ബംഗളൂരു: ബെംഗളൂരിവില്‍ മലയാളി വിദ്യാര്‍ത്ഥിനിയടക്കം മൂന്ന് പേരെ പീഡനത്തിനിരയാക്കിയ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കഴിഞ്ഞ ആറു മാസമായി വിദ്യാര്‍ത്ഥിനികളെ പീഡനത്തിനിരയാക്കിയ വി. രമേശാണ്(43) അറസ്റ്റിലായത്. സെക്യൂരിറ്റി ജീവനക്കാരനാണ് ഇയാള്‍. സദാശിവ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ച രാത്രിയിലുണ്ടായ സംഭവത്തിന് പിന്നാലെയാണ് ഇയാള്‍ പിടിയിലായത്.

മൂന്ന് വിദ്യാര്‍ത്ഥികളും പുറത്ത് വീടെടുത്തായിരുന്നു താമസം. മലയാളി വിദ്യാര്‍ത്ഥിനി മറ്റു രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം ഒരു മുറിയിലാണ് താമസിച്ചിരുന്നത്. മൂവരും താമസിച്ചിരുന്ന മുറിയില്‍ കയറിയാണ് പ്രതി അതിക്രമം നടത്തിയത്. അത്താഴത്തിന് ശേഷം കുട്ടികള്‍ മുറിയില്‍ ഇരിക്കവേ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് പ്രതി വാതിലില്‍ മുട്ടി. പെണ്‍കുട്ടികള് വാതില്‍ തുറന്നപ്പോള്‍ മുറിയില്‍ കയറി. പ്രതി വാതില്‍ അകത്ത് നിന്ന് പൂട്ടി വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണുകള്‍ കൈക്കലാക്കുകയും മോശമായി പെരുമാറുകയും ചെയ്തു.

വിദ്യാര്‍ഥികള്‍ സഹായത്തിനായി സുഹൃത്തുക്കളെ വിളിച്ചിരുന്നു. അവര്‍ എത്തിയപ്പോള്‍ പ്രതി പോലിസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ഭീഷണിപ്പെടുത്തി അവരുടെ ഫോണുകളും പിടിച്ചെടുത്തു. വിവരമറിഞ്ഞ് എത്തിയ ഇവരുടെ സുഹൃത്തായ മറ്റൊരു യുവാവ് പുലര്‍ച്ചെ 1.30 ഓടെ പൊലീസില്‍ അറിയിച്ചു. സദാശിവനഗര്‍ സ്റ്റേഷനില്‍ നിന്ന് പൊലീസ് എത്തിയതോടെ പ്രതിയുടെ യഥാര്‍ഥ മുഖം വെളിവായത്.

ആറുമാസമായി ക്രൈംബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ഇയാള്‍ വിദ്യാര്‍ഥികളെയും സുഹൃത്തുക്കളെയും പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതിക്രമത്തിന് ഇരയായവരില്‍ ഒരാള്‍ കേരളത്തില്‍ നിന്നുള്ള രണ്ടാം വര്‍ഷ ബിഎസ്സി വിദ്യാര്‍ത്ഥിയാണ്.