കൊല്‍ക്കത്ത: പി.ജി. ട്രെയിനി ഡോക്ടര്‍ കൊല്ലപ്പെട്ട കൊല്‍ക്കത്ത ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മുന്‍ പ്രിന്‍സിപ്പലിനെതിരായ കടുത്ത ആരോപണങ്ങളില്‍ അന്വേഷണം. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളില്‍നിന്ന് കൈക്കൂലി വാങ്ങിയതായും അജ്ഞാത മൃതദേഹങ്ങള്‍ വില്‍പ്പന നടത്തിയെന്നും ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് മുന്‍ പ്രിന്‍സിപ്പില്‍ ഡോ.സന്ദീപ് ഘോഷിനെതിരേ ഉയര്‍ന്നിരിക്കുന്നത്. ഇതുസംബന്ധിച്ച് ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിലെ മുന്‍ ഡെപ്യൂട്ടി സൂപ്രണ്ട് അക്തര്‍ അലി പോലീസില്‍ പരാതി നല്‍കി.

ആശുപത്രിയിലെ അനധികൃത പ്രവര്‍ത്തനങ്ങളിലൂടെ സന്ദീപ് ഘോഷ് ലക്ഷങ്ങള്‍ സമ്പാദിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഇയാളുടെ നേതൃത്വത്തില്‍ ആശുപത്രി കേന്ദ്രീകരിച്ച് വലിയൊരു ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു. സന്ദീപ് ഘോഷ് പ്രിന്‍സിപ്പല്‍ ആയിരുന്ന കാലത്ത് മെഡിക്കല്‍ കോളേജില്‍ നടന്നത് സമാനതയില്ലാത്ത അഴിമതിയും കുറ്റകൃത്യങ്ങളുമെന്നാണ് ആരോപണം. മെഡിക്കല്‍ കോളേജില്‍ മാഫിയയ്ക്ക് സമാനമായ നടപടികളാണ് നടന്നിരുന്നതെന്നാണ് ആരോപണം. 2021ലാണ് സന്ദീപ് ഘോഷ് ചുമതലയേല്‍ക്കുന്നത്. മെഡിക്കല്‍ കോളേജിലേക്ക് എത്തുന്ന അജ്ഞാത മൃതദേഹങ്ങള്‍ നിയമാനുസൃതമല്ലാത്ത രീതിയില്‍ ഉപയോഗിക്കപ്പെട്ടതില്‍ സന്ദീപ് ഘോഷിന് പങ്കുണ്ടെന്നാണ് ഉയരുന്ന ആരോപണങ്ങളില്‍ പ്രധാനം.

ആശുപത്രിയിലെ മെഡിക്കല്‍ മാലിന്യമെല്ലാം പ്രിന്‍സിപ്പല്‍ പുറത്തേക്ക് അനധികൃതമായി കടത്തിയതായാണ് പ്രധാന ആരോപണം. ഉപയോഗിച്ച സിറിഞ്ചുകളും ഗ്ലൗസുകളും അടക്കമുള്ള മാലിന്യമാണ് സന്ദീപ് ഘോഷിന്റെ ബംഗ്ലാദേശ് ബന്ധം ഉപയോഗിച്ച് മറ്റൊരിടത്തേക്ക് കടത്തിയത്. നിയമപ്രകാരം അംഗീകൃത കേന്ദ്രങ്ങളിലേക്കാണ് മെഡിക്കല്‍ മാലിന്യങ്ങള്‍ കൊണ്ടുപോകേണ്ടത്. അവിടെവെച്ചാണ് ഇത് സംസ്‌കരിക്കേണ്ടത്. എന്നാല്‍, പ്രിന്‍സിപ്പലായിരിക്കെ സന്ദീപ് ഘോഷ് ഇത് പുറത്തേക്ക് കടത്തുകയായിരുന്നു. ഇതിനുപുറമേ ആശുപത്രിയില്‍ സൂക്ഷിക്കുന്ന അജ്ഞാത മൃതദേഹങ്ങള്‍ മറിച്ചുവിറ്റതിലൂടെ പ്രിന്‍സിപ്പല്‍ പണം സമ്പാദിച്ചെന്നും ആരോപണമുണ്ട്.

