- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മകളുടെ കാമുകനെ കൊല്ലാന്‍ നല്‍കിയത് 13 സെന്റ് ഭൂമിയും ലക്ഷങ്ങളും; വര്‍ഷങ്ങള്‍ക്കിപ്പുറം അതേ ശൈലിയില്‍ പിതാവിനും മരണം! നടി വിഷ്ണുപ്രിയയുടെ അച്ഛന് കൊടൈക്കനാലില്‍ കൊല്ലപ്പെട്ടത് പകരംവീട്ടലോ? സ്വിമ്മിങ് പൂളിനരികെ കെട്ടിയിട്ട് ശ്വാസം മുട്ടിച്ചു; ജീവനക്കാരെ ബന്ദിയാക്കി സ്വര്‍ണവും സിസിടിവി ഹാര്‍ഡ് ഡിസ്കുമായി അഞ്ചംഗ സംഘം മുങ്ങിയത് മോഷണമെന്ന് വരുത്തിത്തീര്‍ക്കാനോ?
നടി വിഷ്ണുപ്രിയയുടെ അച്ഛന് കൊടൈക്കനാലില്‍ കൊല്ലപ്പെട്ടത് പകരംവീട്ടലോ?

കൊടൈക്കനാല്‍: തെന്നിന്ത്യന്‍ നടി വിഷ്ണുപ്രിയയുടെ പിതാവ് സൂര്യനാരായണന്റെ കൊലപാതകത്തിന് പിന്നില്‍ പ്രതികാരമെന്ന് സംശയം. കൊടൈക്കനാലിലെ ബംഗ്ലാവില്‍ സ്വിമ്മിങ് പൂളിന് സമീപം മുഖത്ത് ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹം. കൈകള്‍ കെട്ടിയിട്ട നിലയിലായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും സൂര്യനാരായണന്‍ മരിച്ചിരുന്നു. ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. സ്വര്‍ണാഭരണങ്ങളും സിസി ടിവി ഹാര്‍ഡ് ഡിസ്‌കും മോഷ്ടിക്കപ്പെട്ടതുകൊണ്ട് കൊളളയ്ക്ക് വേണ്ടിയുള്ള കൊലപാതകവും സംശയിക്കുന്നുണ്ട്.
കൊലയ്ക്ക് പിന്നില്‍ പ്രതികാരമോ?
ഈ കൊലപാതകത്തിന് പിന്നില്‍ 2018-ലെ ഒരു പഴയ കേസുണ്ടോ എന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. വിഷ്ണുപ്രിയയുടെ കാമുകനായിരുന്ന പ്രഭാകരനെ കൊലപ്പെടുത്തിയ കേസില്‍ അന്ന് പ്രതിയായിരുന്നു സൂര്യനാരായണന്‍. മകളുടെ ബന്ധത്തോടുള്ള എതിര്‍പ്പായിരുന്നു അന്ന് പ്രഭാകരന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. ഈ സംഭവത്തിലുള്ള പ്രതികാരമാണോ വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യനാരായണന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
ജീവനക്കാരെ ബന്ദിയാക്കിയ ശേഷം അതിക്രമം
ബംഗ്ലാവില്‍ വിനോദസഞ്ചാരികള്‍ക്കായി മുറികള്‍ വാടകയ്ക്ക് നല്‍കാറുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ താമസിച്ചിരുന്ന അഞ്ച് യുവാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്. ഇവര്‍ സൂര്യനാരായണനെ ആക്രമിക്കുന്നതിന് മുന്‍പ് ബംഗ്ലാവിലെ ജീവനക്കാരായ അറുമുഖം, മുരളി എന്നിവരെ കയറുകൊണ്ട് കെട്ടിയിട്ടിരുന്നു. ഇതിനുശേഷമാണ് സൂര്യനാരായണനെ സ്വിമ്മിങ് പൂളിന് സമീപം കസേരയില്‍ കെട്ടിയിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.
തെളിവ് നശിപ്പിക്കാന്‍ സിസിടിവി ഹാര്‍ഡ് ഡിസ്‌ക് കടത്തി
കൊലപാതകത്തിന് ശേഷം വീട്ടിലുണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങളും പണവും സംഘം കവര്‍ന്നിട്ടുണ്ട്. വെറുമൊരു മോഷണമാണെന്ന് വരുത്തിത്തീര്‍ക്കാനാണോ ഇതെന്നും പോലീസ് സംശയിക്കുന്നു. എന്നാല്‍, കൃത്യമായ ആസൂത്രണം തെളിയിക്കുന്നതാണ് സിസിടിവി ഹാര്‍ഡ് ഡിസ്‌ക് കൊണ്ടുപോയ നടപടി. ബംഗ്ലാവില്‍ നടന്ന കാര്യങ്ങള്‍ പോലീസിന് ലഭിക്കാതിരിക്കാനാണ് അക്രമികള്‍ ഹാര്‍ഡ് ഡിസ്‌ക് ഊരിക്കൊണ്ടുപോയത്.
