- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
തർക്കത്തെ തുടർന്ന് ഭാര്യയെ കഴുത്തുമുറുക്കി കൊലപ്പെടുത്തി; മൃതദേഹം അഴുക്കുചാലിൽ തള്ളി; പിന്നാലെ ഭർത്താവ് കുട്ടികളുമായി കടന്നു; ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലിസിന്റെ അന്വേഷണം; ഒടുവിൽ പ്രതി പിടിയിൽ
ബംഗളൂരു: ഭാര്യയെ കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ ശേഷം മക്കളുമായി കടന്നു കളഞ്ഞ പ്രതിയെ പൊലീസ് കുടുക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ. സർജാപുരയിൽ ബിഹാർ സ്വദേശിനിയായ റുമേഷ് ഖാത്തൂനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവിനെ മുസഫർപുരിൽവെച്ച് കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് നസീം (39) ആണ് പിടിയിലായത്. റുമേഷ് ഖാത്തൂനുമായി മുഹമ്മദ് നസീമിന്റെ രണ്ടാമ വിവാഹമായിരുന്നു. രണ്ടു വിവാഹങ്ങളിൽ നിന്നുമായി നാല് കുട്ടികളാണ് മുഹമ്മദ് നസീമിനുണ്ടായിരുന്നത്.
നവംബർ 11നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പെയിന്റിങ് തൊഴിലാളിയായ നസീം സർജാപുരക്ക് സമീപം ഭാര്യക്കൊപ്പം താമസിച്ചു വരുകയായിരുന്നു. ദമ്പതികൾ തമ്മിൽ നിസ്സാര കാര്യങ്ങൾക്ക് പോലും നിരന്തരം തർക്കം ഉണ്ടായിരുന്നതായാണ് പ്രദേശവാസികൾ പറയുന്നത്.
വഴക്കിടൽ പതിവായതിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്താൻ നസീം തീരുമാനിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം പ്രതി യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. കഴുത്തുമുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ കൈകാലുകൾ വയർ ഉപയോഗിച്ച് കെട്ടി അഴുക്കുചാലിൽ തള്ളി.
പിന്നീട് സംഭവത്തിന് ശേഷം ഇയാൾ കുട്ടികളുമായി ബിഹാറിലേക്ക് കടന്നു. ഏതാനും ദിവസങ്ങൾക്കുശേഷം പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെടുത്തത്.
മൃതദേഹം പ്രദേശവാസികൾ തിരിച്ചറിഞ്ഞതോടെ ഭർത്താവ് ഒളിവിലാണെന്ന് പൊലീസിന് മനസ്സിലായി. പ്രതിയുടെ ആദ്യ വിവാഹത്തിലെ നാലു മക്കളെയും റുമേഷുമായുള്ള വിവാഹത്തിലെ രണ്ടു മക്കളെയും കൂട്ടിയാണ് പ്രതി ബിഹാറിലേക്ക് പോയത്. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ മുസഫർപുരിൽനിന്ന് പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.