കോട്ടയം: കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് കാന്‍സര്‍ രോഗിയായ പിതാവിനെ മകന്‍ കമ്പിപ്പാര കൊണ്ട് അടിച്ച് കൊന്നു. കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് ഷാജി ജോര്‍ജ് (57) ആണ് മകന്‍ രാഹുല്‍ ഷാജിയുടെ അടിയേറ്റ് മരിച്ചത്.

വീട്ടുമുറ്റത്ത് കിടന്ന വാഹനത്തിന്റെ ഡോര്‍ തുറന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മദ്യപിച്ചെത്തിയ മകന്‍ വീട്ടിലുണ്ടായിരുന്ന കമ്പിപ്പാര ഉപയോഗിച്ച് അടിയ്ക്കുകയായിരുന്നു. പോലീസെത്തി വീട്ടില്‍ നിന്നുതന്നെ രാഹുലിനെ കസ്റ്റഡിയിലെടുത്തു.

കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് 2 ദിവസമായി ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. ഞായാറാഴ്ച വൈകിട്ട് നാലു മണിയോടെയാണു സംഭവം.

ഞായറാഴ്ച മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മില്‍ വാക്കേറ്റവും അടിപിടിയുമുണ്ടായി. ഇതിനിടെ മകന്‍ രാഹുല്‍ കമ്പിപ്പാര ഉപയോഗിച്ചു ഷാജിയുടെ തലയ്ക്ക് അടിച്ചെന്നു പൊലീസ് പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാജി ഇന്നു (തിങ്കളാഴ്ച) രാവിലെ എട്ടുമണിയോടെ മരിച്ചു. രാഹുല്‍ കുത്തുകേസിലെ പ്രതിയാണെന്നും പൊലീസ് അറിയിച്ചു. മകന്‍ രാഹുലിനെ പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തു.