കൊച്ചി: എറണാകുളത്ത് നേപ്പാൾ സ്വദേശിനിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി നേപ്പാളിലേക്ക് കടന്നെന്ന സംശയത്തിൽ അന്വേഷണം ഊർജ്ജിതമാക്കാൻ കൊച്ചി പൊലീസ്. പ്രതിയെ തേടി അന്വേഷണ സംഘം നേപ്പാളിലേക്ക് തിരിച്ചു. കടവന്ത്രയ്ക്കടുത്ത് ഗിരിനഗറിലെ വാടകവീട്ടിൽ അഴുകിയ നിലയിലായിരുന്നു നേപ്പാളി സ്വദേശിയായ ഭഗീരഥി ധാമിയുടെ മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടായിരുന്നു. യുവതിയെ ശ്വാസംമുട്ടിച്ച് കൊന്നതാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

ഇവരുടെ കൂടെ താമസിച്ചിരുന്ന നേപ്പാളി സ്വദേശിയായ രാം ബഹദൂറാണ് പ്രതി. ഭഗീരഥി ധാമിയും രാം ബഹദൂറും പരിചയക്കാരും ഒരേ നാട്ടുകാരുമാണ്. കൊലപാതക ശേഷം രാം ബഹദൂർ ഒളിവിലായിരുന്നു. കൊച്ചിയിൽ നിന്ന് കടന്ന രാം ബഹദൂർ നേപ്പാളിൽ എത്തിയിട്ടുണ്ടെന്നാണ് സൂചന.

കൊല്ലപ്പെട്ട ഭഗീരഥി ധാമിയുടെ ബന്ധുക്കളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ അന്വേഷണം. പ്രതിക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ത്യനേപ്പാൾ അതിർത്തിയിലെ സുരക്ഷാ സേനയ്ക്കും വിവരം കൈമാറിയിട്ടുണ്ട്.

കൊച്ചിയിൽ വ്യാജപേരിലാണ് ഇയാൾ താമസിച്ചിരുന്നത്. വിവിധ സംസ്ഥാനങ്ങളിൽ പല പേരുകളിൽ ജോലി ചെയ്തിട്ടുള്ള രാം ബഹദൂർ മഹാരാഷ്ട്രയിൽ നിന്നാണ് തിരിച്ചറിയൽ രേഖ ഉണ്ടാക്കിയിരിക്കുന്നത്. മഹാരാഷ്ട്ര സ്വദേശിയെന്ന നിലയിലുള്ള ഈ രേഖ ഉപയോഗിച്ച് വാങ്ങിയ സിംകാർഡ് ആണ് കൊച്ചിയിൽ ഉപയോഗിച്ചിരുന്നത്. എന്നാൽ നിലവിൽ ഫോൺ സ്വിച്ച് ഓഫാണ്.

ഭാഗീരഥിയുടെ മാതാപിതാക്കൾ വിവരമറിയച്ചതിനെ തുടർന്ന് ബംഗളൂരുവിൽ ജോലി ചെയ്യുന്ന സഹോദരങ്ങൾ കൊച്ചിയിൽ എത്തിയിട്ടുണ്ട്. കളമശ്ശേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ച മൃതദേഹം മാതാപിതാക്കളുടെ അനുമതി തേടിയ ശേഷം ബന്ധുക്കൾക്ക് കൈമാറും.