- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'ശിര്ക്കാ'യതിനാല്‍ സ്‌കൂളില്‍ ഓണാഘോഷം വേണ്ടെന്ന ശബ്ദസന്ദേശം; വിദ്യാര്‍ത്ഥികളെ മതപരമായി വേര്‍തിരിക്കുന്ന പരാമര്‍ശങ്ങള്‍; കേസെടുത്തതിന് പിന്നാലെ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തെന്ന് സിറാജുല്‍ ഉലൂം സ്കൂള്‍ പ്രിന്‍സിപ്പല്‍
അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തെന്ന് സിറാജുല്‍ ഉലൂം സ്കൂള്‍ പ്രിന്‍സിപ്പല്‍
തൃശൂര്‍: സ്‌കൂളില്‍ ഓണം ആഘോഷിക്കേണ്ടതില്ലെന്ന് രക്ഷിതാക്കള്‍ക്ക് ശബ്ദസന്ദേശം അയച്ച അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തതായി പ്രിന്‍സിപ്പല്‍. തൃശൂര്‍ കടവല്ലൂര്‍ സിറാജുല്‍ ഉലൂം സ്‌കൂളിലെ അധ്യാപിക ഖദീജയ്ക്കെതിരെ കുന്നംകുളം പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അധ്യാപികയ്ക്ക് എതിരെ മാനേജ്‌മെന്റ് നടപടിയെടുത്തത്. ഓണം ഇതരമതസ്ഥരുടെ ആഘോഷമാണെന്നും മുസ്ലിങ്ങള്‍ ഇതില്‍ പങ്കാളികളാകരുതെന്നും ആവശ്യപ്പെട്ടാണ് അധ്യാപിക രക്ഷിതാക്കള്‍ക്ക് ശബ്ദസന്ദേശം അയച്ചത്. അധ്യാപികമാര്‍ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്നും സ്‌കൂളിന്റെ നിലപാടല്ല എന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. സ്‌കൂളില്‍ ഓണാഘോഷം നാളെ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
കുന്നംകുളത്തെ കല്ലുംപുറം സിറാജുല്‍ഉലൂം ഇംഗ്ലിഷ് സ്‌കൂളിലെ അധ്യാപികയാണ് രക്ഷിതാക്കള്‍ക്ക് സന്ദേശം അയച്ചത്. ഇതരമതസ്ഥരുടെ ആഘോഷമായ ഓണം സ്‌കൂളില്‍ വേണ്ടെന്നായിരുന്നു സന്ദേശം. ഇതു പുറത്തായതോടെ പരാതിയായി. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ കുന്നംകുളം പൊലീസ് കേസെടുത്തു. വിദ്യാലയങ്ങളെ വര്‍ഗീയവല്‍ക്കരിക്കുന്നത് തടയുമെന്ന് ഡി.വൈ.എഫ്.ഐ. തൃശൂര്‍ ജില്ലാ സെക്രട്ടറി വി.പി.ശരത്പ്രസാദ് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണ ഓണം ആഘോഷിക്കേണ്ടതില്ല. ഓണം ഇതരമതസ്ഥരുടെ ആഘോഷമായതിനാല്‍ ഇസ്ലാം മതവിശ്വാസികള്‍ അതിനോട് സഹകരിക്കരുത്. നമ്മള്‍ മുസ്ലിങ്ങള്‍ ഇസ്ലാം മതത്തെ മുറുകെപ്പിടിച്ച് ജീവിക്കേണ്ടവരാണ് തുടങ്ങിയ കാര്യങ്ങളും ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്. ചെറിയ പ്രായത്തിലുള്ള വിദ്യാര്‍ത്ഥികളെ മതപരമായി വേര്‍തിരിക്കുന്ന പരാമര്‍ശങ്ങളാണ് അധ്യാപിക രക്ഷിതാക്കള്‍ക്ക് അയച്ച ശബ്ദ സന്ദേശത്തിലെന്നാരോപിച്ചാണ് കുന്നംകുളം പൊലീസില്‍ പരാതി നല്‍കിയത്.
'ഓണം ഹിന്ദുമതസ്ഥരുടെ ആചാരമാണെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ആ ഒരു സെലിബ്രേഷനുമായി ബന്ധപ്പെട്ട് നമ്മുടെ മക്കളോ നമ്മളോ അത്തരത്തിലുള്ള കാര്യങ്ങളെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. കാരണം മറ്റു മതസ്ഥരുടെ ആചാരങ്ങളെ നമ്മള്‍ കൂട്ടുപിടിച്ച് കഴിഞ്ഞാല്‍ അത് 'ശിര്‍ക്കായി' മാറാന്‍ ചാന്‍സുണ്ട്. അല്ലാഹുവിനോട് പങ്കുചേര്‍ക്കുന്നതിന് തുല്യമാണിത്'- അധ്യാപികയുടെ ശബ്ദസന്ദേശത്തില്‍ പറയുന്നു.
മതങ്ങള്‍ തമ്മിലടിക്കുന്ന രീതിയില്‍ സന്ദേശം അയച്ചെന്ന കുറ്റമാണ് അധ്യാപകര്‍ക്കെതിരെ ചുമത്തിയത്. ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. സ്‌കൂളില്‍ നിന്ന് അധ്യാപകരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. അണ്‍എയിഡഡ് സ്‌കൂളാണിത്. എല്ലാ മതവിഭാഗത്തിലുള്ള കുട്ടികളും പഠിക്കുന്ന വിദ്യാലയം. മലയാളികളുടെ ദേശീയ ഉല്‍സവമായ ഓണത്തെ ഒരു മതത്തിന്റെ ആഘോഷമായി ചിത്രീകരിച്ചതാണ് പരാതിക്കു കാരണം.