അജ്മീർ: ലിവ്-ഇൻ പങ്കാളിയുടെ നിരന്തരമായ പരിഹാസത്തിൽ മനംനൊന്താണ് മൂന്ന് വയസ്സുകാരിയായ മകളെ താരാട്ടുപാട്ടുകൾ പാടി ഉറക്കിയ ശേഷം തടാകത്തിലെറിഞ്ഞതെന്ന് അമ്മയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സംഭവം മറച്ചുവെക്കാൻ മകളെ കാണാതായെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ അജ്മീറിലാണ് ഈ ദാരുണ സംഭവം നടന്നത്.

ബുധനാഴ്ച പുലർച്ചെയാണ് കുട്ടിയുടെ മൃതദേഹം അന സാഗർ തടാകത്തിൽ നിന്ന് കണ്ടെത്തിയത്. ആദ്യ വിവാഹത്തിലുള്ള മകളെ ചൊല്ലി ലിവ്-ഇൻ പങ്കാളിയായ അൽകേഷ് നിരന്തരം അവഹേളിച്ചിരുന്നതായും ഇതാണ് ഇത്തരമൊരു കടുംകൈ ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്നും യുവതി അഞ്ജലി പൊലീസിനോട് മൊഴി നൽകി.

ചൊവ്വാഴ്ച പുലർച്ചെ പട്രോളിംഗിനിടെയാണ് ഹെഡ് കോൺസ്റ്റബിൾ ഗോവിന്ദ് ശർമ്മയെ യുവതി അജ്മീറിലെ വൈശാലി നഗർ ബജ്‌രംഗ് ഗഢ് റോഡിൽ വെച്ച് ഒറ്റയ്ക്ക് കണ്ടത്. വഴിയിൽ വെച്ച് മകളെ കാണാതായെന്നായിരുന്നു യുവതിയുടെ മൊഴി. തുടർന്ന് പൊലീസ് സംശയം തോന്നി നടത്തിയ അന്വേഷണത്തിൽ, സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ യുവതി മകളോടൊപ്പം തടാകത്തിന് ചുറ്റും നടക്കുന്നതായും പിന്നീട് തനിച്ചാകുന്നതായും കണ്ടെത്തി. പുലർച്ചെ 1:30-ന് യുവതി ഫോണിൽ സംസാരിക്കുന്ന ദൃശ്യങ്ങളും ലഭിച്ചു.

യുവതിയുടെ മൊഴിയും ദൃശ്യങ്ങളും തമ്മിൽ വൈരുദ്ധ്യം കണ്ടതിനെ തുടർന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്യാൻ തീരുമാനിച്ചു. പുലർച്ചെ രണ്ട് മണിയോടെയാണ് അഞ്ജലി ലിവ്-ഇൻ പങ്കാളിയായ അൽകേഷിനെ വിളിച്ച് കുട്ടിയെ കാണാനില്ലെന്ന് അറിയിച്ചത്. വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ അഞ്ജലി കുറ്റം സമ്മതിക്കുകയായിരുന്നു.

ഉത്തർപ്രദേശിലെ വാരാണസി സ്വദേശിയായ 28 കാരിയായ അഞ്ജലി, ഭർത്താവുമായി പിരിഞ്ഞ ശേഷം അജ്മീറിലേക്ക് താമസം മാറിയതായിരുന്നു. അജ്മീറിലെ ഒരു ഹോട്ടലിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയാണ് ഇവർ. ഇതേ ഹോട്ടലിൽ ജോലി ചെയ്യുന്നയാളാണ് അഞ്ജലിയുടെ ലിവ്-ഇൻ പങ്കാളി അൽകേഷ്. കുട്ടിയുടെ കൊലപാതകത്തിൽ അൽകേഷിന് നേരിട്ട് പങ്കുണ്ടോ എന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.