അഹമ്മദാബാദ്: വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ച ഭാര്യയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസ്. അഹമ്മദാബാദ് സ്വദേശിയായ യുവാവാണ് 21കാരിയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന യുവതി വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് പ്രതി വീഡിയോകള്‍ പ്രചരിപ്പിച്ചതെന്നാണ് വിവരം. യുവതിയുടെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമൊപ്പം അശ്ലീല കമന്റുകളോടെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.

ഒരു വര്‍ഷത്തിന് മുന്‍പാണ് ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേ ഇരുവരും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു, തര്‍ക്കങ്ങള്‍ പതിവാകുമ്പോള്‍ യുവതി കുറച്ച് ദിവസം സ്വന്തം വീട്ടില്‍ പോയി താമസിക്കുമായിരുന്നു. ഇതിനിടയില്‍ തനിക്ക് ചില അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് യുവതി ഭര്‍ത്താവിനെ വീഡിയോ കോളിലൂടെ അറിയിച്ചിരുന്നു. അതറിഞ്ഞ യുവാവ് ഭാര്യയെ രോഗിയാണെന്ന് പറഞ്ഞ് കളിയാക്കിയതായി പരാതിയില്‍ പറയുന്നു.

തുടര്‍ന്നാണ് യുവതി വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. ഇരുവരും ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടായിരുന്നു ഉപയോഗിച്ചിരുന്നത്. യുവതിയുടെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമൊപ്പം അശ്ലീല കമന്റുകളും ഭര്‍ത്താവ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. തുടര്‍ന്ന് യുവതി ഗുജറാത്ത് പൊലീസിന് പരാതി നല്‍കുകയായിരുന്നു. ഇയാള്‍ക്കെതിരെ ഭീഷണിപ്പെടുത്തല്‍, അപമാനിക്കല്‍, തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.