ആലപ്പുഴ: അച്ഛനെ മകന്‍ വെട്ടിക്കൊന്നതിന്റെ ഞെട്ടലിലാണൊരു നാട്. ഭാര്യ നവ്യ ഇന്ന് പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിക്കാനിരിക്കെയാണ് അതിദാരുണമായ ക്രൂരകൃത്യം നവജിത്ത് കഴിഞ്ഞ ദിവസം നടത്തിയത്. രക്ഷിതാക്കളുമായുണ്ടായിരുന്ന കുടുംബ പ്രശ്നമാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മാവേലിക്കര കോടതിയിലെ അഭിഭാഷകന്‍ കൂടിയാണ് നവജിത്ത്. നിധിന്‍ രാജ്, നിധിമോള്‍ എന്നിവര്‍ സഹോദരങ്ങളാണ്. സംഭവം നടക്കുമ്പോള്‍ ഇവര്‍ സ്ഥലത്തുണ്ടായിരുന്നില്ല.

ഇന്നലെ രാത്രി 8.30-നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കണ്ടല്ലൂര്‍ തെക്ക് പീടികത്തിറയില്‍ നവജിത്ത്(30) അച്ഛന്‍ നടരാജനെ(48)യും അമ്മ സിന്ധു(48)വിനെയും വെട്ടിയ ശേഷം വീടിന്റെ മുകളിലെ നിലയില്‍ നിലയുറപ്പിക്കുകയായിരുന്നു. വെട്ടുകത്തികൊണ്ടായിരുന്നു ആക്രമണം. ആശുപത്രിയിലെത്തിച്ചെങ്കിലും നടരാജന്‍ മരിച്ചിരുന്നു. സിന്ധു അതീവഗുരുതരാവസ്ഥയില്‍ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ലഹരി ഉപയോഗം മാതാപിതാക്കള്‍ ചോദ്യം ചെയ്തതും കുടുംബപ്രശ്‌നങ്ങളുമാണ് അരുംകൊലയ്ക്ക് കാരണം. സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള കുടുംബമാണ് ഇവരുടേതെന്നാണ് പുറത്തുവരുന്ന വിവരം. ആ സമയം ചോരപുരണ്ട വെട്ടുകത്തിയുമായി പ്രതി വീടിന് പുറത്തുനില്‍ക്കുന്നത് അയല്‍ക്കാര്‍ കണ്ടു. വീടിനുള്ളില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു നടരാജനും ഭാര്യയും. നാട്ടുകാര്‍ മാവേലിക്കരയിലും തുടര്‍ന്ന് പരുമലയിലെയും സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നടരാജനെ രക്ഷിക്കാനായില്ല.

നടരാജന്റെ മുഖത്ത് ഉള്‍പ്പടെ നിരവധി തവണ വെട്ടേറ്റിട്ടുണ്ട്.നാട്ടുകാരെത്തിയതോടെ വീടിന്റെ മുകളില്‍ നിലയിലേക്ക് പോയ പ്രതിയെ പൊലീസെത്തി അതിസാഹസികമായാണ് കീഴടക്കിയത്. കയര്‍ ഉപയോഗിച്ച് പ്രതിയെ വരിഞ്ഞുമുറുക്കുകയായിരുന്നു. ജനങ്ങള്‍ അക്രമിക്കുമെന്ന് ഭയന്ന് പിന്‍വാതിലിലൂടെയാണ് ഇയാളെ പുറത്തേക്ക് കൊണ്ടുപോയത്. വിവരമറിഞ്ഞ് പ്രദേശത്ത് വന്‍ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. പ്രതിക്കെതിരെ ജനം അക്രമാസക്തരായയോടെ വീടിന് പിന്‍വശത്തെ വാതിലിലൂടെയാണ് കൊണ്ടുപോയത്.