തിരുവനന്തപുരം: കഴക്കൂട്ടത്ത് നാല് വയസ്സുകാരൻ ഗിൽദാറെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ സുഹൃത്ത് തൻബീർ ആലം കുറ്റം സമ്മതിച്ചു. ഞായറാഴ്ച കഴക്കൂട്ടത്തെ ലോഡ്ജിൽവെച്ച് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് താനാണെന്ന് തൻബീർ ആലം പോലീസിനോട് വെളിപ്പെടുത്തി. അമ്മ മുന്നി ബീഗവും തൻബീർ ആലവും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇയാൾ മൊഴി നൽകി.

രണ്ട് ദിവസം നീണ്ട ചോദ്യം ചെയ്യലുകൾക്കൊടുവിലാണ് തൻബീർ ആലം കുറ്റസമ്മതം നടത്തിയത്. കഴുത്തിൽ ടവ്വൽ മുറുക്കിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ഇയാൾ പോലീസിനെ അറിയിച്ചു. തൻബീർ ആലമിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം, കൃത്യത്തിൽ മുന്നി ബീഗത്തിന് പങ്കില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ബംഗാൾ സ്വദേശിനിയായ മുന്നി ബീഗത്തിന്റെ മകൻ ഗിൽദാറെ തൻബീർ ആലവും മുന്നി ബീഗവും ചേർന്ന് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഭക്ഷണം കഴിച്ച് ഉറങ്ങിയ കുഞ്ഞിന് അനക്കമില്ലെന്നാണ് ഇവർ ആശുപത്രിയിൽ പറഞ്ഞിരുന്നത്. എന്നാൽ, കുട്ടിയെ പരിശോധിച്ച ഡോക്ടർമാർ കഴുത്തിലെ അസ്വാഭാവിക പാടുകളും രക്തക്കറയും കണ്ട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ആശുപത്രിയിലെത്തുമ്പോൾ കുട്ടിക്ക് ജീവനുണ്ടായിരുന്നില്ല.

മരണത്തിൽ ദുരൂഹത തോന്നിയതിനെത്തുടർന്ന് കഴക്കൂട്ടം പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് വ്യക്തമായിരുന്നു. ഒരാഴ്ച മുമ്പാണ് മുന്നി ബീഗവും തൻബീർ ആലവും മുന്നി ബീഗത്തിന്റെ നാലും ഒന്നും വയസ്സുള്ള മക്കളോടൊപ്പം കഴക്കൂട്ടത്തെ ലോഡ്ജിൽ താമസത്തിനെത്തിയത്. ലോഡ്ജിൽ ഇവർ ഭാര്യഭർത്താക്കന്മാരാണെന്നാണ് പറഞ്ഞിരുന്നത്. ചോദ്യം ചെയ്യലിന്റെ ആദ്യ ദിവസം തന്നെ തൻബീർ ആലം തന്റെ ഭർത്താവല്ലെന്ന് മുന്നി ബീഗം സമ്മതിച്ചിരുന്നു.