ചേര്‍ത്തല (ആലപ്പുഴ): ഗൃഹനാഥയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ചേര്‍ത്തല പുളിന്തഴ നികര്‍ത്ത് പ്രദേശത്താണ് നാടിനെ നടുക്കിയ കൊലപാതകം. ശരവണന്റെ ഭാര്യ വനജ (50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി നടന്ന ഈ ദാരുണ സംഭവത്തില്‍ അയല്‍വാസികളായ വിജേഷും ജയേഷുമാണ് പ്രധാനപ്രതി. ഇവര്‍ ഇപ്പോള്‍ ഒളിവിലാണ്.

സംഭവം നടക്കുമ്പോള്‍ വീടിനുള്ളില്‍ വനജ തനിച്ചായിരുന്നു. വാക്കുതര്‍ക്കത്തിനിടെ തൊട്ടടുത്തുണ്ടായിരുന്ന ചുറ്റിയെടുത്ത് ഇവര്‍ വനജയെ ആക്രമിക്കുകയായിരുന്നു. സമീപവാസികള്‍ ഉടന്‍ അവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പൂച്ചാക്കല്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വനജയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റിയിരിക്കുകയാണ്. പ്രതികള്‍ക്കായി വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിരിക്കുന്നതായി പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.