- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ടെലഗ്രാമിലൂടെ പാർട്ട് ടൈം ജോലി വാഗ്ദാനം നൽകി; വ്യാജ വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യിപ്പിച്ചു; ടാസ്കുകൾ പൂർത്തിയാക്കാനെന്ന പേരിൽ പണം തട്ടി; അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 21കാരൻ പിടിയിൽ
കോഴിക്കോട്: ടെലഗ്രാമിലൂടെ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ 21കാരൻ അറസ്റ്റിൽ. മുട്ടാഞ്ചേരി സ്വദേശി അബ്ദുൽ ഫത്താഹാണ് കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്. വ്യാജ വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യിപ്പിച്ച്, ടാസ്കുകൾ പൂർത്തിയാക്കാൻ പണം നിക്ഷേപിപ്പിച്ചായിരുന്നു തട്ടിപ്പ്. 32 ലക്ഷം രൂപയാണ് പരാതിക്കാരിയിൽ നിന്നും പ്രതി തട്ടിയത്.
2023-ൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. പരാതിക്കാരിക്ക് ടെലഗ്രാം വഴി നിർദ്ദേശങ്ങൾ ലഭിക്കുകയും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറുകയും ചെയ്തു. ഇതിൽ 4.5 ലക്ഷത്തോളം രൂപ മുംബൈയിലെ ഒരു ബാങ്കിലേക്കും, തുടർന്ന് 12.5 ലക്ഷത്തോളം രൂപ കുന്നമംഗലത്തെ ഒരു സ്വകാര്യ ബാങ്കിലെ അക്കൗണ്ടുകളിലേക്കും എത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി.
ഈ തുകയിൽ വലിയൊരു ഭാഗം ചെക്ക് മുഖേന പിൻവലിക്കുകയും ബാക്കി മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയുമായിരുന്നു. ഇതോടെ അക്കൗണ്ട് ഉടമയിലേക്ക് അന്വേഷണ സംഘം എത്തുകയായിരുന്നു. ടാസ്കുകൾ പൂർത്തിയാക്കിയ ശേഷം വാഗ്ദാനം ചെയ്ത തുകയോ നിക്ഷേപിച്ച തുകയോ തിരികെ നൽകാതെയാണ് പ്രതി പണം തട്ടിയത്.കോഴിക്കോട് സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ അരുൺ കെ. പവിത്രന്റെ നിർദ്ദേശപ്രകാരം സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ അസി. കമ്മീഷണർ ജി. ബാലചന്ദ്രന്റെ മേൽനോട്ടത്തിൽ ഇൻസ്‌പെക്ടർ കെ.കെ. ആഗേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.