കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരനും വ്യവസായിയുമായ മുഹമ്മദ് ആട്ടൂരിനെ (മാമി) തലക്കുളത്തൂരില്‍ നിന്നു കാണാതായ സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ നിയന്ത്രിച്ചിരുന്നത് എഡിജിപി എംആര്‍ അജിത് കുമാര്‍ നേരിട്ട്. കോഴിക്കോട് എത്തി എഡിജിപി എം.ആര്‍.അജിത്കുമാര്‍ ചര്‍ച്ച പോലും ഈ കേസില് നടത്തി. കമ്മിഷണര്‍ ഓഫിസിലാണ് ഉദ്യോഗസ്ഥരുമായി മാമിയുടെ അന്വേഷണം വിലയിരുത്തിയ ചരിത്രം ഈ കേസിനുണ്ട്. നിര്‍ണ്ണായ തെളിവ് കിട്ടിയപ്പോഴാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി കോഴിക്കോട് പറന്നെത്തിയത്.

മൊബൈല്‍ ഫോണ്‍ ടവറുകളുടെ ടവര്‍ ഡംപ് കഴിഞ്ഞ ദിവസം യുഎസ്എയിലെ അറ്റ്‌ലാന്റ ഗൂഗിള്‍ ആസ്ഥാനത്തു നിന്നും അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. അന്ന് കോഴിക്കോട് എത്തി ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എഡിജിപി പരിശോധിച്ചു. മാമിയെ കാണാതായ ദിവസം നിശ്ചിത സമയത്തെ തലക്കുളത്തൂര്‍ പ്രദേശത്തെ മൊബൈല്‍ ടവര്‍ വഴി പ്രവര്‍ത്തിച്ച മൊബൈല്‍ ഫോണ്‍ നമ്പറുകളാണ് പരിശോധിച്ചത്. പക്ഷേ അതിന് അപ്പുറം അന്വേഷണം മുമ്പോട്ട് പോയില്ല.

2023 ഓഗസ്റ്റ് 21 നാണ് മാമിയെ നഗരത്തില്‍ നിന്നു കാണാതായത്. പിന്നീട് 22 ന് തലക്കുളത്തൂരില്‍ എത്തിയതായും വിവരം ലഭിച്ചു. പത്തു ദിവസത്തിനു ശേഷമാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. തുടര്‍ന്നു നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ.ജിജേഷിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. ഒരു മാസത്തിനു ശേഷം സിറ്റി പൊലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. നാലു ഭാര്യമാര്‍ ആട്ടൂരിനുണ്ടായിരുന്നു. ഇതില്‍ ഒരു ഭാര്യയാണ് പരാതി നല്‍കിയത്.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പൊലീസിനെ വഴി തിരിച്ചുവിടാന്‍ ചില ഭാഗത്തു നിന്നു ശ്രമം നടന്നിരുന്നു. പിന്നീട് ശാസ്ത്രീയ തെളിവുകള്‍ തേടിയാണ് അന്വേഷണം മുന്നോട്ട് പോയത്. ഇതിനായി ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ടവര്‍ ഡംപ് പരിശോധനയിലേക്കു പൊലീസ് നീങ്ങിയത്. അന്വേഷണം മറ്റു സംസ്ഥാനത്തേക്കു കൂടി വ്യാപിപിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു അത്. എന്നാല്‍ എഡിജിപി വന്നു പോയ ശേഷം കേസ് അട്ടിമറിക്കപ്പെട്ടുവെന്ന സംശയം ഉയരുന്നുണ്ട്.

മുഹമ്മദ് ആട്ടൂരിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് വ്യവസായികളും വ്യാപാരികളും വിവിധ മേഖലയിലെ സാമൂഹിക പ്രവര്‍ത്തകരും ഉള്‍പ്പെടെ ആയിരത്തോളം പേരുടെ വാട്‌സാപ് കൂട്ടായ്മ മലബാര്‍ ഡവലപ്‌മെന്റ് ഫോറം പ്രസിഡന്റ് കെ.എം.ബഷീറിന്റെ നേതൃത്വത്തില്‍ കോഴിക്കോട് രൂപീകരിച്ചിരുന്നു. നടക്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ആദ്യം ലോക്കല്‍ പൊലീസും പിന്നീട് സിറ്റി പൊലീസ് മേധാവി രാജ്പാല്‍ മീണയുടെ നേതൃത്വത്തിലുള്ള സംഘവും തുടര്‍ന്നിപ്പോള്‍ മലപ്പുറം എസ്.പി എസ്. ശശിധരന്റെ മേല്‍നോട്ടത്തിലുള്ള സംഘവുമാണ് അന്വേഷിക്കുന്നത്.

