- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ജോലിഭാരം കൂടിയതോടെ ഓഫീസിലെ ഫയലുകൾ നശിപ്പിക്കാൻ പദ്ധതിയിട്ടു; ജീവനക്കാർ ഇല്ലാത്ത തക്കം നോക്കി ഫയലുകളിൽ പെട്രോൾ ഒഴിച്ചു തീകൊളുത്തി; ചേംബറിനുള്ളിൽ കുടുങ്ങിയ എൽഐസി മാനേജർ വെന്തുമരിച്ചു; കവർച്ചക്കിടെ സംഭവിച്ചതെന്ന് വരുത്തി തീർക്കാൻ ശ്രമം; കൊലപാതകത്തിന്റെ ചുരുളഴിച്ച് പോലീസ്

മധുര: മധുരയിലെ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (എൽഐസി) ഓഫീസിൽ സീനിയർ ജനറൽ മാനേജരായ കല്യാണി നമ്പി തീപിടിത്തത്തിൽ മരിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കഴിഞ്ഞ ഡിസംബർ 17-ന് രാത്രി നടന്ന സംഭവം ആസൂത്രിത കൊലപാതകമാണെന്ന് ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ പോലീസ് കണ്ടെത്തി. കേസിൽ സഹപ്രവർത്തകൻ റാം അറസ്റ്റിലായി. അധികസമയം ജോലി ചെയ്യേണ്ടിവന്നതിനെച്ചൊല്ലിയുണ്ടായ തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു.
മധുര റെയിൽവേ സ്റ്റേഷനു സമീപമുള്ള എൽഐസി കെട്ടിടത്തിന്റെ രണ്ടാം നിലയിലുണ്ടായ തീപിടിത്തത്തിലാണ് 56 വയസ്സുകാരിയായ കല്യാണി നമ്പി മരിച്ചത്. സംഭവത്തിൽ റാമിനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. പോളിസി ഉടമകൾക്കുള്ള മരണാനന്തര നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട 40-ലധികം ഫയലുകൾ റാം വളരെക്കാലമായി തീർപ്പാക്കാതെ വെച്ചിരുന്നു. ഇൻഷുറൻസ് ഏജന്റുമാരുടെ പരാതിയെത്തുടർന്ന്, എല്ലാ ഫയലുകളും സമയബന്ധിതമായി തീർപ്പാക്കാൻ കല്യാണി നമ്പി റാമോട് നിർദേശിച്ചു. ഇതിനെത്തുടർന്ന് ദിവസവും അധികസമയം ജോലി ചെയ്യേണ്ടി വന്നത് റാമിനെ പ്രകോപിപ്പിക്കുകയും, ക്ലെയിം ഫയലുകൾ നശിപ്പിക്കാൻ അയാൾ പദ്ധതിയിടുകയുമായിരുന്നെന്ന് പോലീസ് പറയുന്നു.
ഡിസംബർ 17-ന് രാത്രി മറ്റ് ജീവനക്കാർ ആരുമില്ലാത്ത സമയത്ത്, കല്യാണി നമ്പിയുടെ മുറിയിലെ ഫയലുകളിൽ റാം പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പിന്നീട് മുറിയുടെ വാതിൽ പുറത്തുനിന്ന് പൂട്ടി. തീ അണയ്ക്കാൻ കഴിയാതെ മുറിയിൽ കുടുങ്ങിയ കല്യാണി നമ്പി പൊള്ളലേറ്റ് മരിച്ചു. ഫയലുകളിൽ പെട്രോൾ ഒഴിക്കുന്നതിനിടെ റാമിന്റെ ദേഹത്തും അബദ്ധത്തിൽ തീ പടർന്ന് പൊള്ളലേറ്റുവെന്നും പോലീസ് കൂട്ടിച്ചേർത്തു.
സംഭവം ആദ്യഘട്ടത്തിൽ ഒരു സാധാരണ തീപിടിത്തമായാണ് പോലീസ് കണക്കാക്കിയിരുന്നത്. എന്നാൽ, മുഖംമൂടിയണിഞ്ഞ ഒരാൾ കല്യാണി നമ്പിയുടെ ആഭരണങ്ങൾ കവർന്നെടുത്ത് തീ കൊളുത്തിയെന്ന് റാം നൽകിയ മൊഴിയിൽ സംശയം തോന്നിയതോടെയാണ് അന്വേഷണം റാമിനെ കേന്ദ്രീകരിച്ച് മുന്നോട്ട് പോയത്. ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച പോലീസ്, റാമാണ് കൊലപാതകത്തിന് പിന്നിലെന്ന് ഉറപ്പിക്കുകയായിരുന്നു. പൊള്ളലേറ്റ് ഇപ്പോഴും ചികിത്സയിലുള്ള റാമിനെ തിങ്കളാഴ്ച രാത്രി വീട്ടിൽ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ മധുരയിലെ ഗവൺമെന്റ് രാജാജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


