തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരേ ലൈംഗിക പീഡന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പുതിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചത് സമഗ്രാന്വേഷണത്തിന്. നിലവില്‍ അന്വേഷണത്തിനായി നിയോഗിച്ച ബിനുകുമാര്‍ അന്വേഷണവുമായി മുന്നോട്ടു പോകാന്‍ അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്നു ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയായിരുന്നു. ഗര്‍ഭഛിദ്ര ഓഡിയോയിലെ ഇരയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഗര്‍ഭഛിദ്രം നടന്നോ എന്ന് പോലീസ് സ്ഥിരീകരിക്കാന്‍ ശ്രമിക്കുകയാണ്. ആശുപത്രി രേഖകള്‍ അടക്കം കണ്ടെത്താനാണ് ശ്രമം. അന്വേഷണ സംഘത്തില്‍ സൈബര്‍ വിഭാഗം ഇന്‍സ്‌പെക്ടര്‍ ബിനോജ്, ക്രൈംബ്രാഞ്ച് സിഐമാരായ സിനോജ്, സാഗര്‍ എന്നിവരാണുള്ളത്. പിന്നീട് വനിതാ ഉദ്യോഗസ്ഥരെക്കൂടി ഉള്‍പ്പെടുത്തി അന്വേഷണസംഘം വിപുലീകരിക്കും. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും.

അന്വേഷണ സംഘം മാറിയതിനെ കുറിച്ച് മാധ്യമ നല്‍കിയ വാര്‍ത്ത ശ്രദ്ധേയമാണ്. : രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പുതിയ അന്വേഷണ സംഘത്തെ രൂപവത്കരിച്ചു. നിലവില്‍ അന്വേഷണത്തിനായി നിയോഗിച്ച ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബിനുകുമാര്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മുന്നോട്ടു പോകാന്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് മണിക്കൂറുകള്‍ക്കകം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഷാജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതെന്നാണ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത് വലിയ സമ്മര്‍ദ്ദം പോലീസിലുണ്ടെന്നാണ് സൂചന.

ഇരകളുടെ അടക്കം മൊഴിയെടുക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താന്‍ മുകളില്‍നിന്നു നിര്‍ദേശിച്ചിരുന്നു. ഇതിനിടെയാണ് സര്‍ക്കാരിനുകൂടി താത്പര്യമുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചത്. അതിനിടെ, യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ സൃഷ്ടിച്ചുവെന്ന ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മൊഴി ഇന്നു രേഖപ്പെടുത്താനിരിക്കുകയാണ്. മൊഴി രേഖപ്പെടുത്താന്‍ എത്തണമെന്ന് ക്രൈംബ്രാഞ്ച് രാഹുലിനോട് നിര്‍ദേശിച്ചിരുന്നു. അതിനിടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകില്ല. ഇന്ന് രാവിലെ പത്തിന് തിരുവനന്തപുരത്തെ ഓഫീസില്‍ എത്താന്‍ ആയിരുന്നു അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നോട്ടീസ് ലഭിച്ചില്ലെന്നും അതിനാല്‍ ഹാജരാകില്ലെന്നുമാണ് രാഹുല്‍ അവകാശപ്പെടുന്നത്. ഇതിനൊപ്പമാണ് പീഡന കേസിലെ അന്വേഷണം.

വ്യാജ രേഖാ കേസില്‍ ഇന്ന് ഹാജരായില്ലെങ്കില്‍ മറ്റൊരു ദിവസത്തേക്ക് വീണ്ടും നോട്ടീസ് നല്‍കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച കേസിലെ പ്രതികളുടെ ഫോണില്‍ നിന്ന് ലഭിച്ച ശബ്ദരേഖയില്‍ രാഹുലിന്റെ പേര് പരാമര്‍ശിച്ചതോടെയാണ് വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ രാഹുലിന്റെ അടുത്ത സുഹൃത്തുക്കളായ നാലുപേരുടെ വീട്ടില്‍ പരിശോധന നടത്തുകയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. രാഹുലിനെ കേസില്‍ പ്രതി ചേര്‍ക്കാന്‍ മതിയായ തെളിവുകള്‍ ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് രാഹുല്‍ ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കുന്നത്.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയവരുടെ ഫോണ്‍ സംഭാഷണത്തില്‍ പേരും പരാമര്‍ശിക്കപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് രാഹുലിനോട് ഹാജരാകാന്‍ സംഘം ആവശ്യപ്പെട്ടത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയതിന് പിന്നില്‍ തനിക്ക് പങ്കില്ലെന്ന് ആയിരുന്നു പോലീസിന് രാഹുല്‍ നല്‍കിയ മൊഴി. മൂന്നാം പ്രതി അഭിനന്ദ് വിക്രമിന്റെ ശബ്ദരേഖയില്‍ രാഹുലിന്റെ പേരു പരാമര്‍ശിച്ചതോടെയാണ് നോട്ടിസ് നല്‍കിയത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചെന്ന കേസില്‍ രാഹുലിന്റെ സുഹൃത്തുകളും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായ ഫെനി നൈനാന്‍, ബിനില്‍ ബിനു, അഭിനന്ദ് വിക്രം, വികാസ് കൃഷ്ണ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച കംപ്യൂട്ടര്‍ സെന്ററിലെ ജീവനക്കാരനായ കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദിനെയും അറസ്റ്റു ചെയ്തിരുന്നു.

സി.ആര്‍ കാര്‍ഡ് എന്ന ആപ് വഴിയാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചതെന്നാണ് പൊലീസ് പറയുന്നത്. പരാതിയില്‍ മ്യൂസിയം പൊലീസാണ് അന്വേഷണം നടത്തിയിരുന്നത്. വിവിധ ജില്ലകളില്‍ അന്വേഷിക്കേണ്ട കേസായതിനാല്‍ ക്രൈംബ്രാഞ്ചിനു കൈമാറി. കേസിന്റെ തുടക്കത്തില്‍ മ്യൂസിയം പൊലീസ് രാഹുലിനെ ചോദ്യം ചെയ്തിരുന്നു. കാര്യമായ തെളിവൊന്നും ലഭിക്കാത്തതിനാല്‍ പ്രതിചേര്‍ത്തില്ല. കേസില്‍ അന്വേഷണം കടുപ്പിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച രാഹുലുമായി അടുത്ത ബന്ധമുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ ക്രൈംബ്രാഞ്ച് മിന്നല്‍ പരിശോധന നടത്തി. അടൂരും ഏലംകുളത്തുമുള്ള പ്രവര്‍ത്തകരുടെ വീടുകളിലായിരുന്നു പരിശോധന.