ആശുപത്രിയിലെ എല്ലാ ടെണ്ടറുകളില്‍നിന്നും 20 ശതമാനം തുക പ്രിന്‍സിപ്പല്‍ കൈക്കൂലിയായി ഈടാക്കിയിരുന്നു. മാത്രമല്ല, വിദ്യാര്‍ഥികളില്‍നിന്നും ഇയാള്‍ കൈക്കൂലി വാങ്ങി. പരീക്ഷയില്‍ തോറ്റവരോ മാര്‍ക്ക് കുറഞ്ഞവരോ ആയ വിദ്യാര്‍ഥികളില്‍നിന്നാണ് വിജയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി പണം വാങ്ങിയിരുന്നതെന്നും മുന്‍ ഡെപ്യൂട്ടി സൂപ്രണ്ട് പരാതിയില്‍ പറയുന്നു.

2023-ല്‍ സന്ദീപ് ഘോഷിനെതിരേ വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ആ പരാതിയില്‍ ഒരു നടപടിയും സ്വീകരിച്ചില്ല. മാത്രമല്ല, പരാതി നല്‍കിയ തന്നെ ആര്‍.ജി. കര്‍ ആശുപത്രിയില്‍നിന്ന് സ്ഥലംമാറ്റുകയാണുണ്ടായതെന്നും മുന്‍ ഡെപ്യൂട്ടി സൂപ്രണ്ട് അക്തര്‍ അലി പറഞ്ഞു.

പി.ജി. ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പലായിരുന്ന സന്ദീപ് ഘോഷിനെതിരേ രൂക്ഷമായ ആക്ഷേപമുയര്‍ന്നിരുന്നു. സംഭവം മറച്ചുവെക്കാന്‍ പ്രിന്‍സിപ്പല്‍ ശ്രമിച്ചെന്നും ആത്മഹത്യയാണെന്നാണ് ആദ്യം വിശദീകരിച്ചതെന്നും പി.ജി.ഡോക്ടറുടെ കുടുംബം അടക്കം ആരോപിച്ചിരുന്നു. കഴിഞ്ഞദിവസം സുപ്രീംകോടതിയും ഇക്കാര്യം ചൂണ്ടിക്കാട്ടി. ഡോക്ടറുടെ കൊലപാതകത്തില്‍ കഴിഞ്ഞദിവസങ്ങളില്‍ സി.ബി.ഐ. സംഘവും സന്ദീപ് ഘോഷിനെ മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു.

അതിനിടെ, മെഡിക്കല്‍ കോളേജിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും സന്ദീപ് ഘോഷിനെതിരേ കഴിഞ്ഞദിവസം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തി. ഒരുമാസത്തിനുള്ളില്‍ അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം.

പഠന കാലത്തെ സന്ദീപ് ഘോഷ് ഇത്തരത്തിലുള്ള ആളായിരുന്നില്ലെന്നും അധികാരം ആളുകളെ മാറ്റുന്നതിന്റെ പ്രതിഫലനം ആയിരിക്കാമെന്നുമാണ് സഹപാഠികളിലൊരാള്‍ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ അനധികൃതമായി സന്ദീപ് ഘോഷ് വില്‍പന നടത്തിയിരുന്നുവെന്നാണ് മെഡിക്കല്‍ കോളേജിലെ മുന്‍ സൂപ്രണ്ട് ഡോ. അക്താര്‍ അലി ആരോപിക്കുന്നത്. റബ്ബര്‍ ഗ്ലൌ, സലൈന്‍ ബോട്ടിലുകള്‍, സിറിഞ്ചുകള്‍, സൂചികള്‍ എന്നിവയുള്‍പ്പെടെയാണ് ഇത്തരത്തില്‍ അനധികൃതമായി വില്‍പന നടത്തിയിരുന്നതെന്നും മുന്‍ സൂപ്രണ്ട് വിശദമാക്കുന്നു. ഓരേ ദിവസവും 600 കിലോ വരെയുള്ള ബയോമെഡിക്കല്‍ മാലിന്യമാണ് ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ഇത്തരത്തില്‍ വില്‍പന നടത്തിയിരുന്നതെന്നാണ് ആരോപണം.

