശ്യപ്പെട്ട് ഇയാൾ ഭാര്യമാരെ വീട്ടിൽ നിന്ന് പുറത്താക്കുമായിരുന്നു. ഇതിന് മുൻപ് ഇയാളുടെ ഒരു ഭാര്യ ലളിത്‌പൂരിലെ ജഖൗറ പോലീസ് സ്റ്റേഷനിൽ സ്ത്രീധന പീഡനത്തിന് പരാതി നൽകിയിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയെന്നും പ്രതിക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും എസ്എച്ച്ഒ അറിയിച്ചു.


