- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'ചികിത്സയ്ക്കായി ലക്ഷങ്ങള്‍ കടംവാങ്ങി തിരിച്ചുതന്നില്ല; ഐഫോണും ലാപ്ടോപ്പും മോഷ്ടിച്ചു'; ലൈംഗിക പീഡന പരാതി നല്കിയ യുവതിക്കെതിരെ പരാതിയുമായി യാഷ് ദയാല്‍; പ്രയാഗ് രാജ് പോലീസില്‍ പരാതി നല്‍കി താരം
ലൈംഗിക പീഡന പരാതി നല്കിയ യുവതിക്കെതിരെ പരാതിയുമായി യാഷ് ദയാല്‍
ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ യുവതിക്കെതിരെ ലക്ഷങ്ങള്‍ വാങ്ങി കബളിപ്പിച്ചെന്ന പരാതിയുമായി ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പേസര്‍ യാഷ് ദയാല്‍. യുവതി തന്റെ ഐഫോണും ലാപ്ടോപ്പും മോഷ്ടിച്ചെന്നും ലക്ഷങ്ങള്‍ കടംവാങ്ങി തിരിച്ചുതന്നില്ലെന്നും യാഷ് ദയാല്‍ പരാതിയില്‍ പറയുന്നു. പ്രയാഗ് രാജ് പോലീസില്‍ താരം പരാതി നല്‍കിയിട്ടുമുണ്ട്.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നുള്ള യുവതി കഴിഞ്ഞ ദിവസമാണ് യാഷ് ദയാലിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. താരവുമായി അഞ്ച് വര്‍ഷമായി ഡേറ്റിംഗ് നടത്തിയെന്നും ഇക്കാലയളവില്‍ ശാരീരികവും മാനസികവുമായ പീഡനം താന്‍ നേരിട്ടെന്നും ആരോപിച്ചായിരുന്നു യുവതിയുടെ പരാതി. ഈ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് യുവതിക്ക് എതിരെ യാഷ് ദയാല്‍ പരാതി നല്‍കിയത്.
എന്‍ഡിടിവി റിപ്പോര്‍ട്ട് അനുസരിച്ച് പ്രയാഗ്രാജിലെ ഖുല്‍ദാബാദ് പോലീസ് സ്റ്റേഷനിലാണ് ദയാല്‍ വിശദമായ പരാതി നല്‍കിയിരിക്കുന്നത്. മൂന്ന് പേജുള്ള പരാതിയില്‍ ഇടംകൈയ്യന്‍ പേസര്‍ തെറ്റായ കാര്യങ്ങള്‍ ഉന്നയിച്ചെന്നും തന്റെ ഐഫോണും ലാപ്‌ടോപ്പും മോഷ്ടിച്ചെന്നുമുള്ള ആരോപണങ്ങള്‍ സ്ത്രീക്കെതിരെ ഉന്നയിച്ചിട്ടുണ്ട്. ഇതിനുപുറമെ ആശുപത്രി ആവശ്യങ്ങള്‍ക്കും വ്യക്തിഗത ചെലവുകള്‍ക്കുമായി ലക്ഷക്കണക്കിന് രൂപ തന്നില്‍ നിന്ന് കടം വാങ്ങിയതായും തിരികെ നല്‍കാമെന്ന വാഗ്ദാനം പാലിച്ചില്ലെന്നും യാഷ് ദയാല്‍ പരാതിയില്‍ വ്യക്തമായിട്ടുണ്ട്.
2021ല്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് തങ്ങള്‍ പരിചയപ്പെട്ടതെന്നാണ് യാഷ് ദയാല്‍ പോലീസിനോട് പറഞ്ഞത്. പരിചയപ്പെട്ടതിന് പിന്നാലെ യുവതി ലക്ഷങ്ങള്‍ കടം വാങ്ങിയതായി പരാതിയില്‍ പറയുന്നു. യുവതിയുടെയും കുടുംബത്തിന്റെയും ചികിത്സയ്ക്കായാണ് പണം നല്‍കിയത്. പണം തിരിച്ചുതരുമെന്ന് പറഞ്ഞതായും എന്നാല്‍ നാളിതുവരെയായി പൈസ തന്നിട്ടില്ലെന്നും താരം പറയുന്നു. ഷോപ്പിങ്ങിനായി നിരന്തരം പണം കടംവാങ്ങിയെന്നും യാഷ് ദയാല്‍ ആരോപിക്കുന്നു. ഇതിനെല്ലാം തെളിവുകള്‍ കൈവശമുണ്ടെന്നുമാണ് താരം പറയുന്നത്.
കഴിഞ്ഞദിവസമാണ് യുവതിയുടെ പരാതിയില്‍ യാഷ് ദയാലിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്. ഭാരതീയ ന്യായ സംഹിതയിലെ 69-ാം വകുപ്പ് പ്രകാരമുള്ള കുറ്റമാണ് താരത്തിനെതിരേ ചുമത്തിയിട്ടുള്ളത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓണ്‍ലൈന്‍ പരാതിപരിഹാര പോര്‍ട്ടലിലാണ് യുവതി പരാതിനല്‍കിയത്.
യാഷ് ദയാലുമായി അഞ്ചു വര്‍ഷത്തോളമായി അടുത്ത ബന്ധമുണ്ടെന്നും അയാള്‍ തന്നെ മാനസികമായും ശാരീരികമായും ചൂഷണം ചെയ്തെന്നുമാണ് പരാതിയില്‍ പറഞ്ഞിരുന്നത്. വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് ഇയാള്‍ പലപ്പോഴായി പണം വാങ്ങിയിട്ടുണ്ടെന്നും നിരവധി പെണ്‍കുട്ടികളെ ഇത്തരത്തില്‍ കബളിപ്പിച്ചിട്ടുണ്ടെന്നും യുവതി ആരോപിച്ചു. ഇക്കാര്യങ്ങള്‍ സാധൂകരിക്കുന്ന ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍, വീഡിയോ കോള്‍ രേഖകള്‍, ഫോട്ടോകള്‍ എന്നിവ തെളിവായി തന്റെ പക്കലുണ്ടെന്നും പരാതിയിലുണ്ട്.
പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗാസിയാബാദിലെ ഇന്ദിരാപുരം പോലീസിനോട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് ആവശ്യപ്പെട്ടിട്ടിരുന്നു. 2025 ജൂണ്‍ 14-ന് വനിതാ ഹെല്‍പ്പ് ലൈനിലും പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. പക്ഷേ, ആ പരാതി മുന്നോട്ടുപോയില്ല. ഇതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാന്‍ യുവതി തീരുമാനിച്ചത്. ഇത്തവണ ഐപിഎല്‍ കിരീടം നേടിയ ആര്‍സിബിക്കായി 15 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ താരമാണ് യാഷ് ദയാല്‍.