പറ്റ്‌ന: പുതിയ വിവാഹത്തിന് കെണി ഒരുക്കവെ നാല് നവവധുക്കളടക്കം ഒമ്പതുപേരടങ്ങിയ തട്ടിപ്പുസംഘം ബിഹാറില്‍ പിടിയില്‍. രാജ്യവ്യാപകമായി വിവാഹത്തട്ടിപ്പ് നടത്തി വന്നിരുന്ന ബിഹാറിലെ ചമ്പാരന്‍ ജില്ലയില്‍ നിന്നുള്ള സംഘമാണ് വലയിലായത്. ചമ്പാരന്‍ പൊലീസ് ബെട്ടിയ മൈനത്താണ്ടില്‍ നടത്തിയ റെയ്ഡിലാണ് അഞ്ചുപുരുഷന്‍മാരും നാല് സ്ത്രീകളുമടങ്ങിയ സംഘം പിടിയിലായത്. ഇവരില്‍ നിന്ന് കാറും ബൈക്കുകളുമടക്കം മൂന്ന് വാഹനങ്ങളും ഒമ്പത് മൊബൈല്‍ ഫോണുകളും പിടികൂടിയിട്ടുണ്ട്.

മാട്രിമോണിയല്‍ വെബ്‌സൈറ്റുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഇരകളെ കണ്ടെത്തി വിവാഹം കഴിച്ച് ഏതാനും ദിവസങ്ങള്‍ക്കകം പണവും സ്വര്‍ണവുമായി മുങ്ങുകയായിരുന്നു സംഘത്തിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു. വരന്‍മാരെ ആവശ്യമുണ്ടെന്ന രീതിയിലാണ് സംഘം ആളുകളെ സമീപിക്കുക. തുടര്‍ന്ന് വിവാഹത്തിന് ആഭരണമടക്കം വ്യവസ്ഥകള്‍ മുന്നോട്ടുവെക്കും. വിവാഹത്തിന് ശേഷം ഏതാനും ദിവസങ്ങള്‍ കുടുംബത്തിനൊപ്പം കഴിഞ്ഞ ശേഷം വിലപിടിപ്പുള്ള വസ്തുക്കളും ആഭരണവും പണവുമായി മുങ്ങുകയാണ് ഇവരുടെ പതിവെന്ന് പൊലീസ് വ്യക്തമാക്കി.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ സംഘം സമാനരീതിയില്‍ തട്ടിപ്പ് നടത്തിയതായാണ് വിവരമെന്ന് സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ (എസ്.ഡി.പി.ഒ) പ്രകാശ് സിംഗ് പറഞ്ഞു. പല സംസ്ഥാനങ്ങളില്‍ നിന്നും തട്ടിപ്പിനായി ഇവര്‍ യുവതികളെ തെരഞ്ഞെടുത്തിരുന്നു. തട്ടിപ്പില്‍ പെടുന്നവര്‍ നാണക്കേട് ഭയന്ന് വിഷയം പുറത്തറിയിക്കാത്തതും പരാതി നല്‍കാന്‍ തയ്യാറാവാതിരുന്നതും തട്ടിപ്പ് വ്യാപിപ്പിക്കാന്‍ ഇവര്‍ക്ക് സഹായകമായതായും പ്രകാശ് സിംഗ് വിശദമാക്കി. പിടിയിലായ യുവതികള്‍ എല്ലാവരും നിയമപരമായി വിവാഹിതരായിരുന്നവരാണെന്നും പൊലീസ് പറഞ്ഞു.