സൂറത്ത്: രണ്ട് മക്കളെ കൊലപ്പെടുത്തി കായികാധ്യാപകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. ഗുജറാത്തിലെ സൂറത്തിലെ കായികാധ്യാപകനായ അല്പേഷ് സൊളാങ്കി(41)യാണ് രണ്ട് ആണ്‍മക്കളെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. ഭാര്യയ്ക്ക് സഹപ്രവര്‍ത്തകനുമായുള്ള അടുപ്പവും ഭാര്യയുടെ ഉപദ്രവവും കാരണമാണ് ജീവനൊടുക്കുന്നതെന്ന് അധ്യാപകന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് അല്പേഷിന്റെ ഭാര്യ ഫാല്‍ഗുനി, ഇവരുടെ കാമുകന്‍ നരേഷ് റാത്തോഡ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അധ്യാപകന്റെ ഭാര്യയെയും സഹപ്രവര്‍ത്തകനായ കാമുകനെയും അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. അധ്യാപകനായ അല്പേഷ് എഴുതിയ എട്ടുപേജുള്ള ആത്മഹത്യാക്കുറിപ്പും ഇദ്ദേഹത്തിന്റെ രണ്ട് ഡയറികളും നേരത്തേ റെക്കോഡ്ചെയ്ത് സൂക്ഷിച്ച മൂന്ന് വീഡിയോദൃശ്യങ്ങളും പോലീസ് കണ്ടെടുത്തിരുന്നു. ഇതെല്ലാം പരിശോധിച്ചതിന് പിന്നാലെയാണ് ഭാര്യയെയും കാമുകനെയും പോലീസ് അറസ്റ്റ്ചെയ്തത്.

ഫാല്‍ഗുനിയും നരേഷ് റാത്തോഡും ജില്ലാ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരാണ്. നാലുവര്‍ഷമായി ഇരുവരും അടുപ്പത്തിലാണെന്നും ഈ ബന്ധത്തെത്തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് അധ്യാപകന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പോലീസ് പറയുന്നത്. എട്ടുപേജുള്ള ആത്മഹത്യാക്കുറിപ്പില്‍ നരേഷുമായുള്ള ഭാര്യയുടെ ബന്ധത്തെക്കുറിച്ചാണ് അല്പേഷ് എഴുതിയിരുന്നത്. 200 പേജുള്ള രണ്ട് ഡയറികളും വീട്ടിലുണ്ടായിരുന്നു. ഇതിലൊന്ന് മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും വേണ്ടിയാണ് സമര്‍പ്പിച്ചിരുന്നത്. രണ്ടാമത്തെ ഡയറിയില്‍ പൂര്‍ണമായും ഭാര്യയെക്കുറിച്ചാണ് അല്പേഷ് എഴുതിയിരുന്നതെന്നും ഡിസിപി(സോണ്‍-4) വിജയ്സിങ് ഗുര്‍ജാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കുട്ടിക്കാലം മുതല്‍ തന്റെ ജീവിതത്തിലുണ്ടായ പ്രധാനസംഭവങ്ങളും ഫാല്‍ഗുനിയുമായുള്ള പ്രണയവും പിന്നീട് ഇവരെ വിവാഹം കഴിച്ചതുമെല്ലാം അല്പേഷ് ഡയറിയില്‍ കുറിച്ചിരുന്നു. സഹപ്രവര്‍ത്തകനുമായി അടുപ്പമുണ്ടെന്ന് അറിഞ്ഞതോടെ ഇത് അവസാനിപ്പിക്കണമെന്ന് പലവട്ടം ഭാര്യയോട് പറഞ്ഞു. അവള്‍ക്ക് നിരവധി അവസരങ്ങള്‍ നല്‍കി. എന്നാല്‍, ഇത്രയേറെ അവസരങ്ങള്‍ നല്‍കിയിട്ടും ഭാര്യ നരേഷ് റാത്തോഡുമായുള്ള ബന്ധം ഉപേക്ഷിച്ചില്ലെന്നും ഇദ്ദേഹം കുറ്റപ്പെടുത്തുന്നുണ്ട്.

വര്‍ഷങ്ങളായി ഭാര്യ മാനസികമായി പീഡിപ്പിക്കുന്നതായാണ് മറ്റൊരു ആരോപണം. തന്റെ രണ്ടാമത്തെ കുട്ടിയുടെ പിതൃത്വത്തില്‍ വരെ സംശയമുണ്ടെന്നും അധ്യാപകന്‍ ഡയറിയില്‍ കുറിച്ചിരുന്നു. 'ഞാന്‍ നഗരത്തിന് പുറത്തായിരിക്കുന്ന സമയത്തെല്ലാം റാത്തോഡ് വീട്ടിലെത്തും. ഫാല്‍ഗുനിയുടെ പുതിയ വസ്ത്രങ്ങളെല്ലാം അയാളുടെ സമ്മാനങ്ങളായിരുന്നു. എന്റെ രൂപത്തെച്ചൊല്ലിയും ഭാര്യ നിരന്തരം അധിക്ഷേപിച്ചു. തന്നെപ്പോലെ ഒരു സുന്ദരിയെ വിവാഹംചെയ്യാനായത് എന്റെ ഭാഗ്യമാണെന്നാണ് ഭാര്യ പറഞ്ഞിരുന്നത്'', അല്പേഷ് ഡയറിയില്‍ കുറിച്ചു.

സഹപ്രവര്‍ത്തകനുമായുള്ള ഭാര്യയുടെ ബന്ധം അറിഞ്ഞതോടെ അല്പേഷ് അമിതമായ മദ്യപാനവും പുകവലിയും ആരംഭിച്ചെന്നാണ് പോലീസ് പറയുന്നത്. ജൂണ്‍ മാസം മുതലാണ് അദ്ദേഹം ആത്മഹത്യാക്കുറിപ്പും ഡയറികളും എഴുതിത്തുടങ്ങിയത്. മദ്യപാനം കൂടിയതോടെ ഭാര്യ പലതവണ എതിര്‍ത്തെങ്കിലും അല്പേഷ് മദ്യപാനം നിര്‍ത്തിയില്ലെന്നും പോലീസ് പറഞ്ഞു.

അറസ്റ്റിലായ ഫാല്‍ഗുനിയും നരേഷ് റാത്തോഡും നാലുവര്‍ഷമായി പ്രണയത്തിലാണ്. റാത്തോഡിന് ആദ്യഭാര്യയില്‍ ഒരു കുട്ടിയുണ്ട്. ആദ്യഭാര്യ മരിച്ചതോടെ മറ്റൊരു സ്ത്രീയുമായി ഇയാളുടെ വിവാഹനിശ്ചയം കഴിഞ്ഞു. പക്ഷേ, ഇത് വിവാഹത്തിലെത്തിയില്ല. തുടര്‍ന്നാണ് ഫാല്‍ഗുനിയുമായി ഇയാള്‍ അടുപ്പത്തിലായതെന്നും പോലീസ് വ്യക്തമാക്കി.