പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജാമ്യം എടുത്തു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് മാതാവില്‍ നിന്ന് 8.65 ലക്ഷം തട്ടിയ കേസില്‍ മറ്റൊരു പ്രതിയുടെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രക്കാനം തോട്ടുപുറത്ത് ജോ ഓഡിയോ ലാബ് നടത്തുന്ന ജോമോന്‍ മാത്യു(27)വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

60 പേര്‍ പ്രതികളായ പത്തനംതിട്ട പോക്സോ കേസില്‍ ഒന്നാം പ്രതിയായ തോട്ടുപുറം കൈപ്പിലാലില്‍ മേലേതില്‍ ജോജി മാത്യുവിന്റെ (24) സഹോദരനാണ് ജോമോന്‍ മാത്യു. കേസില്‍ രണ്ടാം പ്രതിയായ പ്രക്കാനം ഷൈനു ഭവനത്തില്‍ ഷൈനുവിന്റെ (22) മാതാവില്‍ നിന്നും രണ്ടു മാസത്തിനിടെ പല തവണയായി ജാമ്യം എടുക്കാനെന്നും പത്തനംതിട്ട ഡിവൈ.എസ്.പിക്ക് കൊടുക്കാനെന്നും പറഞ്ഞ് 8.65 ലക്ഷം വാങ്ങി എടുക്കുകയായിരുന്നു.

രണ്ടു പ്രതികള്‍ക്കും കഴിഞ്ഞയിടെ ജാമ്യം ലഭിച്ചിരുന്നു. ഇവര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷന്‍ തനിക്ക് കിട്ടിയ യഥാര്‍ഥ തുക പറഞ്ഞതോടെയാണ് തട്ടിപ്പ് വെളിയിലായത്. അഭിഭാഷകന്റെ ഉപദേശത്തെ തുടര്‍ന്ന് ഷൈനുവിന്റെ മാതാവ് പത്തനംതിട്ട ഡിവൈ.എസ്.പിക്ക് പരാതി നല്‍കുകയായിരുന്നു. തനിക്ക് പരാതി ലഭിച്ചപ്പോഴാണ് ഈ വിവരം അറിയുന്നതെന്ന് ഡിവൈ.എസ്.പി. എസ്. നന്ദകുമാര്‍ പറഞ്ഞു.

ഡിവൈ.എസ്.പിയുടെ നിര്‍ദേശ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പു പുറത്തായത്. ജോമോന്‍ മാത്യുവിനെ കസ്റ്റഡിയില്‍ എടുത്ത പോലീസ് രാത്രി തന്നെ അറസ്റ്റ് രേഖപ്പെടുത്തി.