പരീക്ഷകളില്‍ പരാജയപ്പെട്ട വിദ്യാര്‍ത്ഥികളെ പണം വാങ്ങി പാസ് മാര്‍ക്ക് നല്‍കുകയും കരാറുകാരില്‍ നിന്ന് പണം പറ്റുകയും ചെയ്തിരുന്നുവെന്നും മുന്‍ സൂപ്രണ്ട് ആരോപിക്കുന്നു. ടെണ്ടറുകളുടെ 20 ശതമാനം കമ്മീഷന്‍ സന്ദീപ് ഘോഷ് കൈപ്പറ്റിയിരുന്നു. സന്ദീപ് ഘോഷിനെതിരെ പരാതിപ്പെട്ടതാണ് തനിക്ക് സ്ഥലംമാറ്റം ലഭിക്കാന്‍ കാരണമായതെന്നാണ് മുന്‍ സൂപ്രണ്ട് ആരോപിക്കുന്നത്.

നിലവിലെ ബലാത്സംഗ കൊലപാതകത്തിന് പിന്നാലെ നേരത്തെ ആശുപത്രിയില്‍ ആശുപത്രിയില്‍ മുമ്പ് നടന്ന പല സംശയസ്പദമായ മരണങ്ങളും ചര്‍ച്ചയാകുന്നുണ്ട്. പൗലാമി സാഹ എന്ന വിദ്യാര്‍ഥിനിയെ 2020ല്‍ അത്യാഹിത കെട്ടിടത്തിന്റെ ഗ്രൗണ്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ആത്മഹത്യയാണെന്നതിന് തെളിവുകളൊന്നും കണ്ടെടുത്തില്ലെങ്കിലും വിഷാദരോഗം ബാധിച്ച് യുവതി ആറാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്‌തെന്നായിരുന്നു പൊലീസും ആശുപത്രി അധികൃതരും അവകാശപ്പെട്ടത്. ഈ സംഭവത്തില്‍ പിന്നീട് തുടരന്വേഷണമൊന്നുമുണ്ടായില്ല.

2003-ല്‍, എംബിബിഎസ് ഇന്റേണ്‍ ആയിരുന്ന സുവോരോജ്യിതി ദാസ് (23) ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചിരുന്നു. കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുന്നതിന് മുമ്പ് വിദ്യാര്‍ത്ഥി ആന്റീ ഡിപ്രസന്റ് കുത്തിവച്ചതായും ഞരമ്പ് മുറിച്ചതായും പൊലീസ് അന്ന് പറഞ്ഞിരുന്നു. ആ കേസും ആത്മഹത്യയായി അവസാനിപ്പിച്ചു. ഈ രണ്ട് കേസിലും ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിരുന്നില്ല. മറ്റൊരു വിദ്യാര്‍ത്ഥിയായ സൗമിത്ര ബിശ്വാസിനെ 2001ല്‍ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ മരണവും ആത്മഹത്യയായി കണക്കാക്കി.

ഹോസ്റ്റല്‍ മുറികളില്‍ അശ്ലീല വീഡിയോകള്‍ ചിത്രീകരിക്കാന്‍ ലൈംഗികത്തൊഴിലാളികളെ കൊണ്ടുവന്ന വിദ്യാര്‍ഥികളുടെയും ആശുപത്രി ജീവനക്കാരുടെയും റാക്കറ്റിനെതിരെ പ്രതിഷേധിച്ചതിനാണ് ബിശ്വാസിന്റെ മരണത്തിന് പിന്നിലെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഈ വഴിക്ക് കേസ് അന്വേഷണം പോയില്ലെന്നാണ് ആരോപണം. അശ്ലീല വീഡിയോ റാക്കറ്റ് ആശുപത്രിയിലെ മൃതദേഹങ്ങള്‍ ചൂഷണം ചെയ്തതായി ന്യൂസ് എക്‌സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.