തിരുവനന്തപുരം: നെടുമങ്ങാട് സ്വദേശി വിനോദിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിക്ക് വധ ശിക്ഷയും 4, 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊല്ലം കച്ചേരിവിള വീട്ടില്‍ കാട്ടുണ്ണി എന്ന ഉണ്ണിക്കാണ് വധ ശിക്ഷ. പ്രതി ഉണ്ണിയെ മരണം വരെ തൂക്കിലേറ്റാന്‍ കോടതി ഉത്തരവിട്ടു.( Accused shall be hanged till his death). തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പ്രസൂണ്‍ മോഹന്റെതാണ് ഉത്തരവ്.

കേസിലെ മൂന്ന് അഞ്ച്, ആറ് പ്രതികളായ കരിപ്പൂര് മഞ്ച സ്വദേശി മഞ്ച കണ്ണന്‍ എന്ന കണ്ണന്‍, തൊളിക്കോട് മടത്തിങ്കള്‍ ഹൗസില്‍ താമസം രജിത്ത് ബാബു, വലിയമല ശാന്തി ഭവനില്‍ ശരത് കുമാര്‍ എന്നീ പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു.
പിഴ തുകയില്‍ നിന്നും നാല് ലക്ഷം രൂപ മരിച്ച വിനോദിന്റെ മാതാവ് ശ്രീകുമാരി, സഹോദരന്‍മാരായ ബിജു., വിനീത് എന്നിവര്‍ക്ക് നല്‍കണം.

കേസിലെ 29ാം സാക്ഷി അനസ്, സംഭവത്തില്‍ പരിക്കേറ്റ ഒന്നാം സാക്ഷി ഷാനവാസ് എന്നിവര്‍ക്ക് 20,000 രൂപ വീതം നല്‍കാനും വിധി ന്യായത്തില്‍ പറയുന്നു. ഒന്നാം പ്രതി പുറത്തിറങ്ങിയാല്‍ അത് സാമൂഹത്തിന് ആപത്താണ്. മറ്റ് ക്രിമിനല്‍ കേസുകളില്‍ പ്രതി കൂടിയായ ഇയാള്‍ ജയിലില്‍ കിടക്കുന്ന സമയങ്ങളിലും അക്രമ സ്വഭാവം കാട്ടും എന്ന റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ഉത്തരവ്. പ്രോസിക്യൂഷന് വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ വേണി.കെ, അഭിഭാഷകരായ ഷെഹ്നസ്, അഭിജിത്ത്, വിഷ്ണു എന്നിവര്‍ ഹാജരായി.

2016 ജനുവരി 31നാണ് സംഭവം നടന്നത്. വേണാട് ആശുപത്രിയില്‍ സുഹൃത്തിന്റെ ചികിത്സയ്ക്കായി എത്തിയ വിനോദിനെ പ്രതികള്‍ വാക്കു തര്‍ക്കത്തിന്റെ പേരിലുള്ള വിരോധം കാരണം കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന്‍ കേസ്.

5-ാം പ്രതിയുടെ കൈയ്ക്ക് മുറിവ് പറ്റിയത് ചികില്‍സക്കായി 6-ാം പ്രതിയോടൊപ്പം നെടുമങ്ങാട് വേണാട് ആശുപത്രിയില്‍ എത്തിയ അഞ്ചാം പ്രതിയോട് ആശുപത്രിയില്‍ വച്ച് പരാതിക്കാരനോടും മറ്റ് സുഹൃത്തുക്കള്‍ സാഗര്‍, കൊല്ലപ്പെട്ട വിനോദിനോടടൊപ്പം ചികില്‍സ കഴിഞ്ഞ് ഇരിക്കുകയായിരുന്ന അനസ് എന്നയാള്‍ 5-ാം പ്രതിയുടെ കൈയ്ക്ക് പറ്റിയ മുറിവിനെപ്പറ്റി ചോദിച്ചതില്‍ വച്ചുള്ള വിരോധം നിമിത്തം 5 ഉം 6 ഉം പ്രതികള്‍ അനസിനെ ചീത്ത വിളിച്ച് ദേഹോപദ്രവം എല്‍പ്പിക്കാന്‍ ഒരുങ്ങിയ സമയം ഇത് തടയാനെത്തിയ പരാതിക്കാരനെയും കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളെയും ചീത്തവിളിച്ച ശേഷം ആശുപത്രിയില്‍ നിന്നും പുറത്തേക്ക് പിടിച്ച് തള്ളി 5 ഉം 6 ഉം പ്രതികളോടൊപ്പം വന്ന് ടി ആശുപത്രിക്ക് പുറത്ത് നില്‍ക്കുകയായിരുന്ന മറ്റ് പ്രതികളോട് ഇവന്‍മാരെ കുത്തികൊല്ലടാ എന്ന് പറഞ്ഞ
ആക്രമിക്കുകയായിരുന്നു. കേസിലെ പ്രശാന്ത്, ഷിബു എന്നീ രണ്ട്, നാല് പ്രതികളെ വെറുതെ വിട്ടു.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവം, പ്രതി ഉണ്ണി കൃത്യം നടപ്പിലാക്കിയ രീതിയും സ്വഭാവവും മുന്‍ ശിക്ഷാ പ്രതി ജയിലില്‍ കഴിയുമ്പോഴും പ്രതിയുടെ നടത്ത (കുറ്റകൃത്യ സ്വഭാവം ) എന്നീ വസ്തുതകള്‍ കണക്കിലെടുത്താണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. ഹൈക്കോടതി സ്ഥിരീകരണം വന്ന ശേഷം പ്രതിയെ തൂക്കിലേറ്റും. ഇതിനിടെ 60 ദിവസത്തിനകം പ്രതിക്ക് താന്‍ നിരപരാധിയാണെന്നും വിചാരണക്കോടതി തനിക്കെതിരെ യാതൊരു തെളിവുമില്ലാതെ യാണ് തന്നെ വധശിക്ഷക്ക് വിധിച്ചതെന്നു കാട്ടി ഈ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ പോകാം.

അപ്പീലില്‍ വിധി സ്റ്റേ ചെയ്താല്‍ അപ്പീല്‍ വിധി വന്ന ശേഷം വധശിക്ഷ നടപ്പിലാക്കും. പ്രതിക്ക് സുപ്രീം കോടതിയില്‍ അപ്പീല്‍ , രാഷ്ട്രപതിക്ക് ദയാഹര്‍ജി എന്നിവ സമര്‍പ്പിക്കാന്‍ അവസരമുണ്ട്.