ഈറോഡ്: മഴയില്‍ മുളച്ചുപൊന്തിയ കൂണുകള്‍ ശേഖരിക്കാന്‍ വാഴത്തോട്ടത്തില്‍ എത്തിയ കര്‍ഷകര്‍ ആ കാഴ്ച കണ്ട് ഞെട്ടി. രക്തം പുരണ്ട കത്തിയും മണ്ണില്‍ നിന്ന് പുറത്തേക്ക് നീണ്ടുകിടന്ന മുടിയിഴകളും. അക്ഷരാര്‍ഥത്തില്‍ ഞെട്ടിയ നാട്ടുകാര്‍ ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു. മൂന്നടി താഴ്ചയില്‍ മണ്ണുമാന്തിയപ്പോള്‍ കണ്ടത് മുപ്പതിനു മുകളില്‍ പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം. അന്വേഷണത്തില്‍ ഗോപിചെട്ടിപാളയത്തിനടുത്ത് ബ്യൂട്ടീഷ്യനായി ജോലി ചെയ്തുവന്ന 37കാരിയായ അപ്പക്കുടല്‍ സ്വദേശി ആര്‍.സോണിയയുടെ മൃതദേഹമെന്ന് തിരിച്ചറിഞ്ഞു.

ജോലിക്കുപോയ സോണിയയെ വ്യാഴാഴ്ച മുതല്‍ കാണാനില്ലെന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. സോണിയയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കഴുത്തിലും മുറിവുണ്ടെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. മുഖത്തും താടിയെല്ലിലും ഒന്നിലധികം മുറിവുകളുമുണ്ടായിരുന്നു. പിന്നാലെ പൊലീസ് കൊലപാതകിക്കായി അന്വേഷണം ശക്തമാക്കി. സോണിയയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും മൃതദേഹം കണ്ടെത്തിയ തോട്ടത്തിന്റെ ഉടമയും ബി.കോം ബിരുദധാരിയുമായ മോഹന്‍ കുമാറിനെ (27) കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പിന്നാലെയാണ് അരുംകൊല നടത്തിയ പ്രതി ആരെന്ന് പുറംലോകം അറിഞ്ഞത്. ഒപ്പം മോഹന്‍കുമാറും സോണിയയും തമ്മിലുള്ള ബന്ധവും.

ദിവസങ്ങള്‍ക്ക് മുമ്പ് സോണിയയെ കാണാനില്ലായിരുന്നു. ജോലി സ്ഥലത്ത് നിന്ന് വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. രണ്ടുവര്‍ഷം മുന്‍പാണ് സോണിയയുടെ ഭര്‍ത്താവ് മരിക്കുന്നത്. ശേഷം രണ്ടുമക്കള്‍ക്കും അമ്മയ്ക്കുമൊപ്പമായിരുന്നു സോണിയയുടെ താമസം. ഗോപിചെട്ടിപാളയത്തിനടുത്തുള്ള വസ്ത്രനിര്‍മാണശാലയില്‍ ജോലി ചെയ്യുമ്പോഴാണ് സോണിയയും മോഹന്‍ കുമാറും ആദ്യമായി കണ്ടുമുട്ടിയത്. ക്രമേണ, അവര്‍ തമ്മിലുള്ള ബന്ധം വളര്‍ന്നു. ഇരുവരും മോഹന്‍ കുമാറിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തില്‍ പതിവായി കണ്ടുമുട്ടുകയും ചെയ്തു. എന്നാല്‍ അടുത്തിടെ മോഹന്‍കുമാറിനോട് തന്നെ വിവാഹം കഴിക്കണെന്ന് സോണിയ തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

കുറ്റകൃത്യം നടന്ന ദിവസം കൃഷിയിടത്തിലെത്തിയ മോഹന്‍ കുമാര്‍ ഒരു കുഴിയെടുത്തിരുന്നു. ശേഷം രാത്രി എട്ട് മണിയോടെ സോണിയയെ വിളിച്ചുവരുത്തി. ഒരുമിച്ച് സമയം ചെലവഴിച്ച ശേഷം സോണിയയെ കല്ലുകൊണ്ട് ആക്രമിച്ച പ്രതി ചെറിയ കത്തി ഉപയോഗിച്ച് കഴുത്തില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ഭവാനി കനാലിന് സമീപം എടുത്ത കുഴിയില്‍ കുഴിച്ചിട്ടു.സോണിയയുടെ ഫോണും വസ്ത്രങ്ങളും ഉപേക്ഷിക്കുകയും ചെയ്തു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ മോഹന്‍ കുമാര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റുചെയ്തു. മോഹന്‍കുമാറിപ്പോള്‍ റിമാന്‍ഡിലാണ്.

വിവാഹ അഭ്യര്‍ത്ഥന പ്രകോപനമായി

പൊലീസ് അന്വേഷണത്തില്‍, കൊല്ലപ്പെട്ട സോണിയയും പ്രതിയായ മോഹന്‍ കുമാറും തമ്മിലുള്ള കോള്‍ രേഖകള്‍ പൊലീസിന് ലഭിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ ഇരുവരും പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ യുവതി നിരന്തരം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിന് പ്രകോപനമായതെന്നുമാണ് പ്രതി മൊഴി നല്‍കിയത്.

ഗോബിചെട്ടിപ്പാളയത്തിനടുത്ത് ഒരു വസ്ത്ര നിര്‍മ്മാണശാലയില്‍ ജോലി ചെയ്യുമ്പോളാണ് സോണിയയും മോഹന്‍ കുമാറും രണ്ട് വര്‍ഷം മുമ്പ് പരിചയത്തിലായത്. പിന്നീട് ഇവര്‍ പ്രണയത്തിലാവുകയും മോഹന്‍ കുമാറിന്റെ കൃഷിയിടത്തില്‍ വെച്ച് സ്ഥിരമായി കാണാറുമുണ്ടായിരുന്നു. കുറ്റകൃത്യം നടന്ന ദിവസം മോഹന്‍ കുമാര്‍ തോട്ടത്തില്‍ ഒരു കുഴി കുഴിക്കുകയും രാത്രി എട്ട് മണിയോടെ സോണിയയെ അവിടേക്ക് വിളിച്ചുവരുത്തുകയും ചെയ്തു.

ഒരുമിച്ച് സമയം ചെലവഴിച്ച ശേഷം, മോഹന്‍ കുമാര്‍ ഒരു കല്ല് ഉപയോഗിച്ച് ആക്രമിക്കുകയും തുടര്‍ന്ന് കഴുത്തില്‍ ചെറിയ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിന് ശേഷം മൃതദേഹം കുഴിച്ചിട്ട ഇയാള്‍ സോണിയയുടെ ഫോണും വസ്ത്രങ്ങളും ഭവാനി കനാലിന് സമീപം ഉപേക്ഷിച്ചു.

കൂടാതെ, അടുത്ത ദിവസം രാവിലെ ഇയാള്‍ സംഭവസ്ഥലത്ത് തിരികെയെത്തുകയും പോലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ ഒന്നും അറിയാത്ത മട്ടില്‍ അഭിനയിക്കുകയും ചെയ്തതായും പറയപ്പെടുന്നു. സിരുവലൂര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍, റവന്യൂ ഉദ്യോഗസ്ഥര്‍, പെരുന്തുറൈ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ സംഘം എന്നിവര്‍ ചേര്‍ന്ന് സ്ഥല പരിശോധനയും പോസ്റ്റ്മോര്‍ട്ടവും നടത്തി.