വാഷിങ്ടണ്‍: കാലിഫോര്‍ണിയയിൽ അരനൂറ്റാണ്ടിന് മുൻപ് നടന്ന കൊലപതാക കേസുമായി ബന്ധപ്പെട്ട് പ്രതിയെ പൊക്കി പോലീസ്. അതും അന്വേഷണത്തിൽ തുമ്പായത് വെറുമൊരു 'സിഗരറ്റ്' പ്രയോഗത്തിൽ. 1977 ജനുവരി 31 രാത്രി സമയത്താണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കാലിഫോര്‍ണിയയിലെ സാന്‍ ജോസ് നഗരത്തിലെ ലയണ്‍സ് ഡെന്‍ ബാറില്‍ കൂട്ടുകാർക്കൊപ്പം സമയം ചിലവഴിക്കാൻ പാര്‍ട്ടിക്കെത്തിയതായിരുന്നു 24കാരിയായ ജീനറ്റ് റാള്‍സ്റ്റണ്‍. നൈറ്റ് മുഴുവൻ ബാറില്‍ അടിച്ചുപൊളിച്ചു. ഇടയ്ക്ക് യുവതി ദാ..ഇപ്പൊ വരാമെന്ന് പറഞ്ഞ് പുറത്തേക്കിറങ്ങിയിരുന്നു. പക്ഷേ, സമയം ഏറെ ആയിട്ടും പിന്നീട് അവള്‍ തിരിച്ചുവന്നില്ല.

പേടിച്ചുപോയ സുഹൃത്തുക്കള്‍ ഉടനെ തന്നെ പോലീസില്‍ പരാതി നല്‍കി. അന്നു രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തിയിട്ടും ഒരു യുവതിയെ കിട്ടിയില്ല. പക്ഷെ അടുത്ത ദിവസം രാവിലെ ബാറിനു തൊട്ടടുത്തുള്ള അപാര്‍ട്ട്‌മെന്റിന്റെ പാര്‍ക്കിങ് ലോട്ടില്‍ ഒരു ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍ കാര്‍ ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തുകയും.

അടുത്തു പോയി നോക്കുമ്പോള്‍ കാറിന്റെ ബാക്ക്‌സീറ്റില്‍ ഒരു യുവതിയുടെ മൃതദേഹം. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതിന്റെ അടയാളമായി കഴുത്തില്‍ ഒരു ഷര്‍ട്ട് കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ബലാത്സംഗത്തിനിരയായതിന്റെ ലക്ഷണങ്ങളും ഒറ്റ നോട്ടത്തില്‍ തന്നെ കാണാമായിരുന്നു.

ജീനറ്റ് റാള്‍സ്റ്റണിന്റെ സുഹൃത്തുക്കള്‍ എത്തി മൃതദേഹം അവളുടേതാണെന്നു സ്ഥിരീകരിക്കുകയും ചെയ്തു. എന്താണു സംഭവിച്ചതെന്ന് ഒരു സൂചനയുമുണ്ടായിരുന്നില്ല. അവള്‍ക്ക് ആരെങ്കിലുമായും പ്രശ്‌നമുള്ളതായും അവര്‍ക്ക് അറിവില്ലായിരുന്നു. എന്നാല്‍, ഒരു അപരിചിതനായ വ്യക്തിക്കൊപ്പമാണ് ജീനറ്റ് ബാറില്‍നിന്നു പോയതെന്ന് സുഹൃത്തുക്കള്‍ പൊലീസിനു മൊഴിനല്‍കി.

യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ഷര്‍ട്ടും കാറില്‍നിന്നു കണ്ടെത്തിയ സിഗററ്റ് പാക്കറ്റുകളും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവയില്‍നിന്നു കണ്ടെത്തിയ വിരലടയാളവും ഡി.എന്‍.എ സാംപിളുകളും കേന്ദ്രീകരിച്ച് അന്വേഷണം തുടര്‍ന്നു. എന്നാല്‍, പലതവണ പരിശോധന നടത്തിയിട്ടും എഫ്.ബി.ഐയുടെ ഫിംഗര്‍പ്രിന്റ് ഡാറ്റാബേസിലെ രേഖകളോട് ഒന്നും പൊരുത്തപ്പെട്ടില്ല.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു തുമ്പും കണ്ടെത്താനാകാതെ പോയതോടെ കേസ് ഏറെക്കുറെ അവസാനിച്ച മട്ടായിരുന്നു. എന്നാല്‍, കേസ് ഏറ്റെടുത്ത ഡെപ്യൂട്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി റോബ് ബേക്കറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണവുമായി മുന്നോട്ടുപോയി. കഴിഞ്ഞ വര്‍ഷമാണ് അവസാന ശ്രമമെന്ന നിലയ്ക്ക് ക്രൈംസീനില്‍നിന്നു ലഭിച്ച വിരലടയാളങ്ങള്‍ കേന്ദ്രീകരിച്ച് ഒരു പരിശോധന കൂടി നടത്തിയത്. അന്വേഷണത്തില്‍ നിര്‍ണായകമായ സൂചനകളും ലഭിച്ചു. 2018ല്‍ എഫ്.ബി.ഐ നടത്തിയ സെര്‍ച്ച് അല്‍ഗൊരിതം അപ്‌ഡേറ്റ് ആണ് ഇത്തവണ തുണയായത്.

