- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മേലുകാവ് ഗ്രാമപഞ്ചായത്തില്‍ 83.08 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയ സംഭവം; മുന്‍ വി.ഇ.ഒ കെ. ജോണ്സണ് ജോര്‍ജിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു: പ്രതി മൂന്നിലവ് പഞ്ചായത്തില്‍ നടത്തിയത് 67.28 ലക്ഷം രൂപയുടെ തിരിമറി
മേലുകാവിലെ 83.08 ലക്ഷത്തിന്റെ ക്രമക്കേട്: മുൻ വിഇഒയെ പിരിച്ചുവിട്ടു
കോട്ടയം: മേലുകാവ് ഗ്രാമപ്പഞ്ചായത്ത് പദ്ധതി നടത്തിപ്പില്‍ 83.08 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയ വില്ലേജ് എക്സ്റ്റെന്ഷന് ഓഫീസര്‍ കെ. ജോണ്സണ് ജോര്‍ജിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. മേലുകാവ് പഞ്ചായത്തിന് പുറമേ മൂന്നിലവ് പഞ്ചായത്തിലും ഇയാള്‍ ലക്ഷങ്ങളുടെ തിരിമറി നടത്തിയതും പുറത്തായിരുന്നു. മൂന്നിലവ് പഞ്ചായത്തില്‍ 67.28 ലക്ഷം രൂപയുടെ തിരിമറിയാണ് ഇയാള്‍ നടത്തിയത്. ഈ രണ്ട് അഴിമതിയും പരിഗണിച്ചാണ് പിരിച്ചുവിടല്‍.
രണ്ടുപഞ്ചായത്തിലുമായി 1.50 കോടി രൂപയുടെ തിരിമറി കാണിച്ച ജോണ്‍സണെ സര്‍വീസില്‍ നിലനിര്‍ത്തിയാല്‍ കൂടുതല്‍ ക്രമക്കേടിന് വഴിയൊരുക്കുമെന്ന് പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു. അതേസമയം സര്‍ക്കാരിനുണ്ടായ സാമ്പത്തികനഷ്ടം ഇയാളില്‍നിന്ന് ഈടാക്കുന്നതിന് തദ്ദേശവകുപ്പ് കോട്ടയം ജില്ലാ ജോയിന്റ് ഡയറക്ടറെ, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
അതേസമയം മൂന്നിലവ് പഞ്ചായത്തിലെ തിരിമറിയില്‍ ഇനിയും അന്വേഷണം പൂര്‍ത്തിയായിട്ടില്ല. മൂന്നിലവിലെ 67 ലക്ഷം രൂപയുടെ തിരിമറി വാര്‍ത്തയായപ്പോഴാണ് മേലുകാവിലെ തട്ടിപ്പും പുറത്തുവന്നത്. മേലുകാവ് പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ പേരില്‍ വന്‍ അഴിമതിയാണ് ഇയാള്‍ നടത്തിയത്. ടോട്ടല്‍ സാനിട്ടേഷന്‍, ഇഎംഎസ് ഭവനപദ്ധതി, ഭവന പുനരുദ്ധാരണം, വനിതകള്‍ക്ക് വീട് നിര്‍മാണം, വീടിന് സ്ഥലം വാങ്ങല്‍, കിണര്‍നിര്‍മാണം, അംഗപരിമിതര്‍ക്ക് പെട്ടിക്കട എന്നിവയാണ് മേലുകാവില്‍ നടത്തിയ പ്രധാന പദ്ധതികള്‍.
ഈ പദ്ധതികളുടെ പേരിലാണ് ഇയാള്‍ പണം തട്ടിയത്. 2014 മുതല്‍ 2017 വരെ വിവിധ പദ്ധതികള്‍ക്കായി ചെലവിട്ട തുകയുടെ രേഖകള്‍ ഇയാളോട് പലതവണ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല. 2014-15-ല്‍ നിര്‍വഹണോദ്യോഗസ്ഥനായ വിഇഒ 48 പദ്ധതികളിലായി 37.80 ലക്ഷം രൂപയാണ് ചെലവഴിച്ചത്. 2015-16-ല്‍ 40.59 ലക്ഷം രൂപയും 2016-17-ല്‍ 4.68 ലക്ഷം രൂപയും ചെലവിട്ടു. എന്നാല്‍, ചെലവഴിച്ചതുകയുടെ വിവരങ്ങളോ ഫയലുകളോ കണ്ടെത്താനായിട്ടില്ല. തുടര്‍ന്ന് പരാതി ഉയര്‍ന്നതോടെ സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
ആദ്യവര്‍ഷത്തെ തിരിമറി റിപ്പോര്‍ട്ടില്‍ വന്നെങ്കിലും മേലധികാരികള്‍ അവഗണിച്ചു. അടുത്ത രണ്ടുവര്‍ഷവും ഇതേ ക്രമക്കേട് ആവര്‍ത്തിച്ചു. 83.08 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തി. എന്നാല്‍ ജോണ്‍സനെതിരെ നടപടി കൈക്കൊണ്ടില്ല. പകരം ജോണ്‍സണെ മൂന്നിലവ് പഞ്ചായത്തിലേക്ക് സ്ഥലംമാറ്റുകയാണുചെയ്തത്. അവിടെനിന്ന് ലൈഫ് പദ്ധതിയിലെ 67.28 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.
മൂന്നിലവിലെ തട്ടിപ്പില്‍ വിജിലന്‍സ് കേസെടുത്തു. ഇദ്ദേഹത്തെ സസ്പെന്‍ഡും ചെയ്തു. തുടര്‍നടപടി വൈകിയതിനാല്‍ സര്‍വീസില്‍ തിരിച്ചെടുക്കുകയും കണ്ണൂര്‍ ജില്ലയിലെ ആലക്കോട് പഞ്ചായത്തിലേക്ക് മാറ്റുകയുംചെയ്തു. കുടുംബപ്രശ്നങ്ങള്‍ കാരണമാണ് ഫയലുകള്‍ ഹാജരാക്കാന്‍ കഴിയാത്തതെന്നും പണം കിട്ടിയില്ലെന്ന് ഗുണഭോക്താക്കളാരും പരാതി നല്‍കിയിട്ടില്ലെന്നുമായിരുന്നു വിഇഒയുടെ വാദം.