അന്വേഷണം ഊര്‍ജിതം
ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കസ്റ്റഡിയിലുള്ള ജീവനക്കാരെ ചോദ്യം ചെയ്തുവരികയാണ്. 2005-ല്‍ സൂര്യ നായകനായ 'മായാവി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിഷ്ണുപ്രിയ നിലവില്‍ ചെന്നൈയിലാണ് താമസം. പിതാവിന്റെ വിയോഗവാര്‍ത്തയറിഞ്ഞ് അവര്‍ കൊടൈക്കനാലിലേക്ക് തിരിച്ചിട്ടുണ്ട്.
വിഷ്ണുപ്രിയയുടെ കാമുകന്റെ കൊലപാതകം
വിഷ്ണുപ്രിയയുടെ പിതാവ് സൂര്യനാരായണന്റെ കൊലപാതകം പഴയൊരു പ്രണയപ്പകയുടെ തുടര്‍ച്ചയാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. 2018-ല്‍ കാര്‍ ഡ്രൈവര്‍ പ്രഭാകരനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ കേസില്‍ സൂര്യനാരായണന്‍ പ്രതിയായിരുന്നു. അന്ന് നടന്ന ആ കൊലപാതകത്തിന്റെ വിവരങ്ങള്‍ ഇങ്ങനെ:
പ്രണയവും ക്വട്ടേഷനും
തിരുവന്മിയൂര്‍ സ്വദേശിയായ രമേശ് കൃഷ്ണനായിരുന്നു വിഷ്ണുപ്രിയയുടെ ഭര്‍ത്താവ്. മാനസികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കൊടൈക്കനാലില്‍ ചികിത്സയിലായിരുന്ന ഭര്‍ത്താവിനെ കാണാന്‍ വരുമ്പോഴാണ് കാര്‍ ഡ്രൈവറായ പ്രഭാകരനുമായി വിഷ്ണുപ്രിയ പ്രണയത്തിലാകുന്നത്. എന്നാല്‍ ഈ ബന്ധം അറിഞ്ഞ പിതാവ് സൂര്യനാരായണന്‍ കടുത്ത എതിര്‍പ്പിലായിരുന്നു. ഒരു ഘട്ടത്തില്‍ വിഷ്ണുപ്രിയ വീട്ടില്‍ നിന്നും മാറി പ്രഭാകരനൊപ്പം ഹോട്ടലില്‍ താമസം തുടങ്ങുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇത് സൂര്യനാരായണനെ പ്രകോപിപ്പിച്ചു.
13 സെന്റ് ഭൂമിയും മൂന്നര ലക്ഷം രൂപയും!
തന്റെ ആജ്ഞ ലംഘിച്ച പ്രഭാകരനെ വകവരുത്താന്‍ സൂര്യനാരായണന്‍ കടുത്ത തീരുമാനമെടുത്തു. മണികണ്ഠന്‍, മുഹമ്മദ് സല്‍മാന്‍, ഇര്‍ഫാന്‍ എന്നിവര്‍ക്ക് പ്രഭാകരനെ കൊല്ലാന്‍ മൂന്നര ലക്ഷം രൂപയും 13 സെന്റ് ഭൂമിയുമാണ് ക്വട്ടേഷന്‍ തുകയായി നല്‍കിയത്. പ്രഭാകരന്റെ സുഹൃത്തായ സെന്തിലിനെ ഉപയോഗിച്ച് മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കിയ ശേഷം തൊണ്ട മുറിച്ചാണ് അന്ന് 28-കാരനെ കൊലപ്പെടുത്തിയത്. കൊടൈക്കനാല്‍ മലനിരകളില്‍ 50 അടി താഴേക്ക് മൃതദേഹം തള്ളുകയായിരുന്നു.
പ്രഭാകരന്റെ മരണത്തിന് പിന്നിലെ ആസൂത്രകന്‍ സൂര്യനാരായണനാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ കേസില്‍ ജയില്‍വാസം അനുഷ്ഠിച്ച ശേഷം പുറത്തിറങ്ങിയതായിരുന്നു അദ്ദേഹം. ഇപ്പോള്‍ സൂര്യനാരായണന്റെ വീട്ടിലെത്തിയ അഞ്ചംഗ സംഘം അദ്ദേഹത്തെ സമാനമായ രീതിയില്‍ (ശ്വാസം മുട്ടിച്ച്) കൊലപ്പെടുത്തിയത് പ്രഭാകരന്റെ ബന്ധുക്കളോ സുഹൃത്തുക്കളോ നടത്തിയ പകവീട്ടലാണോ എന്നാണ് പോലീസ് പ്രധാനമായും സംശയിക്കുന്നത്.


