ആലപ്പുഴ: ചേര്‍ത്തലയില്‍ നവജാത ശിശുവിനെ കാണാനില്ലെന്ന പരാതിയില്‍ വഴിത്തിരിവ്. കുഞ്ഞിനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്ന് അമ്മ പൊലീസിന് മൊഴി നല്‍കി. ആണ്‍സുഹൃത്താണ് കുഞ്ഞിനെ കൊന്നതെന്നും യുവതി മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയും കാമുകനും പൊലീസ് കസ്റ്റഡിയിലാണ്.

രണ്ട് കുട്ടികളുടെ അമ്മയായ യുവതി മൂന്നാമത്തെ കുഞ്ഞിനെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് പ്രസവിച്ചത്. പ്രസവ ശേഷം 31ന് ആശുപത്രി വിട്ടെങ്കിലും ഇവര്‍ക്കൊപ്പം കുഞ്ഞുണ്ടായിരുന്നില്ല. കുഞ്ഞിനെ കാണാതായതോടെ ആശാവര്‍ക്കര്‍മാരാണ് ജനപ്രതിനിധികളെയും പിന്നീട് ചേര്‍ത്തല പൊലീസിലും വിവരം അറിയിച്ചത്.

സംഭവത്തില്‍ ദുരൂഹത തോന്നിയ പൊലീസ് അമ്മയെ ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തുവന്നത്. ആദ്യം മക്കളില്ലാത്ത തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് കുഞ്ഞിനെ വളര്‍ത്താന്‍ കൊടുത്തുവെന്നായിരുന്നു യുവതി പൊലീസിനോട് പറഞ്ഞത്. അതിനു പിന്നാലെയാണ് ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് യുവതി സമ്മതിച്ചത്.

കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ഒരു കൂട്ടര്‍ക്ക് വിറ്റുവെന്നാണ് യുവതി ആദ്യം പറഞ്ഞതെന്ന് വാര്‍ഡ് മെമ്പര്‍ പറഞ്ഞു. സാമ്പത്തിക പ്രശ്‌നം മൂലമാണ് കുഞ്ഞിനെ നല്‍കിയതെന്നാണ് യുവതി പറഞ്ഞതെന്നും വളര്‍ത്താന്‍ നിവൃത്തിയില്ലാത്തത് കൊണ്ടാണ് നല്‍കിയതെന്നും യുവതി പറഞ്ഞതായി വാര്‍ഡ് മെമ്പര്‍ പറഞ്ഞു. തൃപ്പൂണിത്തുറ സ്വദേശികളുടെ സങ്കടം കണ്ട് നിവൃത്തികേടുകൊണ്ടാണ് കുഞ്ഞിനെ കൊടുത്തതെന്നാണ് യുവതി പറഞ്ഞതെന്നും വാര്‍ഡ് മെമ്പര്‍ പറഞ്ഞു. യുവതിക്ക് ഇവര്‍ക്ക് വെറെ രണ്ടു കുട്ടികളുണ്ട്. മൂന്നാമത്തെ കുഞ്ഞിനെയാണ് കൈമാറിയതായി പറയുന്നത്.

കസ്റ്റഡിയിലെടുത്ത യുവതിയെയും സുഹൃത്തിനെയും ചേര്‍ത്ത പൊലീസ് സ്റ്റേഷനിലെത്തിച്ചു. വിശദമായി ചോദ്യം ചെയ്തതോടെയാണ് നടന്നത് കൊലപാതകമാണെന്ന് തെളിഞ്ഞത്.