സാന്‍ ജോസ് പോലീസിലെ വിരലടയാള വിദഗ്ധര്‍ ആണ് ആ നിര്‍ണായക വിവരം കൈമാറിയത്. ഒഹിയോയിലെ ജെഫേഴ്‌സണ്‍ സ്വദേശി വില്ലി യൂജിന്‍ സിംസിന്റെ വിരലടയാളവുമായി കാറില്‍നിന്നു ലഭിച്ച സാംപിളുകള്‍ ഒത്തുപോകുന്നതായി കണ്ടെത്തി. ആ സിഗരറ്റ് പായ്ക്കായിരുന്നു നിര്‍ണായകമായത്. ക്ലീവ്‌ലാന്‍ഡിലെ അഷ്ടബുല കൗണ്ടിയിലേക്കു താമസം മാറിയിരുന്നു പ്രതി. അന്വേഷണ സംഘം അഷ്ടബുലയിലെത്തി സിംസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുകയാണിപ്പോള്‍. ഏപ്രില്‍ ഒന്‍പതിന് പ്രതിയെ സാന്‍ ജോസിലെ കോടതിയില്‍ ഹാജരാക്കി പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. ഇയാള്‍ക്കായി ഒരു അഭിഭാഷകനും ഹാജരായിട്ടില്ല. ഇതുവരെയും ജാമ്യാപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിട്ടില്ലെന്നാണു വിവരം.

സംഭവം നടക്കുമ്പോള്‍ 21കാരനായിരുന്ന വില്ലി യൂജിന്‍ സിംസ്, സാന്‍ ജോസില്‍നിന്ന് 70 കിലോ മീറ്റര്‍ അകലെ ഫോര്‍ട്ട് ഓര്‍ഡിലെ സൈനിക താവളത്തില്‍ ഉദ്യോഗസ്ഥനായിരുന്നു. ജീനറ്റിന്റെ കൊല നടന്ന തൊട്ടടുത്ത വര്‍ഷം മറ്റൊരു ക്രിമിനല്‍ കേസില്‍ അറസ്റ്റിലായിരുന്നു ഇയാള്‍. മോണ്ടെറി കൗണ്ടിയില്‍ ഒരു യുവതിയെ കത്തി കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും കവര്‍ച്ച നടത്തിയതിനുമായിരുന്നു കേസ്. സംഭവത്തില്‍ നാലു വര്‍ഷം തടവുശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.

ജീനറ്റിന്റെ മകന്‍ അലെന്‍ റാള്‍സ്റ്റണ്‍ അന്വേഷണ സംഘത്തിനു നന്ദി പറഞ്ഞു. അമ്മ കൊല്ലപ്പെടുമ്പോള്‍ വെറും ആറു വയസായിരുന്നു അലെന്. പൊലീസ് ഇപ്പോഴും കേസ് അന്വേഷണം തുടരുന്നുണ്ടെന്ന് ഒരു വിവരവുമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അമ്മയുടെ ഘാതകനെ പിടികൂടാന്‍ പോകുകയാണെന്ന് പൊലീസ് ഫോണ്‍ വിളിച്ച് അറിയിച്ചപ്പോഴാണ് വിവരം അറിയുന്നത്. സ്വന്തം ജന്മദിനത്തിലാണ് ഈ സന്തോഷ വാര്‍ത്ത ലഭിക്കുന്നത്. ഇതിലും നല്ലൊരു ജന്മദിന സമ്മാനം വേറെ ലഭിക്കാനില്ലെന്നും അലെന്‍ റാള്‍സ്റ്റണ്‍ പ്രതികരിക്കുകയും ചെയ്തു.