കെംഗേരി: കഴിഞ്ഞ ദിവസമാണ് രാജ്യമൊട്ടാകെ ദീപാവലി ആഘോഷിച്ചത്. ഇതിനിടെ ഞെട്ടിപ്പിക്കുന്ന അപകടങ്ങളും കൊലപാതകങ്ങളും ഇവിടെ നടന്നു. അങ്ങനെ ഒരു സംഭവമാണ് ബെംഗളൂരുവിൽ നടന്നത്. തന്റെ കൂട്ടുകാരികളോടൊപ്പം ദീപാവലി ആഘോഷത്തിനായി ഫാം ഹൗസിലെത്തിയ ബിരുദ വിദ്യാർത്ഥിയെ കുറെ സദാചാരക്കാർ ചേർന്ന് അടിച്ചുകൊന്നു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിലാവുകയും ചെയ്തു. ബെംഗളൂരുവിലെ ചിക്കനഹള്ളിയിലെ ഫാം ഹൗസിൽ 21കാരനായ ബി കോം ബിരുദ വിദ്യാർത്ഥി പുനിതാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. രണ്ട് വനിതാ സുഹൃത്തുക്കളടക്കം ഏഴ് പേരാണ് ഫാം ഹൗസിൽ അവധി ആഘോഷിക്കാനായി എത്തിയത്. സുഹൃത്തിന്റെ പരിചയക്കാരന്റെ ഫാം ഹൗസായതിനാലാണ് സംഘം ഇവിടെ തെരഞ്ഞെടുത്തത്. ദീപാവലിക്കായി കോളേജിന് അവധി നൽകിയ സമയത്തായിരുന്നു സംഭവം നടന്നത്. ഫാം ഹൗസിന് സമീപവാസികളായ മൂന്ന് പേരെയാണ് പോലീസ് പിടികൂടിയത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, ബാസവേശ്വര നഗർ സ്വദേശിയും സ്വകാര്യ കോളേജിലെ ബിരുദ വിദ്യാർത്ഥിയുമായ പുനിതും സുഹൃത്തുക്കളും ഫാം ഹൗസിലെ കുളത്തിൽ നീന്തി കളിക്കുന്നതിനിടെ ഇവിടെയെത്തിയ അക്രമികൾ പുനിതിന്റെ വനിതാ സഹപാഠികളായ ചിത്രങ്ങൾ എടുക്കാൻ തുടങ്ങി. ഇത് പുനീത് ചോദ്യം ചെയ്തു. ഉടനെ അക്രമി സംഘം ഇവിടെ നിന്നും മടങ്ങി.

ശേഷം രാത്രി 10.30ഓടെ പെൺകുട്ടികളോടൊപ്പം യുവാവ് സമയം ചിലവഴിക്കുന്നതിനിടെ ഇവർ വീണ്ടും ആളുകളുമായി മടങ്ങി എത്തി പുനീതിനെ മർദ്ദിക്കുകയും ഒപ്പമുണ്ടായിരുന്നവരെ അധിക്ഷേപിക്കുകയുമായിരുന്നു. വിറക് തടികൾ കൊണ്ട് അടിയേറ്റ് അവശനായി വീണ 21കാരനെ ഒടുവിൽ സുഹൃത്തുക്കൾ ചേർന്ന് ആശുപത്രിയിലെത്തിച്ചു.

പക്ഷെ ആരോഗ്യ നില വഷളായ പുനീതിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഘത്തിലെ പരിക്കേറ്റ മറ്റ് രണ്ട് പേരെ പോലീസാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ ചന്ദ്രു, നാഗേഷ്, മുരളി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ രാമനഗര റൂറൽ പോലീസാണ് കേസെടുത്തിരിക്കുന്നത്.