- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വിവാഹ വേദിയില്‍ എത്തിയാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണി; പൊലീസ് ഇടപെട്ട് രമ്യതയിലാക്കി; വിവാഹ ദിനത്തില്‍ വരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കൊലപ്പെടുത്തി; പ്രതിശ്രുത വധുവിന്റെ മുന്‍ കാമുകനും സഹായികളും അറസ്റ്റില്‍
വരനെ കൊലപ്പെടുത്തി, വധുവിന്റെ മുന്‍ കാമുകനും സഹായികളും അറസ്റ്റില്‍
ചണ്ഡിഗഡ്: വിവാഹ ദിനത്തില്‍ 24കാരനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിശ്രുത വധുവിന്റെ മുന്‍കാമുകനും സുഹൃത്തുക്കളും അറസ്റ്റില്‍. പിതാവിന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിശ്രുത വധുവിന്റെ മുന്‍ കാമുകനും സംഘവും അറസ്റ്റിലായത്. ഏപ്രില്‍ 17നായിരുന്നു 24കാരനായ ഗൌരവ് എന്ന യുവാവ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ ബല്ലാബാഗിലെ സോതെയ് ഗ്രാമത്തിലാണ് സംഭവം. അക്രമത്തില്‍ പ്രതിശ്രുത വധുവിനും പങ്കുണ്ടെന്നാണ് മരിച്ച യുവാവിന്റെ പിതാവ് ആരോപിക്കുന്നത്. ശനിയാഴ്ചയാണ് 24കാരന്റെ പിതാവായ 45കാരന്‍ പ്രേംചന്ദ് പൊലീസില്‍ പരാതി നല്‍കിയത്.
വിവാഹ ദിനത്തില്‍ അഞ്ച് പേര്‍ ചേര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും കൊള്ളയടിക്കുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹം നിശ്ചയിച്ചതിന് പിന്നാലെ മകനെ ഒരാള്‍ ഭീഷണിപ്പെടുത്തിയതായും നടന്നത് മോഷണ ശ്രമത്തിന് ഇടയിലുള്ള കൊലപാതകമല്ലെന്നും ആരോപിച്ച് പിതാവ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഗൌരവിന്റെ പ്രതിശ്രുത വധുവിന്റെ മുന്‍ കാമുകനായ സൌരവ് അറസ്റ്റിലായത്.
നേരത്ത മാര്‍ച്ച് 28ന് സൌരവ് ഫരീദാബാദില്‍ വച്ച് മകനെ ഭിഷണിപ്പെടുത്തിയിരുന്നുവെന്നാണ് 24കാരന്റെ പിതാവ് പരാതിയില്‍ വിശദമാക്കിയത്. വിവാഹ വേദിയിലേക്ക് എത്തിയാല്‍ കൊലപ്പെടുത്തുമെന്നായിരുന്നു സൌരവ് ഭീഷണിപ്പെടുത്തിയത്. ഇതിന് പിന്നാലെ ഗൌരവ് പൊലീസില്‍ പരാതി നല്‍കി. ഈ കേസ് പൊലീസ് ഇടപെട്ട് രമ്യതയിലാക്കി പോയിരുന്നു. സൌരവ് ക്ഷമാപണം നടത്തിയതിന് ശേഷമായിരുന്നു സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയത്. ഗ്രാമത്തിലെ മുതിര്‍ന്നവരുടെ സാന്നിധ്യത്തിലായിരുന്നു ഈ സംഭവം ഒത്തുതീര്‍പ്പാക്കിയത്.
എന്നാല്‍ വിവാഹ ദിവസം ഉച്ചയോടെ കാറില്‍ പോവുകയായിരുന്ന ഗൌരവിനെ അഞ്ചംഗ സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു. തോക്ക് ചൂണ്ടി യുവാവിനെ കാറില്‍ നിന്ന് ഇറക്കിയ ശേഷം ബേസ്‌ബോള്‍ ബാറ്റും ഇരുമ്പ് വടികളും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. യുവാവിന്റെ തലയിലും കാലിലും ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റിരുന്നു. വിവാഹ നിശ്ചയ സമയത്ത് പ്രതിശ്രുത വധുവിന്റെ വീട്ടുകാര്‍ സമ്മാനിച്ച സ്വര്‍ണമാലയും മോതരവും അടക്കമുള്ള ആഭരണങ്ങളും സംഘം യുവാവില്‍ നിന്ന് മോഷ്ടിച്ചിരുന്നു.
വീടിന് സമീപത്തെ റോഡില്‍ നിന്നാണ് പരിക്കേറ്റ നിലയില്‍ ഗൌരവിനെ വീട്ടുകാര്‍ കണ്ടെത്തിയത്. യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ നിയമാനുസൃതമല്ലാത്ത സംഘം ചേര്‍ന്നുള്ള ആക്രമണം എന്ന വകുപ്പായിരുന്നു അക്രമികള്‍ക്കെതിരെ ചുമത്തിയത്. യുവാവ് മരിച്ചതോടെ കൊലപാതകം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. യുവാവിന്റെ ഫോട്ടോയും അഡ്രസും അടക്കമുള്ള വിവരം അക്രമി സംഘത്തിന് നല്‍കിയത് പ്രതിശ്രുത വധുവാണെന്നാണ് പിതാവ് ആരോപിക്കുന്നത്.