കോഴിക്കോട്: കോഴിക്കോട് ലോ കോളേജിലെ വിദ്യാര്‍ത്ഥിനി താമസ സ്ഥലത്ത് ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്ത് അല്‍ഫാന്‍ ഇബ്രാഹിമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാള്‍ക്കെതിരെ ആത്മഹത്യ പ്രേരണ ചുമത്തി. വിവാഹിതനാണെന്ന വിവരം മറച്ചുവച്ചാണ് പെണ്‍കുട്ടിയുമായി ഇയാള്‍ സൗഹൃദം പുലര്‍ത്തിയിരുന്നത്. ആത്മഹത്യ ചെയ്യുന്നതിന്റെ തലേന്ന് അല്‍ഫാനും പെണ്‍കുട്ടിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നെന്നും ഫോണ്‍ അല്‍ഫാന്‍ കൊണ്ടുപോയതായും സഹപാഠികള്‍ മൊഴി നല്‍കിയിരുന്നു.

തര്‍ക്കമുണ്ടായതിന് പിന്നാലെ പെണ്‍കുട്ടിയുടെ ഫോണ്‍ പ്രതി ബലമായി എടുത്ത് കൊണ്ടുപോവുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ വിളിച്ചു അല്‍ഫാന്‍ മോശം കാര്യങ്ങള്‍ പറഞ്ഞു. പൊതുമധ്യത്തില്‍ വച്ചു മൗസയെ മര്‍ദിച്ചു. എത്ര ചോദിച്ചിട്ടും ഫോണ്‍ തിരികെ കൊടുത്തില്ല. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വയനാട് വൈത്തിരിയില്‍ നിന്നാണ് അല്‍ഫാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചേവായൂര്‍ സ്റ്റേഷനില്‍ എത്തിച്ച് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. തൃശ്ശൂര്‍ പാവറട്ടി സ്വദേശിയായ മൌസ മെഹ്രിസ് ഫെബ്രുവരി 24 നാണ് മരിച്ചത്. ചേവായൂര്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു അന്വേഷിക്കുന്നതിനിടെ അല്‍ഫാന്‍ ഒളിവില്‍ പോവുകയായിരുന്നു. ഇയാള്‍ക്ക് എതിരെ തെളിവുകള്‍ കിട്ടിയിരുന്നില്ല.

എന്നാല്‍ ഒളിവില്‍ പോയതോടെ അല്‍ഫാന് വേണ്ടി വ്യാപക തെരച്ചില്‍ പൊലീസ് നടത്തിയിരുന്നു. മരിച്ച മൗസ മെഹ്‌റിസിന്റ ഫോണ്‍ ഇതുവേരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച എന്തെങ്കിലും വിവരം അല്‍ഫാനില്‍ നിന്ന് കിട്ടുമോ എന്നാണ് പൊലീസ് നോക്കുന്നത്.

വെള്ളിമാടുകുന്ന് ഇരിങ്ങാടന്‍പള്ളി റോഡിന് സമീപത്തുള്ള ജനതാറോഡിലെ റെന്റ് ഹൗസിന്റെ തൊട്ടടുത്തുള്ള മുറിയിലാണ് മൃതദേഹം കണ്ടത്. കൂടെ താമസിച്ചിരുന്ന കുട്ടികളാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. പിന്നാലെ അല്‍ഫാന്‍ ഒളിവില്‍ പോയി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു.

വെള്ളിയാഴ്ച യുവാവ് ഗൂഡല്ലൂരില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചേവായൂര്‍ പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. ഒരു പച്ചക്കാറില്‍ യുവാവ് നഗരത്തിലുണ്ടെന്നായിരുന്നു രഹസ്യ വിവരം ലഭിച്ചത്. വയനാട്ടിലും പൊലീസ് അന്വേഷണം നടത്തിയിരുന്നു.

യുവാവിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. മൗസയുടെ ഫോണ്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു.

തലശ്ശേരി സ്വദേശിയായ സുഹൃത്ത് തിങ്കളാഴ്ച താമസസ്ഥലത്തെത്തി മൗസയെ അന്വേഷിച്ചിരുന്നു. കിടപ്പുമുറിയുടെ ഉള്ളില്‍ നിന്ന് കുറ്റിയിട്ടിരുന്നു. മുറി തള്ളിത്തുറന്ന് നോക്കിയപ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ മൗസയെ കണ്ടെത്തുകയായിരുന്നു, പാവറട്ടി സ്വദേശി കൈതക്കല്‍ വീട്ടില്‍ റഷീദിന്റെ മകളാണ് മൗസ.