ഫ്ലോറിഡ: സമൂഹത്തിൽ ഇപ്പോൾ ചെറിയ കാര്യങ്ങൾക്ക് വരെ ആളുകൾ പെട്ടെന്ന് പ്രകോപിതരാകുന്നു. അവർ അടുത്ത് വരാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ല. അങ്ങനെയൊരു എടുത്തുചാട്ടത്തിൽ ചെയ്തുപോയ കുറ്റകൃത്യമാണ് ചർച്ചയായിരിക്കുന്നത്. ഫ്ലോറിഡയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

'ടിപ്പി'നെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പിസ്സ ഡെലിവറി ചെയ്യാനെത്തിയ യുവതി ​ഗർഭിണിയായ സ്ത്രീയെ നിരവധി തവണ കുത്തിപ്പരിക്കേൽപ്പിച്ചതായി വിവരങ്ങൾ. ​ഗർഭിണിയുടെ മുറിയിലേയ്ക്ക് അതിക്രമിച്ച് കയറിയ ശേഷമായിരുന്നു ആക്രമണം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ബ്രിയാന അൽവെലോ എന്ന 22 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഫ്ലോറിഡയിലാണ് സംഭവം നടന്നത്.

ഭർത്താവിനും അഞ്ച് വയസുകാരിയായ മകൾക്കുമൊപ്പം ജന്മദിനം ആഘോഷിക്കാനായാണ് യുവതി ഫ്ലോറിഡയിലെ കിസ്സിമ്മീയിലെത്തിയത്. ശേഷം ഒരു റെസ്റ്റോറൻ്റിൽ നിന്ന് ഇവർ ഒരു പിസ്സ ഓർഡർ ചെയ്തിരുന്നു. 2 ഡോളറാണ് ഡെലിവറി ​ഗേളിന് യുവതി ടിപ്പായി നൽകിയത്. ഇതോടെ പ്രകോപിതയായ അൽവെലോ യുവതിയുടെ മുറിയിൽ നിന്ന് മടങ്ങിയ ശേഷം മറ്റൊരാളുമായി തിരികെ വരികയായിരുന്നു. അൽവെലോയുടെ കയ്യിൽ കത്തിയും ഒപ്പമുണ്ടായിരുന്ന വ്യക്തിയുടെ പക്കൽ തോക്കുമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

​ഗർഭിണിയായ യുവതിയെ പ്രതി 14 തവണ കുത്തിയതായാണ് വിവരങ്ങൾ ലഭിക്കുന്നത്. പരിക്കേറ്റ യുവതിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് താൻ ഗർഭിണിയാണെന്ന് യുവതി അറിയുന്നത്. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

കൊലപാതകശ്രമം, ആക്രമണം, തോക്ക് ഉപയോഗിച്ച് വീട്ടിൽ അതിക്രമിച്ച് കയറൽ തുടങ്ങിയ വകുപ്പുകളാണ് പ്രതിയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. അൽവെലോയ്‌ക്കൊപ്പം ഉണ്ടായിരുന്ന ആളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.