നെടുങ്കണ്ടം: ഇടുക്കിയിലെ നെടുങ്കണ്ടത്ത് നിന്നും രണ്ടരമാസം മുന്‍പു രാത്രിയില്‍ മുത്തശ്ശിയോടൊപ്പം കാണാതായ നവജാതശിശുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയും അമ്മയുടെ മാതാപിതാക്കളും അറസ്റ്റില്‍. കുഞ്ഞിന്റെ അമ്മയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. കുഞ്ഞ് തുടര്‍ച്ചയായി കരയുന്നതില്‍ അസ്വസ്ഥയായ അമ്മ ചിഞ്ചു, കുഞ്ഞിനെ ചുമരിലെറിഞ്ഞ് കൊല്ലുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. വിവാഹം കഴിഞ്ഞ് നാലുവര്‍ഷത്തിനുശേഷമാണ് ഇവര്‍ക്ക് കുഞ്ഞ് പിറന്നത്.

ചെമ്മണ്ണാര്‍ പുത്തന്‍പുരയ്ക്കല്‍ ചിഞ്ചു (27), ചിഞ്ചുവിന്റെ മാതാപിതാക്കളായ ശലോം (64), ഫിലോമിന (56) എന്നിവരെയാണ് ഉടുമ്പന്‍ചോല പൊലീസ് അറസ്റ്റ് ചെയ്തത്. ചിഞ്ചുവാണ് ഒന്നാംപ്രതി. രാത്രിയിലാണ് കൊലപാതകം നടന്നത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് അസ്വസ്ഥയായ ചിഞ്ചു കുഞ്ഞിനെ ഭിത്തിയില്‍ ഇടിപ്പിക്കുകയായിരുന്നുവെന്നും കുഞ്ഞിന് അനക്കമില്ലെന്നു കണ്ടതോടെ ഫിലോമിനയും ശലോമും ചേര്‍ന്നു കഥ മെനയുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

ഓഗസ്റ്റ് പതിനാറിനായിരുന്നു കേസിനാസ്പദമായ സംഭവം. 59 ദിവസം പ്രായമായ ആണ്‍കുഞ്ഞിനെ വീട്ടില്‍നിന്ന് 300 മീറ്റര്‍ മാറി തോട്ടുവക്കത്ത് ഏലത്തോട്ടത്തില്‍ മരിച്ചനിലയിലും ചിഞ്ചുവിന്റെ അമ്മ ഫിലോമിനയെ സമീപത്ത് അബോധാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. പുലര്‍ച്ചെ നാലോടെ ജാന്‍സിയെയും കുഞ്ഞിനെയും കാണാതായെന്നാണ് ശലോമോന്‍ പറഞ്ഞിരുന്നത്. ഉടുമ്പന്‍ചോല പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍, രാവിലെ എട്ടോടെയാണ് ഇരുവരെയും കണ്ടെത്തിയത്. തലയ്ക്കുപിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് മൃതദേഹപരിശോധനയില്‍ കണ്ടെത്തിയിരുന്നു.

മരിച്ചുപോയ അയല്‍വാസി വിളിച്ചതിനെത്തുടര്‍ന്ന് കുഞ്ഞുമായി ഇറങ്ങിപ്പോയതാണെന്ന് ഫിലോമിന പറഞ്ഞിരുന്നു. ഫിലോമിനയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് ഭര്‍ത്താവ് പറഞ്ഞതിനെത്തുടര്‍ന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാക്കി. ചിഞ്ചുവിനെ ചോദ്യംചെയ്‌തെങ്കിലും കാര്യമായ തെളിവൊന്നും കിട്ടിയില്ല. സംശയം തോന്നിയ പോലീസ്, ഫിലോമിനയെ കോലഞ്ചേരിയില്‍നിന്ന് ഡിസ്ചാര്‍ജുചെയ്ത് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാക്കി. അവിടെവെച്ചാണ്, മാനസികാസ്വാസ്ഥ്യമില്ലെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് മൂവരെയും പലതവണ ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

കരച്ചില്‍ കേട്ട് അസ്വസ്ഥയായ ചിഞ്ചു, കുഞ്ഞിനെയെടുത്ത് ചുമരിലേക്ക് എറിയുകയായിരുന്നു. കുഞ്ഞിന് അനക്കമില്ലെന്ന് മനസ്സിലായതിനെത്തുടര്‍ന്നാണ് ഫിലോമിനയും ഭര്‍ത്താവും ചേര്‍ന്ന് കള്ളക്കഥ മെനഞ്ഞത്. ഈട്ടിത്തോപ്പിലെ ഭര്‍ത്തൃഗൃഹത്തില്‍നിന്ന് പ്രസവസംബന്ധമായാണ് ചിഞ്ചു സ്വന്തം വീട്ടിലെത്തിയത്. മൂവരെയും കോടതി റിമാന്‍ഡുചെയ്തു.