കോട്ടയം: മാങ്ങാനം സന്തോഷ് വധക്കേസിൽ പ്രതികള്‍ക്ക് ജീവപര്യന്തം തടവിന് വിധിച്ച് കോടതി. തടവിന് കൂടാതെ അഞ്ച് ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പ്രതികളായ മുട്ടമ്പലം സ്വദേശി വിനോദ് കുമാര്‍ എന്ന കമ്മല്‍ വിനോദ് , ഭാര്യ കുഞ്ഞുമോള്‍ എന്നിവരെയാണ് കോട്ടയം ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജെ. നാസര്‍ കോടതി ശിക്ഷ വിധിച്ചത്. കൊലപതാക കേസില്‍ ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. അതിനെ തുടർന്നാണ് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്. 2017 ഓഗസ്റ്റ് 23-നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പയ്യപ്പാടി മലകുന്നം പുന്നാപറമ്പില്‍ സന്തോഷി(34)നെയാണ് പ്രതികള്‍ ഇരുവരും ചേർന്ന് കൊന്ന് വെട്ടിനുറുക്കി ചാക്കില്‍ക്കെട്ടി തള്ളിയത്.

ശേഷം തലയില്ലാത്ത ഒരു ശരീരഭാഗം കണ്ടതാണ് കേസിൽ തുമ്പായി മാറിയത്. രണ്ട് ചാക്കില്‍ കെട്ടി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കോട്ടയം മാങ്ങാനം മന്ദിരം കലുങ്കിന് സമീപത്തു നിന്നും കണ്ടെത്തുകയായിരുന്നു. പ്രതികളെ അറസ്റ്റു ചെയ്തതിനു ശേഷമാണ് തല സമീപത്തെ തുരുത്തേല്‍ പാലത്തിന് സമീപത്തു നിന്നും കണ്ടെത്തുന്നത്. വിനോദിന്റെ ഭാര്യ കുഞ്ഞുമോളും , കൊല്ലപ്പെട്ട സന്തോഷുമായി ബന്ധമുണ്ടായിരുന്നെന്നും ഇതില്‍ വിനോദിനുള്ള പകയാണ് ക്രൂര കൊലപാതകത്തിന് കാരണമായത്.ഇതെല്ലാം വ്യക്തമായി കുറ്റപത്രത്തില്‍ പറയുകയും ചെയ്തിട്ടുണ്ട്.

കുഞ്ഞുമോളുടെ ഫോണില്‍നിന്നു വിളിച്ചതിന് അനുസരിച്ച് വീട്ടിൽ എത്തിയ സന്തോഷിനെ വിനോദ് തലയ്ക്കടിച്ചു അതിക്രൂരമായി കൊലപതാകം നടത്തുകയായിരുന്നു. തുടർന്ന് വിനോദും കുഞ്ഞുമോളും ചേര്‍ന്ന് മൃതദേഹം കഷണങ്ങളാക്കുകയും ഓട്ടോറിക്ഷയില്‍ ശരീരഭാഗങ്ങള്‍ പലയിടത്തായി ഉപേക്ഷിക്കുകയുമായിരുന്നു.

അതേസമയം, പിതാവിനെ ചവിട്ടിക്കൊന്ന കേസുമായി ബന്ധപ്പെട്ട് കമ്മല്‍ വിനോദ് വിചാരണ നേരിടുന്നതിനിടെയാണ് സംഭവം നടക്കുന്നത്. അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ വിനോദ്കുമാര്‍ ജയിലില്‍ ചെല്ലുമ്പോള്‍ സന്തോഷും അവിടെ ഉണ്ടായിരുന്നു. പുറത്തിറങ്ങിയ സന്തോഷിനോട് തന്റെ ഭാര്യ കുഞ്ഞുമോളെ നോക്കണമെന്ന് വിനോദ് പറഞ്ഞിരുന്നു. തുടര്‍ന്ന് കുഞ്ഞുമോളുമായി സന്തോഷ് അടുപ്പത്തിലായി.

പുറത്തിറങ്ങിയ വിനോദ്, വിവരമറിഞ്ഞ് സന്തോഷിനെ കൊല്ലാന്‍ തീരുമാനം എടുക്കുകയായിരുന്നു. ഇതിനായി നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും, ഭാര്യയും കേസിലെ പ്രതിയുമായ കുഞ്ഞുമോളെക്കൊണ്ട്, ഭര്‍ത്താവില്ലെന്നും രാത്രിവരണമെന്നും പറഞ്ഞ് സന്തോഷിനെ മീനടത്തെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തി.

രാത്രി എത്തിയ സന്തോഷ് സിറ്റൗട്ടിലെ കസേരയില്‍ സംസാരിച്ചിരിക്കുന്നതിനിടെ പിന്നിലൂടെ എത്തിയ വിനോദ് ഇരുമ്പുവടിക്ക് തലയ്ക്കടിച്ചുവീഴ്ത്തി കൊല്ലുകയായിരുന്നു. തന്റെ ഭാര്യയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിനാണ് പ്രതി ഈ ക്രൂരകൃത്യം ചെയ്തതെന്നും പോലീസ് കുറ്റപത്രത്തില്‍ വ്യക്തമായി പറയുന്നുണ്ട്. അതുപോലെ യുവതിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു കൊല്ലപ്പെട്ട സന്തോഷ്. പ്രോസിക്യൂഷന്‍ വേണ്ടി അഡ്വ. സിറില്‍ തോമസ് പാറപ്പുറം, അഡ്വ.ധനുഷ് ബാബു, അഡ്വ.സിദ്ധാര്‍ത്ഥ എസ് എന്നിവരാണ് ഹാജരായത്. പ്രതിഭാഗത്തിന് വേണ്ടി ശാസ്തമംഗലം അജിത്കുമാറാണ് ഹാജരായത്.