തിരുവനന്തപുരം: പേരൂര്‍ക്കട എസ്എപി ക്യാംപിലെ പൊലീസ് ട്രെയ്‌നി വിതുര പേപ്പാറ കരിപ്പാലം അരവിന്ദ് ഭവനില്‍ എ.ആനന്ദ്(25) ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം. ആനന്ദിന്റെ മരണത്തില്‍ ക്യാംപിലെ സീനിയര്‍ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആനന്ദ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കുടുംബം ആരോപിച്ചു.

ആനന്ദിന് ക്യാംപില്‍ ജാതി വിവേചനമോ അധിക്ഷേപമോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ആനന്ദിന് വിഷാദരോഗമുണ്ടായിരുന്നെന്നും ട്രെയിനിങ്ങിന്റെ സമ്മര്‍ദം അതിജീവിക്കാന്‍ കഴിഞ്ഞില്ലെന്നുമാണു പേരൂര്‍ക്കട പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ ഇതു ക്യാംപിലെ സീനിയര്‍ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന തരത്തിലുള്ള ന്യായീകരണം മാത്രമാണെന്നും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടും ആനന്ദിനെ അതേ സ്ഥലത്ത് തുടരാന്‍ അനുവദിച്ചതില്‍ ദുരൂഹതയുണ്ടെന്നും സഹോദരന്‍ എ.അരവിന്ദ് ആരോപിച്ചു. പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട് കുടുംബം തള്ളുകയും ചെയ്തു.

കുടുംബത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് ധാരണയുള്ളതിനാല്‍ ആത്മഹത്യയെക്കുറിച്ച് ആനന്ദ് ചിന്തിക്കുമെന്നു വിശ്വസിക്കുന്നില്ലെന്നും സഹോദരന്‍ അരവിന്ദ് പറയുന്നു. ആനന്ദ് തൂങ്ങി മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് കൈഞെരമ്പ് മുറിച്ചും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. 16-ാം തിയതി രണ്ട് കൈകളിലും മുറിവുണ്ടാക്കി ആനന്ദ് ജീവനൊടുക്കാന്‍ ശ്രമിക്കുക ആയിരുന്നു. വിവരമറിഞ്ഞ് കുടുംബം ആനന്ദിനെ കാണാന്‍ ക്യാംപിലെത്തി. എന്നാല്‍ സ്വകാര്യ സംഭാണത്തിന് അനുവദിച്ചില്ല.

കൈകളിലെ മുറിവ് കാണിക്കാതെ ഫുള്‍കൈ ഷര്‍ട്ടിട്ടാണ് അന്ന് ആനന്ദ് സംസാരിച്ചത്. ചെറിയ മുറിവ് മാത്രമേയുള്ളൂവെന്നാണ് പറഞ്ഞത്. എന്നാല്‍ തങ്ങളോട് ആനന്ദിന്റെ കൈകളില്‍ അഞ്ച് തുന്നിക്കെട്ടുണ്ടെന്ന് ബറ്റാലിയന്‍ ഡിഐജി പറഞ്ഞതായി അമ്മ ചന്ദ്രിക അശോകന്‍ വെളിപ്പെടുത്തി. തുന്നിക്കെട്ടിനെ സംബന്ധിച്ച് ഫോണിലൂടെ ആനന്ദിനോട് ചോദിച്ചെങ്കിലും ഉത്തരം പറയാതെ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. ഉദ്യോഗസ്ഥരെ പേടിച്ചിട്ടാണോ ഒന്നും പറയാതിരുന്നതെന്ന് സംശയിക്കുന്നതായും അരവിന്ദ് പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് ആനന്ദിനെ ബാരക്കിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ക്യാംപ് അധികൃതര്‍ നല്‍കിയ വിവരങ്ങളിലും സംശയമുണ്ടെന്നാണ് കുടുംബത്തിന്റെ പക്ഷം. ആത്മഹത്യയ്ക്കു ശ്രമിച്ച ഒരാളെ അതേ സ്ഥലത്ത് തുടരാന്‍ അനുവദിച്ചതിനുപിന്നില്‍ ദുരൂഹതയുണ്ട്.

ക്യാംപില്‍ തന്നെ തുടര്‍ന്നോളാമെന്ന് ആനന്ദ് അറിയിച്ചതായി എസ്എപിയിലെ പൊലീസ് കുടുംബത്തോടു പറഞ്ഞിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ആനന്ദിനു ക്യാംപ് അധികൃതരുടെ ഭീഷണി ഉണ്ടായിരുന്നോയെന്ന് അന്വേഷിക്കണമെന്നാണു കുടുംബത്തിന്റെ ആവശ്യം.