ശബരിമല: നടന്‍ ദിലീപിന് ശബരിമലയില്‍ വിഐപി ദര്‍ശനം നല്‍കിയതില്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചുവെന്ന് ദേവസ്വം പ്രസിഡന്റ് എന്‍ പ്രശാന്ത്. നാല് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് കിട്ടിയിട്ടുണ്ട്. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍, രണ്ട് ഗാര്‍ഡുമാര്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. വിശദീകരണം കേട്ട ശേഷം തുടര്‍ നടപടിയുണ്ടാകും.

കുറച്ച് നേരത്തേക്ക് ദര്‍ശനം തടസ്സപ്പെട്ടു എന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. മുറി അനുവദിച്ചതില്‍ ഒരു ക്രമക്കേടും ഇല്ല. സ്വാഭാവിക നടപടി മാത്രം ആണ്. എന്നാല്‍ വിഐപി ദര്‍ശനം നല്‍കിയതിലെ വീഴ്ച ഗൗരവമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സുനില്‍ സ്വാമിയേ കുറിച്ചുള്ള കോടതി പരാമര്‍ശം വന്ന സാഹചര്യത്തില്‍ അദ്ദേഹം ഉടനെ മല ഇറങ്ങി. അദ്ദേഹത്തിന്റെ സഹോദരന്റെ പേരില്‍ ഡോണര്‍ ഹൗസില്‍ മുറി ഉണ്ട്. അവിടെ ആണ് അദ്ദേഹം തങ്ങിയതെന്നും എന്‍ പ്രശാന്ത് അറിയിച്ചു.

ദിലീപിന്റെ വിഐപി ദര്‍ശനത്തില്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ഹരിവരാസന സമയത്ത് മറ്റുള്ളവര്‍ക്കു ദര്‍ശനം വേണ്ടേ എന്നു ചോദിച്ച കോടതി ദിലീപ് നിന്നതുകൊണ്ട് ആര്‍ക്കും മുന്നോട്ടു പോകാനായില്ലെന്നു വിമര്‍ശിച്ചു. കാര്യങ്ങള്‍ നിയന്ത്രിക്കേണ്ടതിന്റെ ഉത്തരവാദിത്വം ദേവസ്വം ബോര്‍ഡിനാണെന്നും കോടതി ഓര്‍മിപ്പിച്ചു.

ശ്രീകോവിലിനു മുന്നില്‍ നില്‍ക്കുന്ന ആള്‍ വിഐപി ആണെങ്കില്‍ പിന്നില്‍ നില്‍ക്കുന്നവര്‍ക്കു ദര്‍ശനം സാധിക്കില്ല. ഇത് അനുവദിക്കാനാവില്ലെന്നു കോടതി പറഞ്ഞു. ദിലീപ് നിന്നതു കൊണ്ട് ആര്‍ക്കും മുന്നോട്ടു പോകാനായില്ല. ഹരിവരാസന സമയത്തു പരമാവധി ഭക്തര്‍ക്കു ദര്‍ശനം നല്‍കാനാണു ശ്രമിക്കേണ്ടത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ദര്‍ശനത്തിനു മതിയായ സൗകര്യം ലഭിക്കണം. ഇക്കാര്യം നിയന്ത്രിക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്തമെന്നും ഹൈക്കോടതി ഓര്‍മിപ്പിച്ചു.

സോപാനത്തെ സിസിടിവി ദൃശ്യങ്ങള്‍ പെന്‍ഡ്രൈവിലാക്കി ഹാജരാക്കാന്‍ ജസ്റ്റിസുമാരായ അനില്‍ കെ.നരേന്ദ്രന്‍, എസ്.മുരളീകൃഷ്ണ എന്നിവരുടെ ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. വിഷയം തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും. അന്നു വിശദമായ സത്യവാങ്മൂലം നല്‍കാനും ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശമുണ്ട്