ഗുരുഗ്രാം: ഇരുപത് രൂപ ചോദിച്ചപ്പോള്‍ നല്‍കത്തതിന് അമ്മയെ മകന്‍ കോടാലി കൊണ്ട് വെട്ടിക്കൊന്നു. കഴുത്തിന് വെട്ടേറ്റ സ്ത്രീ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഹരിയാനയിലെ നൂഹ് ജില്ലയിലുള്ള ജയ്‌സിങ്പുര്‍ ഗ്രാമത്തിലുള്ള റസിയ (65) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകന്‍ ജംഷദിനെ (20) പൊലീസ് അറസ്റ്റ് ചെയ്തു.

ലഹരിക്ക് അടിമയാണ് അറസ്റ്റിലായ ജംഷദ്. ശനിയാഴ്ച രാത്രിയാണ് കൊല നടന്നത്. അന്നേ ദിവസം രാത്രി റസിയയോട് ജംഷാദ് 20 രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം നല്‍കാന്‍ റസിയ വിസമ്മതിച്ചു. റസിയ ഉറങ്ങിയതിനുശേഷം ജംഷദ് പണം മോഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഉണര്‍ന്നതോടെ പണം പിടിച്ചു വാങ്ങി. ഇതില്‍ പ്രകോപിതനായ ജംഷദ് ആദ്യം കല്ലുകൊണ്ട് റസിയയെ ആക്രമിച്ചു. ഇടിയേറ്റ് കട്ടിലിലേക്ക് വീണ റസിയ നിലവിളിച്ചതോടെ മറ്റ് കുടുംബാംഗങ്ങള്‍ ഉണരുകയും ഇവരുടെ മരുമകള്‍ റസിയയെ രക്ഷിക്കാനെത്തുകയും ചെയ്തു. ഇവരെയും ജംഷദ് ആക്രമിച്ചു. തുടര്‍ന്നാണ് കോടാലിയെടുത്ത് റസിയയെ വെട്ടിയത്. റസിയ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഇതിനുശേഷം മൃതദേഹത്തിനരികില്‍ തന്നെ കിടന്ന് ജംഷദ് ഉറങ്ങി.

ജംഷദ് ഏറെക്കാലമായി കഞ്ചാവും കറുപ്പും ഉപയോഗിക്കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. റസിയയുടെ ഭര്‍ത്താവ് നാലു മാസം മുമ്പാണ് മരിച്ചത്. അസമില്‍നിന്ന് ഹരിയാനയിലേക്ക് വര്‍ഷങ്ങള്‍ക്കു മുമ്പ് കുടിയേറിയവരാണ് ഇവര്‍. റസിയയുടെ നാല് ആണ്‍മക്കളില്‍ ഇളയവനാണ് ജംഷദ്.