ബെംഗളൂരു: വിവാഹ വാദ്ഗാനം നല്‍കി യുവതിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ മലയാളി ക്രിക്കറ്റ് പരിശീലകന്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍. ഗോട്ടിഗരെയിലെ സ്വകാര്യ സ്‌കൂളിലെ കായിക പരിശീലകനും ക്രിക്കറ്റ് കോച്ചുമായ അഭയ് വി മാത്യുവാണ് അറസ്റ്റിലായത്. ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ പത്തു വയസ്സുകാരിയുടെ അമ്മയും വിവാഹ മോചിതയുമായ യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പൊലീസ് കേസെടുത്തതിന് പിന്നാലെ അഭയ് ബെംഗളൂരുവിലെത്തി കീഴടങ്ങുകയായിരുന്നു.

പത്തുവയസുകാരിയായ മകള്‍ക്ക് ക്രിക്കറ്റ് കോച്ചിംഗ് നല്‍കാനെത്തി അടുപ്പം സ്ഥാപിച്ചെന്നും ഗര്‍ഭിണിയായപ്പോള്‍ ഉപേക്ഷിച്ച് മുങ്ങിയെന്നുമാണ് യുവതി നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്. കൂടാതെ ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ ചിത്രങ്ങള്‍ ഇയാളുടെ പക്കലുണ്ടെന്നും പരാതിയില്‍ പറയുന്നു. യുവതി പരാതി നല്‍കിയ സമയം നാട്ടിലായിരുന്ന മാത്യു പൊലീസ് കേസെടുത്തതിന് പിന്നാലെ തിരിച്ചെത്തി കീഴടങ്ങുകയായിരുന്നു. മാത്യുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

പത്ത് വയസുകാരിക്ക് ബാറ്റ് വാങ്ങാന്‍ 2000 രൂപ നല്‍കി സഹായിച്ചാണ് അഭയ് ബന്ധം സ്ഥാപിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഭര്‍ത്താവുമായുള്ള അകല്‍ച്ച അറിഞ്ഞ് വിവാഹമോചനത്തിന് സഹായിക്കുകയും പിന്നീട് വാടകവീട് തരപ്പെടുത്തി നല്‍കുകയും ചെയ്തു. വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത അഭയ്ക്ക് ഒപ്പമായിരുന്നു രണ്ട് വര്‍ഷത്തോളമായി യുവതി കഴിഞ്ഞിരുന്നത്. ഇതിനിടെ ഗര്‍ഭിണി ആയെന്നും വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തി കടന്നുകളയുക ആയിരുന്നു എന്നുമാണ് യുവതിയുടെ പരാതി.

യുവതി പരാതി നല്‍കിയതിനുപിന്നാലെ സാമൂഹിക മാധ്യമങ്ങള്‍ വഴി അഭയ് വിശദീകരണവുമായി എത്തി. താന്‍ മുങ്ങിയതല്ല എന്നും സ്ഥല തര്‍ക്കവുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് പോയതാണ് എന്നുമായിരുന്നു മാത്യുവിന്റെ വിശദീകരണം. ഇതിനു പിന്നാലെയാണ് മാത്യു പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. നേരത്തെ പറഞ്ഞ കാര്യങ്ങള്‍ ഇന്നും ആവര്‍ത്തിച്ച മാത്യു യുവതി പറയുന്ന വിഡിയോ ദൃശ്യങ്ങള്‍ ഏതാണെന്ന് അറിയില്ലെന്ന് വ്യക്തമാക്കി.