ഇടുക്കി: മൂന്നാര്‍ പള്ളിവാസല്‍ രണ്ടാം മൈലില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ആക്രമണം. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ എട്ട് യുവാക്കള്‍ക്കാണ് വിനോദയാത്രയ്ക്കിടെ ക്രൂരമായ മര്‍ദ്ദനമേറ്റത്. പരിക്കേറ്റവരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീപ്പ് ഡ്രൈവര്‍മാരാണ് സഞ്ചാരികളെ കൈകാര്യം ചെയ്തത്.

ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. കരുനാഗപ്പള്ളിയില്‍ നിന്നും മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ 26 അംഗ യുവാക്കളുടെ സംഘമാണ് ആക്രമണത്തിന് ഇരയായത്. സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ പള്ളിവാസല്‍ രണ്ടാം മൈലില്‍ വിശ്രമിക്കാനായി ഇവര്‍ വാഹനം നിര്‍ത്തി. ഈ സമയത്ത് അവിടെ നിര്‍ത്തിയിട്ടിരുന്ന ഒരു ട്രെക്കിങ് ജീപ്പിന് സമീപം നിന്ന് യുവാക്കളില്‍ ഒരാള്‍ ഫോട്ടോ എടുത്തതാണ് തര്‍ക്കത്തിന് കാരണമായത്.

ഫോട്ടോ എടുത്തതിനെ ചൊല്ലി ജീപ്പ് ഉടമ യുവാവിനെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് കൂടുതല്‍ ഡ്രൈവര്‍മാര്‍ സ്ഥലത്തെത്തുകയും സംഘം ചേര്‍ന്ന് യുവാക്കളെ മാരകമായി മര്‍ദ്ദിക്കുകയുമായിരുന്നു. ആക്രമണത്തില്‍ ഒരു യുവാവിന്റെ മുഖത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മര്‍ദ്ദനത്തിനിടെ യുവാക്കളില്‍ ഒരാളുടെ സ്വര്‍ണ്ണമാല നഷ്ടപ്പെട്ടതായും പരാതിയുണ്ട്.

സംഭവത്തെത്തുടര്‍ന്ന് ഇടുക്കി ഡിവൈഎസ്പിയുടെ നിര്‍ദ്ദേശപ്രകാരം വെള്ളത്തൂവല്‍ പോലീസ് ആശുപത്രിയിലെത്തി പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.