വിജയപുര: കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭാര്യ അറസ്റ്റില്‍. കൊലപാതക ശ്രമം അതീജീവിച്ച ബീരപ്പ പൂജാരിയുടെ വെളിപ്പെടുത്തലിലാണ് 29 കാരിയായ സുനന്ദ പൂജാരിയെ അറസ്റ്റ് ചെയ്തത്. ബീരപ്പ ആശുപത്രിയില്‍ ചികില്‍സയിലാണ്. കര്‍ണാടകയിലെ വിജയപുര ജില്ലയില്‍ ഇന്‍ഡി നഗരത്തിലാണ് സംഭവം. കാമുകന്‍ സിദ്ധപ്പ കാട്ടാനകേരി ഒളിവിലാണ്. ഇരുവരുടെയും രഹസ്യബന്ധം എതിര്‍ത്തതിന്റെ പേരില്‍ സെപ്റ്റംബര്‍ ഒന്നിന് അര്‍ധരാത്രിയില്‍ ബീരപ്പ പൂജാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

അയല്‍വാസികളായ സുനന്ദയും സിദ്ധപ്പയും പ്രണയത്തിലായിരുന്നു. ഇരുവരുെടയും ബന്ധമറിഞ്ഞ ബീരപ്പ പൂജാരി എതിര്‍ത്തതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. സെപ്റ്റംബര്‍ ഒന്നിന് അര്‍ധരാത്രി സുനന്ദയും സിദ്ധപ്പയും മറ്റൊരാളും ചേര്‍ന്ന് ബീരപ്പയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് കേസ്. സിദ്ധപ്പ വീട്ടിലെത്തി ബീരപ്പയെ കീഴടക്കുകയും നെഞ്ചില്‍ കയറിയിരുന്ന് കഴുത്തു ഞെരിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു.

കൂട്ടത്തിലുള്ള മറ്റൊരാള്‍ സ്വകാര്യ ഭാഗത്ത് പിടിച്ചമര്‍ത്തി. ഈ സമയത്ത് ഒപ്പമുണ്ടായിരുന്ന ഭാര്യ സുനന്ദ അവനെ തീര്‍ത്തേക്കെന്ന് സിദ്ധപ്പയോട് പറഞ്ഞതായാണ് ബീരപ്പയുടെ മൊഴി. ആക്രമണത്തിനിടെ കൂളറില്‍ കാലിടിച്ച് ശബ്ദമുണ്ടാക്കി ആളെകൂട്ടിയാണ് താന്‍ രക്ഷപ്പെട്ടതെന്നും ബീരപ്പ പൊലീസിനോട് പറഞ്ഞു. വീട്ടുടമസ്ഥനും ഭാര്യയും എത്തിയതോടെ സംഘം രക്ഷപ്പെടുകയായിരുന്നു. കേസില്‍ ബീരപ്പയുടെ ഭാര്യ സുനന്ദ അറസ്റ്റിലായി. ഇരുവരും തമ്മിലുള്ള ഫോണ്‍ വിളി ബീരപ്പ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കടം തീര്‍ക്കാനായി നാട്ടിലെ സ്ഥലം വിറ്റ് മറ്റൊരു നഗരത്തിലേക്ക് ബീരപ്പ കുടുംബസമേതം താമസം മാറിയത്.

അതേസമയം കേസില്‍ തനിക്ക് പങ്കില്ലെന്ന് പറഞ്ഞ് ഒളിവിലുള്ള സിദ്ധപ്പ രംഗത്തെത്തി. സിദ്ധപ്പ പുറത്തുവിട്ട വിഡിയോയില്‍ സുനന്ദയെയാണ് കുറ്റപ്പെടുത്തുന്നത്. മൂന്നു മാസത്തിനുള്ളില്‍ ഭാര്യ ഭര്‍ത്താക്കന്മാരായി ജീവിക്കാമെന്ന് സുനന്ദ പറഞ്ഞെന്നും എന്നാല്‍ ഇപ്പോള്‍ തന്നെ ഒറ്റിക്കൊടുക്കുകയാണെന്നും സിദ്ധപ്പ പറയുന്നു. നിയമം സ്ത്രീക്ക് അനുകൂലമായതിനാല്‍ ഞാന്‍ സത്യമായ മൊഴി നല്‍കിയാലും സ്വീകരിക്കില്ല. ഞാന്‍ മരിച്ചാല്‍ സുനന്ദയാണ് കാരണമെന്നും തനിക്ക് കൊലപാതക ശ്രമത്തില്‍ പങ്കില്ലെന്നും സുനന്ദയാണ് എല്ലാം ചെയ്തത് എന്നുമാണ് സിദ്ധപ്പയുടെ വാദം.