തിരുവനന്തപുരം: സിനിമാ അണിയറ പ്രവര്‍ത്തകരുടെ ഹോട്ടല്‍ റൂമില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് കണ്ടെത്തി എക്‌സൈസ്. ബേബി ഗേള്‍ എന്ന ചിത്രത്തിലെ സ്റ്റണ്ട് മാസ്റ്ററുടെ കൈയ്യില്‍ നിന്നാണ് കഞ്ചാവ് കിട്ടിയത്. ബുക്കിന്റെ രൂപത്തിലുള്ള ബോക്‌സുണ്ടാക്കി പൂട്ടിട്ട് സൂക്ഷിച്ച അവസ്ഥയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ച പെട്ടി. ഒറ്റനോട്ടത്തില്‍ ഡിക്ഷണറിയെന്നേ കരുതൂ. എക്‌സൈസിന്റെ പ്രത്യേക സ്‌ക്വാഡാണ് തിരുവനന്തപുരത്ത് റെയ്ഡ് നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടികള്‍.

ലിസ്റ്റിന്‍ സ്റ്റീഫന്‍-അരുണ്‍ വര്‍മ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രമാണ് 'ബേബി ഗേള്‍ '. ദിവസങ്ങള്‍ക്ക് മുമ്പാണ് ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചത്. തൈക്കാട് ഗാന്ധി ഭവനില്‍ വച്ചു നടന്ന പൂജാ ചടങ്ങില്‍ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ സ്വിച്ചോണ്‍ കര്‍മ്മവും, തിരക്കഥാകൃത്ത് സഞ്ജയ് ഫസ്റ്റ് ക്ലാപ്പും നല്‍കിക്കൊണ്ട് തുടക്കം കുറിച്ചിരുന്നു. സുരേഷ് ഗോപി നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം 'ഗരുഡന്‍ 'ന്റെ സംവിധായകനാണ് അരുണ്‍ വര്‍മ്മ. മാജിക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമതു ചിത്രമാണിത്. ആദ്യ ചിത്രമായ ട്രാഫിക്ക്, ഹൗ ഓള്‍ഡ് ആര്‍ യു എന്നീ ചിത്രങ്ങളാണ് മുന്‍ ചിത്രങ്ങള്‍. അതായത് വമ്പന്‍ ഹിറ്റുകളൊരുക്കിയ ടീമിന്റേതാണ് 'ബേബി ഗേള്‍' എന്ന ചിത്രം. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകന്‍. ഈ സിനിമാ സെറ്റിലെ ഫൈറ്ററാണ് എക്‌സൈസ് പിടിയിലാകുന്നത്.

സിനിമാ സെറ്റുകളിലും എക്‌സൈസ് പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചിരുന്നു. ബേബി ഗേളിന്റെ ഫൈറ്റ് മാസ്റ്റര്‍മാര്‍ താമസിച്ചിരുന്ന ഹോട്ടലിലാണ് എക്‌സൈസ് എത്തിയത്. വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. സംഘട്ടന രംഗങ്ങളുടെ ഭാഗമായ തമിഴ്‌നാട് സ്വദേശി മഹേശ്വരനായിരുന്നു കഞ്ചാവ് കൈവശം വച്ചത്. അതിവേഗം ഹോട്ടലിലേക്ക് എക്‌സൈസ് സംഘം ഇരച്ചു കയറുകയാണ്. ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ തസ്ലീമ അറസ്റ്റിലായിരുന്നു. സിനിമാക്കാര്‍ക്ക് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചു നല്‍കുന്ന കച്ചവടക്കാരിയായിരുന്നു തസ്ലീമ. തസ്ലീമയുടെ ഭര്‍ത്താവ് സുല്‍ത്താനായിരുന്നു ആസൂത്രകന്‍. ഇവരുടെ അറസ്റ്റിന് പിന്നാലെയാണ് മറ്റൊരു സിനിമാ സെറ്റിലെ കഞ്ചാവില്‍ വിവരം കിട്ടുന്നത്. തസ്ലീമയുടെ അറസ്റ്റില്‍ മുന്‍നിര നായകന്‍ ശ്രീനാഥ് ഭാസി അടക്കം സംശയ നിഴിലിലാണ്.

ബുക്ക് ആണെന്ന് കരുതിയാണ് ആ ഡിക്ഷ്ണറി രൂപം എക്‌സൈസുകാര്‍ എടുത്തത്. അതിനുള്ളില്‍ തുറന്നു നോക്കിയപ്പോഴാണ് അകത്ത് പൂട്ടും മറ്റും കണ്ടത്. ചോദ്യം ചെയ്യലില്‍ കഞ്ചാവാണ് അതിനുള്ളിലെന്ന് വ്യക്തമാകുകയും ചെയ്തു. ഇതില്‍ നിന്നും സിനിമാക്കാര്‍ ലഹരി ഒളിപ്പിക്കാന്‍ പോലും അത്യാധുനിക സംവിധാനം ഒരുക്കുന്നതായി എക്‌സൈസിന് പിടികിട്ടിയിട്ടുണ്ട്. കഞ്ചാവിന്റെ ഉറവിടം അടക്കം കണ്ടെത്താന്‍ എക്‌സൈസ് ഇനി വിപുലമായ അന്വേഷണം നടത്തും. സിനിമാക്കാര്‍ താമസിക്കുന്ന ഹോട്ടലുകളില്‍ വ്യാപക റെയ്ഡും നടത്തും.