ഇരുന്നൂറോളം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടും നിരവധി വാഹനങ്ങളും മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിട്ടും കാര്യമായ പുരോഗതിയൊന്നും ഇതുവരെ ഉണ്ടാക്കാനായില്ലെന്നാണ് വിവരം. അതേസമയം, കേസിന്റെ അന്വേഷണം നടക്കുകയാണെന്നും ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ലെന്നും എസ്. ശശിധരന്‍ പറഞ്ഞിരുന്നു. തിരോധാനത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാമിയുടെ കുടുംബവും ആക്ഷന്‍ കമ്മിറ്റിയും ഹൈകോടതിയെ സമീപിച്ചെങ്കിലും തീരുമാനം വന്നിട്ടില്ല. പൊലീസ് റിപ്പോര്‍ട്ട് തേടിയ കോടതി ഹരജി വീണ്ടും സെപ്റ്റംബര്‍ നാലിന് പരിഗണിക്കും.

മാമിയുടെ ഓഫിസുള്ള അരയിടത്തുപാലം സി.ഡി ടവറിനടുത്തുനിന്ന് 21ന് വൈകീട്ടാണ് ഇദ്ദേഹത്തെ കാണാതായത്. ഭാര്യ പൊലീസില്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍, തൊട്ടടുത്ത ദിവസം മാമിയുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ തലക്കുളത്തൂര്‍ ഭാഗത്തായിരുന്നു. തുടര്‍ന്ന്, ഇവിടെ പരിശോധന നടത്തിയെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. പിന്നീട് ഈ ഭാഗത്തെ മൊബൈല്‍ ഫോണ്‍ ടവറുകളുടെ വിവരങ്ങള്‍ സര്‍വിസ് ദാതാക്കളില്‍ നിന്ന് ശേഖരിച്ചു. ഫോണുകളുടെ ഐ.പി വിലാസത്തിനായാണ് യു.എസിലെ ഗൂഗ്ള്‍ ആസ്ഥാനത്തേക്കും അന്വേഷണ സംഘം സന്ദേശം നല്‍കിയത്. കാണാതായ ദിവസത്തെ നഗരത്തിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. മാമിയുമായി ചേര്‍ന്ന് ബിസിനസ് നടത്തിയവര്‍, സാമ്പത്തിക ഇടപാടുകള്‍ നടത്തിയവര്‍, ബന്ധുക്കള്‍, ജീവനക്കാര്‍ അടക്കമുള്ളവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയെങ്കിലും തിരോധാനവുമായി ബന്ധപ്പെട്ട സൂചനകളൊന്നും കിട്ടിയില്ല.

അടിമുടി ദുരൂഹതയാണ് ആദ്യം മുതലുള്ളത്. നിറയെ സി.സി.ടി.വി കാമറകളുള്ള നഗരത്തില്‍നിന്ന് ഒരുതെളിവുമില്ലാത്ത വിധം പെട്ടെന്നാണ് പ്രധാന ബിസിനസുകാരനെ കാണാതായത്. സാമ്പത്തിക പ്രയാസങ്ങള്‍ കാരണം മാമി മാറിനില്‍ക്കുകയാണെന്നാണ് ആദ്യം ഊഹാപോഹം പരന്നത്. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞതോടെ മാമി ഹൈദരാബാദിലുള്ള ഭാര്യയുടെ അടുത്തുണ്ടെന്നായി. പൊലീസ് അന്വേഷിച്ചപ്പോള്‍ അവിടെയെത്തിയിട്ടില്ലെന്ന് വ്യക്തമായി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാമി പീഡിപ്പിച്ചെന്നും പോക്‌സോ കേസ് ഭയന്ന് ഒളിവില്‍ പോയെന്നും പിന്നീട് ചര്‍ച്ചവന്നു. ഇതും വ്യാജമെന്ന് വ്യക്തമായി. അതിനിടെ, ഹൈദരാബാദില്‍നിന്ന് രണ്ടുപേര്‍ വന്ന് ബീച്ചില്‍ വെച്ച് മാമിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ഇതിനുപിന്നാലെയാണ് കണാതായതെന്നും ചില കോണുകളില്‍നിന്ന് വാദമുയര്‍ന്നു.