പത്തനംതിട്ട: മരിച്ച മുന്‍ എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണം കെട്ടിത്തൂക്കിയ കൊലപാതകമാണെന്ന ആരോപണം ഉന്നയിച്ചത് അദ്ദേഹത്തിന്റെ ഭാര്യ മഞ്ജുഷയാണ്. ഇതിന് കാരണമായി അവര്‍ ചൂണ്ടിക്കാട്ടിയത് ഇന്‍ക്വസ്റ്റ് നടപടികള്‍ നടക്കുമ്പോള്‍ കുടുംബത്തിന്റെ അടുപ്പക്കാര്‍ അവിടെ ഉണ്ടായിരുന്നില്ലന്നതാണ്. അതേസമയം മരിച്ച മുന്‍ എ.ഡി.എം. നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നവീന്‍ ബാബു മരിച്ചവിവരം പുറത്തുവന്ന ഒക്ടോബര്‍ 15-ന് രാവിലെ കണ്ണൂര്‍ ടൗണ്‍ പോലീസ് തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. എന്നാല്‍, മൃതദേഹപരിശോധന റിപ്പോര്‍ട്ടില്‍ രക്തക്കറയുടെയോ പരിക്കിന്റെയോ പരാമര്‍ശങ്ങളില്ലെന്ന് മാതൃഭൂമി ദിനപത്രം റിപ്പോര്‍ട്ടു ചെയ്യുന്നു.

മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ മാറ്റിയശേഷമാണ് മൃതദേഹപരിശോധനയ്ക്ക് കൈമാറിയത്. ഇങ്ങനെയാണ് സാധാരണ നടപടിക്രമം. ജോക്കി എന്ന എഴുത്തുള്ളതും ചാരനിറത്തിലുള്ളതുമായ അടിവസ്ത്രമാണ്, മരിക്കുമ്പോള്‍ നവീന്‍ബാബു ധരിച്ചിരുന്നത്. അടിവസ്ത്രം രക്തക്കറകളോടുകൂടിയ നിലയിലായിരുന്നുവെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. തുടകള്‍, കണങ്കാലുകള്‍, പാദങ്ങള്‍ എന്നിവ സാധാരണനിലയിലാണെന്നും എഴുതിയിട്ടുണ്ട്. രക്തക്കറകളെക്കുറിച്ച് മറ്റു പരാമര്‍ശങ്ങളൊന്നും റിപ്പോര്‍ട്ടിലില്ല.

എഫ്.ഐ.ആറില്‍ രക്തക്കറയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളൊന്നും ഇല്ല. മരണകാര്യത്തില്‍ മറ്റു സംശയങ്ങളൊന്നും ഇല്ലെന്നാണ് എഫ്.ഐ.ആറിലെ ഉള്ളടക്കം. ഇന്‍ക്വസ്റ്റ് നടത്താന്‍ രക്തബന്ധുക്കള്‍ ആരും സ്ഥലത്തില്ലാത്തതിനാല്‍ അവരുടെ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. ഒക്ടോബര്‍ 15-ന് രാവിലെ 10.15-ന് തുടങ്ങി 11.45-നാണ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയത്. മരണവിവരമറിഞ്ഞ് പത്തനംതിട്ടയില്‍നിന്ന് കണ്ണൂരിന് തിരിച്ച ബന്ധുക്കള്‍ 11.50-ഓടെ കണ്ണൂര്‍ പോലീസ് ഡെപ്യൂട്ടി കമ്മിഷണറെ വിളിച്ചപ്പോഴാണ് ഇന്‍ക്വസ്റ്റ് കഴിഞ്ഞവിവരം അറിയുന്നത്.

മൃതദേഹപരിശോധന പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തുന്നതില്‍ തങ്ങള്‍ക്ക് വിയോജിപ്പുണ്ടെന്നും, കോഴിക്കോട്ടേക്ക് മാറ്റണമെന്നും ഡി.സി.പി.യോട് അപ്പോഴാണ് ആവശ്യപ്പെട്ടത്. ആരോപണവിധേയയായ പി.പി.ദിവ്യയുടെ ഭര്‍ത്താവും, കൈക്കൂലി നല്‍കിയെന്ന് ആരോപണമുന്നയിച്ച പ്രശാന്തനും ജോലിചെയ്യുന്ന സ്ഥലമായതിനാലാണ് പരിയാരത്തുനിന്ന് മൃതദേഹപരിശോധന മാറ്റണമെന്ന് ആവശ്യപ്പെട്ടത്. കളക്ടറോട് പറയുന്നതായിരിക്കും ഉചിതം എന്നായിരുന്നു മറുപടി. പിന്നീട് കളക്ടര്‍ അരുണ്‍ കെ.വിജയനെ ബന്ധുക്കള്‍ വിളിച്ചു. മൃതദേഹപരിശോധന തുടങ്ങിയ കാര്യം അപ്പോഴാണ് അറിഞ്ഞത്.

