- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വ്യാപാരിയായ യുവാവിനെ കാണാനില്ല; പരാതിയുമായെത്തിയ അമ്മയെ പൊലീസ് ഭീക്ഷണിപ്പെടുത്തി തിരിച്ചയച്ചു; പിന്നാലെ സ്റ്റേഷന് മുന്നിൽ പ്രതിഷേധം; ഗതികെട്ട് പൊലീസ് അന്വേഷണത്തിനിറങ്ങി; ഒടുവിൽ പുറത്ത് വന്നത് ഞെട്ടിക്കുന്ന കൊലപാതകം; യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ; പ്രതി പിടിയിൽ
മംഗളൂരു: കർണാടകയിലെ ബില്ലിനെലെയിൽ യുവ വ്യാപാരിയുടെ കൊലപാതകം തെളിഞ്ഞത് ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ. ദക്ഷിണ കന്നട ജില്ലയിൽ കഡബ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബില്ലിനെലെ മുഗ്ളിബജലുവ് സ്വദേശിയായ കർട്ടൻ വ്യാപാരിയാണ് സന്ദീപ് (29) ആണ് കൊല്ലപ്പെട്ടത്. കാണാതായ സന്ദീപിന്റെ മൃതദേഹം കുക്കെ സുബ്രഹ്മണ്യ റോഡിൽ വനത്തിൽ അഴുകിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നെട്ടനഡ ചെണ്ടെഹിതിലുവിലെ പ്രതീഖിനെ (31) പൊലീസ് പ്രതിഷേധത്തെ തുടർന്ന് അറസ്റ്റ് ചെയ്തു.
സന്ദീപിനെ കാണാതായത് സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്യാൻ വൈകിപ്പിച്ചു, കൂട്ടു പ്രതികളെ തിരയുന്നില്ല എന്നീ ആക്ഷേപങ്ങൾ ഉന്നയിച്ച് നാട്ടുകാർ നടത്തിയ പ്രതിഷേധത്തിനൊടുവിലായിരുന്നു പൊലീസ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ മാസം 27നാണ് സന്ദീപിനെ കാണാതായത്. മുർഡലിൽ വിനയ് എന്നയാളുമായി ചേർന്ന് സന്ദീപ് വ്യാപാരം ചെയ്തിരുന്നു. വിനയ് നൽകിയ വിവരമാണ് സന്ദീപിൻറെ കൊലപാതകത്തിൽ നിർണായകമായത്. പ്രതീഖുമൊത്താണ് ഒടുവിൽ കണ്ടതെന്ന് വിനയ് സന്ദീപിന്റെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. സന്ദീപിനെ കാണാതായത് സംബന്ധിച്ച് പരാതി നൽകാൻ ചെന്ന മാതാവിനെ പൊലീസ് ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും ആരോപണമുണ്ട്.
കുടുംബം പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചതിനെത്തുടർന്ന് മൂന്നാം ദിവസമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നാലെ പ്രതീഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. സന്ദീപിനെ കൊലപ്പെടുത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചതായി ഇയാൾ പൊലീസിന് മൊഴി നൽകി. തുടർന്ന് പ്രതിയുമായി പൊലീസ് മൃതദേഹം ഉപേക്ഷിച്ച സ്ഥലത്തെത്തി. വനത്തിൽ മൃതദേഹം ഒളിപ്പിച്ച സ്ഥലം പ്രതി പൊലീസിന് കാണിച്ചു കൊടുത്തു.
അതേസമയം, പ്രതീഖിന് ഒറ്റക്ക് കൊല നടത്തി മൃതദേഹം വനത്തിൽ എത്തിക്കാൻ കഴിയില്ലെന്ന് ആരോപിച്ച് കുടുംബവും നാട്ടുകാരും രംഗത്തെത്തുകയായിരുന്നു. ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ സംഘടിച്ച നാട്ടുകാർ പഞ്ചായത്ത് ഭരണസമിതിക്കെതിരെയും ആക്ഷേപം ഉന്നയിച്ചു. സന്ദീപിനെ കാണാതായ മുതൽ കുടുംബം സമീപിച്ചിട്ടും പഞ്ചായത്ത് പ്രസിഡന്റോ അംഗങ്ങളോ സഹായമോ സഹകരണമോ നൽകിയില്ലെന്നും, കേസിലെ കൂട്ടുപ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.