കോട്ടയം: കോട്ടയം വൈക്കം തോട്ടുവക്കത്തിന് സമീപം കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഡോ.അമല്‍ സൂരജ് (33) മരിച്ചത് ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതിനാല്‍ ആണെന്ന് പ്രാഥമിക നിഗമനം. അമല്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ആയിരുന്നു അമല്‍ സൂരജ്. ഇന്നലെ കൊട്ടാരക്കരയില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്ന വഴിയില്‍ ആണ് അപകടം ഉണ്ടായത്. സുഹൃത്തിനെ കാണാനായി കൊട്ടാരക്കരയില്‍നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു. കാറില്‍ മറ്റാരും ഉണ്ടായിരുന്നില്ല.

രാത്രിയാണ് കാര്‍ തോട്ടുവക്കം കനാലിലേക്കു മറിഞ്ഞത്. റോഡിനു വശത്തായുള്ള മരക്കുറ്റികള്‍ ഇടിച്ചുതെറിപ്പിച്ചാണ് കാര്‍ കനാലിലേക്ക് വീണത്. ഈ സമയം ഇതാരുടേയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. തോടിന്റെ ഒരു ഭാഗത്ത് വീടുകളുണ്ടെങ്കിലും റോഡില്‍നിന്ന് അല്‍പം മാറിയാണ്. തോടിനു മറുവശത്ത് വീടുകളില്ല. പുലര്‍ച്ചെ നടക്കാന്‍ പോയവരാണ് കാര്‍ കനാലില്‍ ഒഴുകി നടക്കുന്നത് ആദ്യം കാണുന്നത്. തുടര്‍ന്ന് പൊലീസിനെയും ഫയര്‍ ഫോഴ്സിനെയും വിവരം അറിയിച്ചു.

ഫയര്‍ഫോഴ്‌സ് നടത്തിയ തിരച്ചിലാണ് കാറിനുള്ളില്‍ അമല്‍ സൂരജിന്റെ മൃതദേഹം കണ്ടത്. കാറിന്റെ ഡോര്‍ തുറക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. അമല്‍ ഉറങ്ങിപ്പോയതാണ് വാഹനത്തിന്റെ നിയന്ത്രണം വിടാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടമുണ്ടായ സ്ഥലത്ത് റോഡിന് കൈവരിയും വെളിച്ചവും ഉണ്ടായിരുന്നില്ല. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവകളും പൊലീസ് പരിശോധിക്കുകയാണ്.

കരിയാറും വേമ്പനാട്ട് കായലും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന കനാലാണിത്. ദിവസങ്ങള്‍ക്കു മുന്‍പാണ് കനാല്‍ ജെസിബി ഉപയോഗിച്ച് ആഴം കൂട്ടിയത്. വൈക്കം ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് കാര്‍ കനാലില്‍ നിന്നും ഉയര്‍ത്തി. അമലിന്റെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

കൊല്ലം അസീസിയ മെഡിക്കല്‍ കോളജിലാണ് സൂരജ് പിജി ചെയ്തത്. ജില്ലയിലെ വിവിധ ആശുപത്രികളില്‍ രോഗികളെ ചികിത്സിക്കുന്നുണ്ട്. രണ്ടു ദിവസം മുന്‍പാണ് പാലക്കാട്ടെ വീട്ടില്‍ പോയി വന്നത്. എറണാകുളത്തേക്ക് പോകുന്നതായി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.