ആലപ്പുഴ: കേരള മനസാക്ഷിയെ ഞെട്ടിച്ച അനുഭവക്കുറിപ്പ് എഴുതിയ നാലാംക്ലാസുകാരി അന്നു വൈകിട്ടും പിതാവിന്റെ ക്രൂരതയ്ക്ക് ഇരയായി. കൂന്താലി വീശി പാഞ്ഞടുത്ത പിതാവില്‍ നിന്നും തലനാരിഴയ്ക്കാണ് ആ കുരുന്ന് രക്ഷപ്പെട്ടത്. സംഭവം അറിഞ്ഞ് പൊലീസ് ഇയാളെ തിരക്കി നടക്കുമ്പോഴായിരുന്നു ഇത്. കുട്ടിയുടെ വെളിപ്പെടുത്തലില്‍ കലിപൂണ്ട ഇയാള്‍ കുഞ്ഞിനെ അടിക്കാന്‍ കൂന്താലിയുമായി പാഞ്ഞെത്തുക ആയിരുന്നു. ഭാഗ്യം ഒന്നു കൊണ്ട് മാത്രമാണ് ആ ഒമ്പതു വയസുകാരി രക്ഷപ്പെട്ടത്.

ചൊവ്വാഴ്ച വൈകിട്ടാണ് വീണ്ടും പിതാവ് കൂടുതല്‍ ക്രൂരമായ ആക്രമണത്തിനെത്തിയത്. പൊലീസ് തിരഞ്ഞെത്തിയപ്പോള്‍ ഒളിവിലായിരുന്ന പാലമേല്‍ കഞ്ചുകോട് പൂവണ്ണംതടത്തില്‍ കിഴക്കേതില്‍ അന്‍സാറാണു കുട്ടിക്കും തന്റെ മാതാപിതാക്കള്‍ക്കും നേരെ കൂന്താലി പ്രയോഗിച്ചത്. വിവരമറിഞ്ഞ ശിശുക്ഷേമ സമിതി ഉടന്‍ ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചു. തുടര്‍ന്ന് നൂറനാട് പൊലീസിനെ അവിടേക്കയച്ചെങ്കിലും അന്‍സാര്‍ വീണ്ടുംമുങ്ങി. ഇയാളെയും ഷെബീനയെയും ഉടന്‍ പിടികൂടുമെന്നാണു പൊലീസ് പറയുന്നത്.

അന്‍സാറും രണ്ടാം ഭാര്യ ഷെബീനയും കുഞ്ഞിനെ ക്രൂരമായി പീഡിപ്പിക്കുന്നതായി അധ്യാപകര്‍ അറിയിച്ചതിനെ തുടര്‍ന്നു പൊലീസ് ഇവരെത്തേടി വീട്ടിലെത്തിയിരുന്നു. എന്നാല്‍ സംഭവം അറിഞ്ഞ് മുങ്ങിയ അന്‍സാര്‍ പിന്നീടു വീടു പൂട്ടാനാണു വൈകിട്ടെത്തിയത്. അടുത്തു തന്നെയുള്ള പഴയ വീട്ടില്‍ മകളെയും തന്റെ മാതാപിതാക്കളെയും കണ്ടപ്പോള്‍ ഇയാള്‍ കൂന്താലിയെടുത്ത് ആക്രോശിച്ചെത്തി. കുട്ടി ഓടിമാറിയപ്പോള്‍ അന്‍സാര്‍ പിതാവിനു നേരെ കൂന്താലി വീശി. നിലത്തുകൊണ്ട് ഒടിഞ്ഞതിനാല്‍ അദ്ദേഹവും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

ഇതോടെ ഭീതിയുടെ നിഴലിലാണ് കുട്ടിയും അന്‍സാറിന്റെ മാതാപിതാക്കളും. ഇനിയും ആക്രമണം ഉണ്ടായേക്കാം എന്നതിനാല്‍ കുട്ടിയെയും അന്‍സാറിന്റെ മാതാവിനെയും ബന്ധുവീട്ടിലേക്കു മാറ്റി. പൊലീസിന്റെ വിവിധ സംഘങ്ങള്‍ അന്‍സാറിനെ തിരയുന്നുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡും രംഗത്തുണ്ട്. കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ വിക്ടിം റൈറ്റ്‌സ് സെന്ററിന്റെ അഭിഭാഷക കെ.എം.ഷിഷ പൊലീസില്‍നിന്നും കുട്ടിയില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ഹൈക്കോടതിക്കു റിപ്പോര്‍ട്ട് നല്‍കുമെന്ന് അവര്‍ അറിയിച്ചു. സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ചും വിവരങ്ങള്‍ ശേഖരിച്ചു.

കുട്ടിക്കു സ്‌കൂളില്‍ പൂര്‍ണ സംരക്ഷണവും നിയമനടപടികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നു സ്‌കൂള്‍ മാനേജര്‍ അറിയിച്ചു. സംഭവത്തില്‍ ഇടപെട്ട ബാലാവകാശ കമ്മിഷന്‍ ജില്ലാ ശിശുക്ഷേമ ഓഫിസറോടും നൂറനാട് എസ്എച്ച്ഒയോടും അന്വേഷണ റിപ്പോര്‍ട്ട് തേടി. കുട്ടിക്കു കൗണ്‍സലിങ് സേവനം ഉറപ്പുവരുത്താന്‍ ജില്ലാ ശിശുക്ഷേമ ഓഫിസര്‍ക്കു നിര്‍ദേശം നല്‍കിയെന്നു കമ്മിഷന്‍ അംഗം ജലജ ചന്ദ്രന്‍ പറഞ്ഞു.

ആ കുരുന്ന് സ്‌കൂളിന്റെ പൊന്നോമന

സ്വന്തം ജീവിതത്തിലെ അനുഭവം നല്ല കൈപ്പടയില്‍ അക്ഷരത്തെറ്റില്ലാതെ എഴുതിയ ആ കുരുന്ന് ആ സ്‌കൂളിന്റെയും പൊന്നോമനയാണ്. പാട്ടിനും ഡാന്‍സിനും പ്രസംഗത്തിനും എന്നു വേണ്ട സ്‌കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും അവള്‍ മുന്‍നിരയില്‍ കാണും.സ്‌കൂള്‍ ലീഡാറാണ് ആ മിടുക്കി. സ്‌കൂളിലെ പരിപാടികളില്‍ പ്രസംഗിക്കും, കഥകള്‍ പറയും, കവിത ചൊല്ലും. കുട്ടികളുടെ ചെറിയ കുട്ടികളുടെ ക്ലാസുകളില്‍ പോയി ഉച്ചസമയങ്ങളില്‍ കഥ പറഞ്ഞുകൊടുക്കും, പാട്ടു പാടും.

രാവിലെ സ്‌കൂള്‍ ബസില്‍ എത്തുന്ന ചെറിയ കുട്ടികളെ കൈ പിടിച്ചിറക്കുന്നത് അവളാണ്. വൈകിട്ട് അവരെ വീഴാതെ ബസില്‍ കയറ്റി തിരികെ സീറ്റുകളില്‍ ഇരുത്താനും അവള്‍ എന്നും എത്തും. ആറിന് രാവിലെ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ അവള്‍ പ്രസംഗിക്കുമ്പോഴാണ് അധ്യാപകരും പിടിഎ ഭാരവാഹികളും കവിളില്‍ അടിയേറ്റ് പാടുകള്‍ കണ്ടത്. തുടര്‍ന്നാണ് കുറിപ്പുകണ്ടതും പൊലീസില്‍ വിവരം അറിയിച്ചതും.