ഒന്നും പേടിക്കാനില്ലെന്നും, ഒരു ക്രമക്കേടും ഉണ്ടാകില്ലെന്ന് താന്‍ ഉറപ്പുതരുന്നുവെന്നും കളക്ടര്‍ ഇവരോട് പറഞ്ഞു. പോലീസ് സര്‍ജനാണ് മൃതദേഹപരിശോധന ചെയ്യുന്നതെന്നും അദ്ദേഹം ബന്ധുക്കളെ അറിയിച്ചു. നവീന്‍ ബാബുവിന്റെ അനുജന്‍ അഡ്വ. പ്രവീണ്‍ ബാബു, ബന്ധുക്കളായ അഡ്വ. അനില്‍ പി. നായര്‍, ഹരീഷ്, മലയാലപ്പുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജയലാല്‍, നാട്ടുകാരായ ഉത്തമന്‍, രാജേഷ് എന്നിവരാണ് മരണവിവരമറിഞ്ഞ് അന്ന് കണ്ണൂരിലേക്ക് പോയത്.

അതേസമയം കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റേത് തൂങ്ങിമരണമാണെന്ന് വ്യക്തമാക്കുന്ന വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും നേരത്തെ പുറത്തുവന്നിരുന്നു. നവീന്‍ ബാബുവിന്റെ ശരീരത്തില്‍ പരിക്കുകള്‍ ഇല്ലായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.ഒക്ടോബര്‍ 15ന് ഉച്ചയ്ക്ക് 12.40നും 1.50നും ഇടയിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്.തലയോട്ടിക്ക് പരിക്കില്ല. വാരിയെല്ലുകള്‍ക്ക് ക്ഷതമില്ല. ഇടത് ശ്വാസകോശത്തിന്റെ മുകള്‍ഭാഗം നെഞ്ചിന്റെ ഭിത്തിയോട് ചേര്‍ന്ന നിലയിലാണ്.

പേശികള്‍ക്കും പ്രധാന രക്തക്കുഴലുകള്‍ക്കും പരിക്കില്ല. തരുണാസ്ഥി, കശേരുക്കള്‍ എന്നിവയ്ക്കും പരിക്കില്ല. അന്നനാളം സാധാരണ നിലയിലായിരുന്നു. കണ്ണുകള്‍ അടഞ്ഞിരിക്കുകയായിരുന്നു. മൂക്ക്, വായ, ചെവി എന്നിവയ്ക്ക് പരിക്കില്ലായിരുന്നു. ചുണ്ടുകള്‍ നീല നിറത്തിലായിരുന്നു. പല്ലുകള്‍ക്കും മോണകള്‍ക്കും കേടില്ല. നാവ് കടിച്ചിരുന്നു. വിരലിലെ നഖങ്ങള്‍ക്ക് നീല നിറമായിരുന്നു. ശരീരം അഴുകിയതിന്റെ ലക്ഷണമില്ല. വയറും മൂത്രാശയവും ശൂന്യമായിരുന്നു. സുഷുമ്‌ന നാഡിക്ക് പരിക്കില്ല. മൃതദേഹം തണുത്ത അറയില്‍ സൂക്ഷിച്ചിരുന്നില്ല.

0.5 സെന്റിമീറ്റര്‍ വ്യാസമുള്ള മഞ്ഞ കലര്‍ന്ന നിറത്തിലെ പ്‌ളാസ്റ്റിക് കയര്‍ കഴുത്തില്‍ കെട്ടിയിരുന്നു. കയറിന്റെ നീണ്ട ഭാഗത്തിന് 103 സെന്റിമീറ്റര്‍ നീളമുണ്ടായിരുന്നു. കയറിന് 30 മീറ്റര്‍ നീളമുള്ള സ്വതന്ത്ര ഭാഗവും ഉണ്ടായിരുന്നു. കഴുത്തിന് ചുറ്റുമുള്ള കയറിന്റെ ഭാഗത്ത് 22 സെന്റിമീറ്റര്‍ നീളമാണ് ഉണ്ടായിരുന്നത്. അതേസമയം, ആന്തരികാവയവങ്ങള്‍ രാസ പരിശോധനയ്ക്ക് അയച്ചിട്ടില്ല. ആന്തരികാവയവങ്ങള്‍ രാസ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടോയെന്നത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നില്ല.

നവീന്റെ മരണത്തില്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. നവീന്‍ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന സംശയമുണ്ടെന്നും മരണത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ പങ്കിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിയില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം ഹൈക്കോടതി നിര്‍ദ്ദേശിച്ചാല്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു.

അന്വേഷണത്തിന് തയ്യാറാണോയെന്ന് കോടതി ചോദിച്ചപ്പോഴായിരുന്നു മറുപടി. അതേസമയം സിബിഐ അന്വേഷണത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും വാദിച്ചു. കേസ് ഡയറി പരിശോധിച്ചശേഷം ഇക്കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് കോടതി വ്യക്തമാക്കി. വിഷയം 12ന് വീണ്ടും പരിഗണിക്കും.ഒക്ടോബര്‍ 16ന് പുലര്‍ച്ചയോടെയാണ് പത്തനംതിട്ട സ്വദേശിയായ നവീന്‍ ബാബുവിനെ ക്വാട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തനംതിട്ട എഡിഎം ആയി നാട്ടിലേക്ക് പോകാനിരിക്കെ സഹപ്രവര്‍ത്തകര്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ പിപി ദിവ്യയുടെ പരസ്യമായ അപമാനം ആത്മഹത്യയിലേയ്ക്ക് നയിച്ചെന്നാണ് ഉയരുന്ന ആരോപണം. കേസില്‍ അറസ്റ്റിലായ ദിവ്യയ്ക്ക് ജാമ്യവും ലഭിച്ചിരുന്നു.